പാലക്കാട്: പുതുപ്പെരിയാരം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മുല്ലക്കര ഉന്നതിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആദിവാസി കുടുംബങ്ങൾ വലിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ സമഗ്രമായ പദ്ധതി ആവിഷ്കരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ ആവിശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു പാർട്ടി പ്രതിനിധികൾ .
ഇവിടെയുള്ള വീടുകളിൽ മൂന്നുവർഷമായി വൈദ്യുതിയില്ല. സ്കൂൾ വിദ്യാർത്ഥികൾ അടക്കം താമസിക്കുന്ന ഈ പ്രദേശത്ത് മൂന്നുവർഷമായി വൈദ്യുതിയില്ലതെയാണ് കുടുംബങ്ങൾ താമസിക്കുന്നത്. വൈദ്യുതി കുടിശ്ശികയെ തുടർന്നാണ്
കെ.എസ്. ഇ.ബി ആദിവാസി ഉന്നതിയിലെ വൈദ്യുതി കളക്ഷൻ പൂർണ്ണമായും വിച്ഛേദിച്ചത്.
സാങ്കേതിക കാരണങ്ങളാൽ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഒരു പ്രദേശത്ത് മൂന്നുവർഷമായി വൈദ്യുതിയില്ല എന്നത് കൊട്ടി ആഘോഷിക്കുന്ന കേരള വികസനത്തിന്റെ പൊള്ളത്തരത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
ഇവിടെയുള്ള ആദിവാസി കുടുംബങ്ങൾ ചെറിയ കുടിലുകളിൽ ആണ് താമസിക്കുന്നത്. ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച നൽകാൻ അടക്കം ധാരാളം ഫണ്ടുകൾ മാറ്റിവെക്കപ്പെട്ടിട്ടും ജില്ലാ ആസ്ഥാനത്തിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ആദിവാസി കുടുംബങ്ങൾ കുടിലുകളിൽ കഴിയേണ്ടി വരുന്നത് സർക്കാരിൻറെ അനാസ്ഥയാണ്.
മുല്ലക്കര ആദിവാസി ഉന്നതിയുടെ സമഗ്ര വികസനത്തിന് സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നും അതല്ലെങ്കിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സർക്കാരിന് മുന്നറിയിപ്പ് നൽകി.
ജില്ലാ വൈസ് പ്രസിഡൻറ് റിയാസ് ഖാലിദ്, സെക്രട്ടറിമാരായ ശാക്കിർ പുലാപ്പറ്റ, ബാബു തരൂർ, ശരീഫ് പള്ളത്ത്, മണ്ഡലം സെക്രട്ടറി ഹുസൈൻ റെയിൽവേ കോളനി, യൂണിറ്റ് പ്രസിഡണ്ട് നൂറുമുഹമ്മദ്, ഉസ്മാൻ പുതുപ്പെരിയാരം എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
