വിദ്യാർത്ഥികളെ അദ്ധ്യാപകർ ശിക്ഷിക്കാമോ? (നിയമ ലേഖനം): അഡ്വ. സലീൽ കുമാർ പി

(കേരള ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിയമപരമായ വിശകലനം)

അദ്ധ്യാപകർക്ക് തങ്ങളുടെ വിദ്യാർത്ഥികളെ ശിക്ഷിക്കാനുള്ള നിയമപരമായ അധികാരമുണ്ടോ? അതോ, അത് ഒരു ക്രിമിനൽ കുറ്റമാണോ ? ഇന്ന് വിദ്യാഭ്യാസ രംഗത്തെ ഒരു ചൂടേറിയ ചർച്ചയാണിത്.

കേരളത്തിലെ അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുടെ ഭാവി ശാശ്വതമാക്കാനായി മിതമായ ശിക്ഷകൾ നൽകാനുള്ള അവകാശമുണ്ടെന്ന്  2024-25 കാലയളവിൽ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവർ ഈ വിഷയത്തിൽ അദ്ധ്യാപകരെ നിയമപരമായി പരിരക്ഷിക്കുന്നതോടൊപ്പം അവർക്കുള്ള നിയന്ത്രണചട്ടക്കൂടുകളും വ്യക്തമാക്കുന്നു.

I. മാന്യമായ ശാസനയ്ക്ക് നിയമ അംഗീകാരം :

ഈ വിഷയത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ 2024 ലെ വിധികൾ ഇവ വ്യക്തമായി വരച്ച് കാട്ടുന്നുണ്ട്. ജസ്റ്റിസ് എ. ബദറുദ്ദീൻ 2024-ൽ പരമ്പരയായി നൽകിയ നിരവധി വിധികളിൽ, അദ്ധ്യാപകരാൽ വിദ്യാർത്ഥികളുടെ നന്മ ലാക്കാക്കി, എന്നാൽ ദുരുദ്ദേശപരമോ അമിതമോ അല്ലാത്ത ശിക്ഷാ നടപടികളും ശാസനകളും കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു :

a) ജോമി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജൂലൈ 3–4, 2024)
ഈ കേസിൽ, പരീക്ഷയിൽ മാർക്ക് കുറച്ച് ലഭിച്ച 13 വയസ്സുള്ള ഒരു വിദ്യാർത്ഥിയെ ഹെഡ്മാസ്റ്റർ കൈകൊണ്ട് അടിച്ചതിനെ തുടർന്ന്, അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 324 പ്രകാരം മാരകമല്ലാതെ അടിച്ചതിനും ജെജെ ആക്റ്റ് വകുപ്പ് 82 പ്രകാരവും വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് കേസ് എടുക്കുകയുണ്ടായി. എന്നാൽ, ഈ കേസിൽ അദ്ധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, കോടതി താഴെ പറയും പ്രകാരം വിധി പ്രസ്താവിച്ചു :

അദ്ധ്യാപകൻ വിദ്യാർത്ഥിയെ ശിക്ഷിക്കുമ്പോൾ, അദ്ധ്യാപകന്റെ ഉദ്ദേശ്യം വിദ്യാർത്ഥിയുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കും ശാശ്വതമായ ഭാവിക്ക് വേണ്ടിയുള്ളതും ആയിരുന്നു എന്നും, അതിൽ അദ്ധ്യാപകന് ഒരു പ്രതികാര ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നില്ല എന്നും അതിനാൽ മേൽപറഞ്ഞ രണ്ട് വകുപ്പുകൾ പ്രകാരമുള്ള ക്രിമിനൽ കുറ്റങ്ങളും നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കി കുറ്റപത്രം റദ്ദ് ചെയ്തു

അതിന് കാരണമായി കോടതി നിരീക്ഷിച്ച കാര്യങ്ങൾ, ഇതിൽ വിദ്യാർത്ഥിക്ക് ഗുരുതരമായ പരിക്ക് ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ്. മാത്രവുമല്ല, സ്കൂളുകൾ “ശിശുക്ഷേമ സ്ഥാപനങ്ങൾ” ആയി കണക്കാക്കാൻ കഴിയില്ല എന്നും അതുകൊണ്ട് തന്നെ ജെ. ജെ. ആക്ടിലെ വകുപ്പ് 82 ഇവിടെ നിലനിൽക്കില്ല എന്നും കണ്ടെത്തി.

ഈ വിധിയിലൂടെ കോടതി വ്യക്തമായി സ്ഥാപിച്ചത് എന്തെന്നാൽ അദ്ധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുമ്പോൾ, ബോധപൂർവമല്ലാത്ത, ദുരുദേശപരമല്ലാത്ത, സാധാരണ ശാസനകളോ ശിക്ഷാ നടപടികളോ ഗുരുതര പരിക്കില്ലെങ്കിൽ, കുറ്റ കൃത്യമായി കാണേണ്ടതില്ല എന്നാണ്.

b) നവംബർ 11, 2024 — സമാന സ്വഭാവമുള്ള മറ്റൊരു കേസിലും ജസ്റ്റിസ് ബദറുദ്ധീൻ സമാന വിധി പുറപ്പെടുവിക്കുകയുണ്ടായി. ഈ കേസിൽ, ഒരു 7-ാം ക്ലാസുകാരൻ അദ്ധ്യാപകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടർന്ന്, അദ്ധ്യാപകൻ വിദ്യാർത്ഥിയെ ഒരു വടി കൊണ്ട് അടിക്കുകയും ചെവി പിടിച്ച് വലിക്കുകയും ചെയ്തു.

