
കോഴിക്കോട്: ‘ഗൈഡിംഗ് ലൈവ്സ്, ഗ്രോയിംഗ് നേഷൻ’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് ഇന്ത്യ ദേശീയവ്യാപകമായി സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ക്യാമ്പയിനിൽ മർകസ് സാരഥികളും സ്റ്റാഫ് അംഗങ്ങളും പങ്കാളികളായി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിഹിതം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ ഗ്രാമങ്ങളിൽ സുന്നി സംഘടനകൾ ഉണ്ടാക്കിയ മുന്നേറ്റം മഹത്തരമാണെന്നും അതിന് തുടർച്ച ഉണ്ടാവാൻ എല്ലാവരും ക്യാമ്പയിന്റെ ഭാഗമാവണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസി, എസ് എസ് എഫ് ദേശീയ പ്രസിഡന്റും മർകസ് ഡയറക്ടറുമായ സി പി ഉബൈദുല്ല സഖാഫി സെൻട്രൽ ക്യാമ്പസിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർ പദ്ധതിയുടെ ഭാഗമായി. ഇന്ത്യയിലെ മുഴുവൻ ഗ്രാമങ്ങളിലും വിദ്യഭ്യാസ-അരോഗ്യ അവബോധം സൃഷ്ടിക്കുക, പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും വീണു കിടക്കുന്നവർക്ക് കൈതാങ്ങാവാനു ശ്രമങ്ങൾ നടത്തുക, തിരഞ്ഞെടുത്ത 5000 ഗ്രാമങ്ങളിൽ തുടങ്ങി വെച്ച സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന ക്യാമ്പയിന് ഇതിനകം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള മർകസ് സ്ഥാപനങ്ങളും ജീവനക്കാരും വരും ദിവസങ്ങളിൽ ക്യാമ്പയിനിൽ പങ്കാളികളാകും.
