കറാച്ചി: പാക്കിസ്താനിലെ കറാച്ചി നഗരത്തിൽ ഹിന്ദു ഇതിഹാസമായ ‘രാമായണം’ അരങ്ങിലെത്തുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമായി മാറി. 2025 ജൂലൈ 11 മുതൽ 13 വരെ കറാച്ചി ആർട്സ് കൗൺസിലിൽ ‘മൗജ്’ എന്ന നാടക സംഘമാണ് രാമായണം നാടകം അവതരിപ്പിച്ചത്. യോഹേശ്വർ കരേര സംവിധാനം ചെയ്ത ഈ നാടകം ആധുനിക സാങ്കേതിക വിദ്യയുടെയും പരമ്പരാഗത കഥയുടെയും മിശ്രിതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
ആധുനിക സാങ്കേതികവിദ്യയുടെയും പരമ്പരാഗത കഥപറച്ചിലിന്റെയും മിശ്രിതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ നാടകം, AI ഉപയോഗിച്ച് രംഗങ്ങൾ വേദിയിൽ ജീവസുറ്റതാക്കി എന്നതാണ് പ്രത്യേകത. തന്നെയുമല്ല, ഇത് അവതരണത്തെ കൂടുതൽ ആകർഷകമാക്കുകയും ചെയ്തു.
‘രാമായണ’ത്തിന്റെ ഈ അവതരണം ആദ്യമായി 2024 നവംബറിൽ കറാച്ചിയിലെ ദി സെക്കൻഡ് ഫ്ലോറിലാണ് പ്രദർശിപ്പിച്ചത്. അവിടെ അത് വളരെയധികം പ്രശംസിക്കപ്പെട്ടു. ഇപ്പോൾ അത് കറാച്ചി ആർട്സ് കൗൺസിലിൽ കൂടുതൽ ഗംഭീരമായ രൂപത്തിൽ അവതരിപ്പിച്ചു. റാണ കാസ്മിയാണ് സീതയായി വേഷമിട്ടത്, അഷ്മൽ ലാൽവാനി രാമനായി വേഷമിട്ടു, സംഹാൻ ഗാസി രാവണനായി വേഷമിട്ടു. മറ്റ് അഭിനേതാക്കളിൽ ആമിർ അലി (ദശരഥന്‍), വഖാസ് അക്തർ (ലക്ഷ്മണന്‍), ജിബ്രാൻ ഖാൻ (ഹനുമാൻ), സന തോഹ (കൈകേയി) എന്നിവരും ഉൾപ്പെടുന്നു. AI യുടെ സഹായത്തോടെ, വനത്തിന്റെയും കൊട്ടാരത്തിന്റെയും യുദ്ധത്തിന്റെയും രംഗങ്ങൾ ജീവസുറ്റതാക്കിയത് പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരുന്നു.
“എനിക്ക്, രാമായണം അരങ്ങിലെത്തുന്നത് ഒരു ദൃശ്യാഘോഷമാണ്. അത് അവതരിപ്പിക്കുന്നത് ഒരു വിവാദം സൃഷ്ടിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പാക്കിസ്താന്‍ സമൂഹം ഇതിനേക്കാൾ വളരെ സഹിഷ്ണുതയുള്ളതാണ്” എന്ന് സംവിധായകൻ യോഹേശ്വര്‍ കരേര പറഞ്ഞു. നാടകത്തോടുള്ള നല്ല പ്രതികരണത്തിലൂടെ അദ്ദേഹത്തിന്റെ വാക്കുകൾ ശരിയാണെന്ന് തെളിഞ്ഞു. കഥയുടെ ആധികാരികത, വർണ്ണാഭമായ വസ്ത്രങ്ങൾ, ചടുലമായ സംഗീതം, വേദി അലങ്കാരങ്ങൾ എന്നിവയെ കലാ നിരൂപകൻ ഒമൈർ ആൽവി പ്രശംസിച്ചു.
“ഈ പുരാതന കഥ ആധുനിക പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു’ ഈ നാടകം കലയുടെ ആഘോഷം മാത്രമല്ല, കലയും സംസ്കാരവും അതിരുകൾക്കപ്പുറമാണെന്ന് കാണിക്കുന്നു. സാംസ്കാരിക ഐക്യത്തിന്റെ സന്ദേശം നൽകുന്ന ഈ അതുല്യമായ ശ്രമത്തെ പ്രേക്ഷകർ അഭിനന്ദിച്ചു,” സീതയായി അഭിനയിച്ച നിർമ്മാതാവ് കൂടിയായ റാണ കാസ്മി പറഞ്ഞു.