ഇവിടെയും വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് അദ്ധ്യാപകനെതിരെ ക്രിമിനൽ കേസ് എടുത്തു. എന്നാൽ, ഇവിടെയും കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടത്, ഗുരുതര പരിക്ക് ഇല്ലാത്ത ചെറിയ ശാസനയോ ശിക്ഷാ നടപടിയോ ക്രിമിനൽ കുറ്റമല്ല എന്നും അതിനാൽ പോലീസ് ചാർജ് ചെയ്ത കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ഇവിടെ അദ്ധ്യാപകൻ്റെ നടപടി അതിക്രമമല്ല, മറിച്ച് വിദ്യാർത്ഥിയുടെ അധിക്ഷേപത്തിൻ്റെ പ്രതികരണമാണ് എന്നും കോടതി വ്യക്തമാക്കി.

c) ജൂലൈ 5, 2024 ന് മറ്റൊരു കേസിലും ജസ്റ്റിസ് ബദറുദ്ദീൻ വിദ്യാർത്ഥികളുടെ പരാതിയിൽ ഉണ്ടായ മറ്റൊരു പോലീസ് കേസിലും അദ്ധ്യാപകർക്ക് അനുകുല നിലപാട് സ്വീകരിച്ചു. എന്നാൽ, അദ്ധ്യാപകർ ശിക്ഷാ നടപടികളിൽ മിതത്വം പാലിക്കണം എന്ന് പ്രത്യേകം ഓർമ്മിപ്പിച്ചു. ഇവിടെ കോടതി പറഞ്ഞത്, അദ്ധ്യാപകർ കുട്ടികളെ നന്മക്കായുള്ള ഉദ്ദേശത്തോടു കൂടി ശാസന നൽകുമ്പോൾ അതിന്റെ മാന്യതയും പരിധിയും പാലിക്കണമെന്നു കോടതി വ്യക്തമാക്കി.

ഉയർന്ന ആക്രോശത്തിലല്ലാത്ത ശാസന, ആരോഗ്യപരമായ കഷ്ടതയോ ഭൗതികമായ പരുക്കോ ഉണ്ടാക്കാത്തതോ ആയ ശിക്ഷകൾ ക്രിമിനൽ കുറ്റമല്ലെന്ന് ഈ വിധികളിലൂടെ കോടതി വിധി പ്രസ്താവിച്ചു.

II. അദ്ധ്യാപക ജോലിയുടെ ശ്രേഷ്ഠതക്കും ന്യായപരമായ അദ്ധ്യാപനത്തിനും കാവലായി , ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനും 2025 ൽ അദ്ധ്യാപകർക്ക് അനുകുല ഉത്തരവുകൾ പുറപ്പെടുവിക്കുക ഉണ്ടായി.

2025 മാർച്ച് 10–15 കാലഘട്ടത്തിൽ നൽകിയ വ്യക്തമായ ഉത്തരവുകൾ വഴി, കുട്ടികളുടെ പരാതിയിൽ പോലീസ് എടുത്ത കേസിൽ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുന്നതിന്റെ നിയമ സാധുതക്കെതിരെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ശക്തമായ നിലപാട് എടുത്തു.

വിദ്യാർത്ഥികളുടെ പരാതിയിൽ പോലീസ് അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒരു പ്രാഥമിക അന്വേഷണമുണ്ടാകണം എന്ന ഒരു ശക്തമായ നിർദ്ദേശമാണ് ജസ്റ്റിസ് പി.വി. കുഞ്ഞുകൃഷ്ണൻ മുന്നോട്ട് വച്ചത്.

അദ്ധ്യാപകർ കുറ്റവാളികളെന്ന് കണക്കാക്കുന്നതിന് മുമ്പ്, അവർ അദ്ധ്യാപന പരിധിക്കുള്ളിലാണെന്ന് കാണിച്ചിരിക്കണം.

അദ്ധ്യാപകർ വടി കൈവശം വെക്കുന്നത് അതിക്രമത്തിനല്ല, മറിച്ച് വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിന് മാത്രമാണെന്നും അത് പ്രഥമദൃഷ്ട്യാ കുറ്റകരമല്ലെന്നും കോടതി പറഞ്ഞു.

കേരള ഹൈക്കോടതി ഈ വിധിയിൽ ക്ലാസുകളിലെ ചില യാഥാർഥ്യങ്ങളും പ്രശ്നങ്ങളും പരിഗണിക്കുക ഉണ്ടായി. ഇന്ന്
വിദ്യാർത്ഥികൾ മയക്കുമരുന്നും ആയുധങ്ങളും കൈവശം വയ്ക്കുന്ന സാഹചര്യങ്ങൾ വർദ്ധിച്ച് വരുന്ന സമയത്ത്,  അദ്ധ്യാപകർക്കുള്ള ആത്മവിശ്വാസവും നിയമസംരക്ഷണവും അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

III. ഇപ്പോഴത്തെ നിയമ സ്ഥിതി: ഈ വിധികളിലൂടെ ഒരു സമതുലിത സമീപനമാണ് കേരള ഹൈക്കോടതി സ്വീകരിച്ച് പോന്നിരിക്കുന്നത്.

ഈ വിധികൾ വിദ്യാർത്ഥികളുടെ അവകാശങ്ങളുടെയും അദ്ധ്യാപകരുടെ നിയമ പരിരക്ഷയുടെയും സമതുലിത നിലപാട് എടുക്കുന്നു.

അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഭാവിക്ക് രൂപം കൊടുക്കുന്ന കൈകളാണ്. കേരള ഹൈക്കോടതിയുടെ ഈ വിധികൾ, അദ്ധ്യാപകർക്ക് ശക്തമായ നിയമ പരിരക്ഷയാണ് നൽകുന്നത്.

തയ്യാറാക്കിയത്:
അഡ്വ. സലീൽ കുമാർ പി
തലശ്ശേരി

Leave a Comment

More News