പരിശീലന പറക്കലിനിടെ അപകടത്തില്‍ പെട്ട് കാനഡയിൽ മരണപ്പെട്ട ട്രെയിനി പൈലറ്റ് ശ്രീഹരി സുകേഷിന്റെ മൃതദേഹവും കാത്ത് കുടുംബം

കാനഡയിൽ വാണിജ്യ പൈലറ്റാകാനുള്ള പരിശീലന പറക്കലിനിടെ അപകടത്തില്‍ പെട്ട് മരണപ്പെട്ട തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം നാട്ടിലെത്തുന്നതും കാത്ത് മാതാപിതാക്കള്‍. കാനഡയില്‍ ചെലവഴിച്ച ഒന്നര വർഷത്തിനിടയിൽ, ശ്രീഹരി എല്ലാ ദിവസവും മുടങ്ങാതെ മാതാപിതാക്കളുമായി ബന്ധപ്പെടാറുണ്ടായിരുന്നു എന്ന് അവര്‍ പറഞ്ഞു.

പൊതുമേഖലാ ബാങ്കിലെ മാനേജരായ കെ. സുകേഷും ഐടി പ്രൊഫഷണലായ ദീപ ചന്ദ്രനും, എല്ലാ വൈകുന്നേരവും കൃത്യമായി വരുന്ന വീഡിയോ കോളിലാണ് മകനുമായി സം‌വദിച്ചിരുന്നത്. ചിലപ്പോൾ ഒന്നര മണിക്കൂർ അല്ലെങ്കിൽ രണ്ട് മണിക്കൂർ വരെ നീണ്ടുനിൽക്കും. അതുകൊണ്ടാണ് ജൂലൈ 8 ന് വൈകുന്നേരം ഒരു കോളും വരാതിരുന്നപ്പോള്‍ അവർ അവനെ തിരികെ വിളിച്ചത്. പക്ഷേ അവർക്ക് അവനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

“പിന്നീട്, ശ്രീഹരിയുടെ മരണവാർത്ത അറിയിക്കാൻ ഫ്ലൈയിംഗ് സ്കൂളിലെ ഒരു ഇൻസ്ട്രക്ടർ വിളിച്ചു. പറന്നുയര്‍ന്ന രണ്ട് വിമാനങ്ങൾ സമാന്തര പാതകളിലൂടെ വരുമ്പോൾ ഒന്ന് താഴെയുള്ള വിമാനത്തിന്റെ ഇന്ധന ടാങ്കിൽ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും ഞങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ പക്കലില്ല,” ശ്രീഹരിയുടെ ബന്ധുവായ ദീപേഷ് ചന്ദ്രൻ പറഞ്ഞു.

ജൂലൈ 8 ന് കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് അപകടം നടന്നതെന്ന് പിന്നീട് വ്യക്തമായി. കാനഡയിൽ നിന്നുള്ള 20 വയസ്സുള്ള മെയ് റോയ്‌സ് ആയിരുന്നു മറ്റൊരാൾ. ശ്രീഹരി അവസാനമായി നാട്ടിലേക്ക് വന്നത് 2024 നവംബറിൽ ആയിരുന്നു, 2025 ഫെബ്രുവരി ആദ്യ വാരത്തിലാണ് തിരിച്ചു പോയത്. വാണിജ്യ പൈലറ്റായി യോഗ്യത നേടുന്നതിന് ആവശ്യമായ നിർബന്ധിത പറക്കൽ സമയം പൂർത്തിയാക്കുന്നതിന്റെ വക്കിലായിരുന്നു ശ്രീഹരി. പൈലറ്റ് ആകണമെന്നായിരുന്നു ശ്രീഹരിയുടെ സ്വപ്നം.

ശ്രീഹരി കൊല്ലപ്പെട്ടവരിൽ ഒരാളാണെന്ന് സ്ഥിരീകരിക്കാൻ ബുധനാഴ്ച കനേഡിയൻ അധികൃതർ കുടുംബവുമായി ബന്ധപ്പെട്ടു. വ്യാഴാഴ്ച മൃതദേഹം ഒരു ഫ്യൂണറൽ ഹോമിലേക്ക് മാറ്റുമെന്നും അവരെ അറിയിച്ചു.

“അതിനുശേഷം, മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി ഞങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും കാനഡയിലെ ഇന്ത്യൻ എംബസിയെയും അംബാസഡറെയും വിദേശകാര്യ മന്ത്രാലയത്തെയും (എംഇഎ) ബന്ധപ്പെട്ടു,” ചന്ദ്രൻ പറഞ്ഞു. ശവസംസ്കാരം തൃപ്പൂണിത്തുറയിൽ നടക്കും.

അതേസമയം, ശ്രീഹരിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എംപി ഹൈബി ഈഡൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി.

Leave a Comment

More News