വധശിക്ഷയും കാത്ത് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ സർക്കാർ നിലവിൽ സ്റ്റേ ചെയ്തു. യെമന്‍ പൗരന്റെ കൊലപാതകത്തോടനുബന്ധിച്ച് പ്രതിയായി ശിക്ഷിക്കപ്പെട്ട നിമിഷ പ്രിയയെ നാളെ (2025 ജൂലൈ 16 ന്) തൂക്കിലേറ്റൽ തീയതി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ ശിക്ഷ മാറ്റിവച്ചിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലും നിര്‍ണ്ണായകമായി.
നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇടപെടണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സമീപിച്ചിരുന്നതായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. യെമനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യർഥനയുമായി മുന്നോട്ട് വന്നത്. ഇന്ത്യയ്ക്ക് ഇപ്പോൾ കാര്യമായ നയതന്ത്ര ബന്ധമില്ലാത്ത ഒരു പ്രദേശമായതുകൊണ്ട് ഈ ശ്രമം രാജ്യം ആവശ്യപ്പെടുന്നതാണെന്ന് താൻ മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യ ജീവൻ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് നിമിഷ പ്രിയയുടെ കേസിൽ ഇടപെടാൻ യമൻ പണ്ഡിതരോട് അഭ്യർത്ഥിക്കുന്നതിൽ താൻ വിജയിച്ചതായി ചൊവ്വാഴ്ച കോഴിക്കോടിനടുത്തുള്ള കാരന്തൂരിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
“ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്തതായി യെമൻ അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. അവളുടെ സുരക്ഷിതമായ മോചനത്തിനായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം,” അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബം മാപ്പ് നൽകാനും നഷ്ടപരിഹാരം സ്വീകരിക്കാനും സമ്മതിച്ചാൽ രക്തധനം നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ഉറപ്പ് നൽകിയതായി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
നിമിഷ പ്രിയയെ രക്ഷിക്കാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. “ഞങ്ങളുടെ സംരംഭങ്ങൾ വിശദീകരിച്ച് ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതി,” അദ്ദേഹം പറഞ്ഞു.
മാനുഷിക പരിഗണനകൾ മാത്രം മുൻനിർത്തിയാണ് കേസിൽ തന്റെ ഇടപെടൽ എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “പൊതുവെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ ഞങ്ങൾ ഒരിക്കലും വിവേചനം കാണിക്കാറില്ല. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നീ പരിഗണനകളൊന്നുമില്ല. ഞങ്ങൾ മനുഷ്യത്വത്തിനുവേണ്ടി നിലകൊള്ളുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 8 വർഷമായി നിമിഷ പ്രിയ സനയിലെ സെൻട്രൽ ജയിലിലാണ്. തൂക്കു മരത്തിൽ നിന്ന് അവരെ രക്ഷിക്കാൻ പോരാടുന്ന ഒരു സംഘടനയായ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി 2025 ജൂലൈ 14 ന് (തിങ്കളാഴ്‌ച) ഇന്ത്യന്‍ സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഈ വിഷയത്തിൽ “ഇന്ത്യന്‍ സർക്കാർ പരമാവധി ചെയ്യുന്നുണ്ട്” എന്നാണ് കേന്ദ്ര ഗവണ്മെന്റ് സുപ്രീം കോടതിയെ അറിയിച്ചത്. “യെമന്റെ സംവേദനക്ഷമതയും ഒരു സ്ഥലമെന്ന നിലയിലുള്ള പദവിയും കണക്കിലെടുത്ത്, ഇന്ത്യന്‍ സർക്കാരിന് കൂടുതലായി ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതി ബെഞ്ചിനോട് പറയുകയും ചെയ്തു. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ‘കൈ കഴുകി’
എന്നാല്‍, യെമനിലെ തരിമിൽ നിന്നുള്ള ആത്മസുഹൃത്തും ലോകപ്രശസ്ത സൂഫി പണ്ഡിതനും യമനി മുസ്‌ലിംകൾക്കിടയിൽ വലിയ സ്വാധീനവുമുള്ള ഹബീബ് ഉമർ ബിൻ ഹഫീളുമായി ഈ വിഷയം ചർച്ച ചെയ്തതെന്ന് അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. വിവരം കൈമാറിയ ഉടനെ തന്നെ അക്കാര്യം രേഖാമൂലം അന്വേഷിക്കാമെന്നും മറുപടി വൈകാതെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹബീബ് ഉമറിൻ്റെ ഓഫിസ് നോർത്ത് യമൻ ഭരണകൂടവുമായും, ഇരയുടെ കുടുംബവുമായും ബന്ധപ്പെടുകയും അനുനയ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ തനിക്ക് വ്യക്തിപരിചയമുള്ള ജഡ്ജിമാരുമായും നിയമവിദഗ്ധരുമായും ആശയവിനിമയം നടത്തുകയും, ശിക്ഷ വൈകിപ്പിക്കാൻ നിയമപരമായ സാധ്യതകൾ തേടുകയും ആ വഴിക്കുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.
ശൈഖ് ഹബീബ് ഉമറിൻ്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം നോർത്ത് യമനിൽ അദ്ദേഹത്തിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മശ്ഹൂർ, യെമൻ ഭരണകൂട പ്രതിനിധികൾ, സനയിലെ ജിനായത്ത് കോടതി സുപ്രിം ജഡ്ജ്, കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവര്‍ ചേര്‍ന്ന് ഒരു അടിയന്തര യോഗം ചേരുകയും, തലാലിന്റെ കുടുംബവുമായി കൂടിയാലോചിച്ച് അവരുടെ നിലപാട് വ്യക്തമാക്കാമെന്ന് തലാലിന്റെ സഹോദരന്‍ പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട തലാലിൻ്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിൻ്റെ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിൻ അമിൻ ശൈഖ് ഹബീബ് ഉമറിൻ്റെ നിർദേശ പ്രകാരം ചർച്ചയിൽ ഇടപെടുകയും ശിക്ഷാ നടപടികൾ നീട്ടിവയ്ക്കാനുള്ള ധാരണ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാക്കുകയും, ഇന്നലെ തന്നെ കോടതിയെ സമീപിക്കുകയും ചെയ്തു. അതേ തുടർന്നാണ് ശിക്ഷ നീട്ടിവച്ചുള്ള വിധി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉത്തര യെമനിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ വൈകാരികമായി ആളിക്കത്തിയ ഒരു കേസ് കൂടിയാണിത്. അതുകൊണ്ടുതന്നെ ഇത്രയും കാലം തലാലിന്റെ കുടുംബവുമായി സംസാരിക്കാൻ പോലും ആര്‍ക്കും സാധിച്ചിരുന്നില്ല. കുടുംബവുമായി സംസാരിക്കാന്‍ സാധിച്ചതും, യെമനിലെ നിയമരംഗത്തെ പ്രമുഖർ പോലും ഹബീബ് ഉമറിൻ്റെ താൽപര്യത്തെ തുടർന്ന് ഇതിൽ ഇടപെട്ടു എന്നതുമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്.
നിലവിൽ നടപ്പാക്കാനിരുന്ന വധശിക്ഷ മറ്റൊരു സമയത്തേക്ക് നീട്ടിവച്ചിരിക്കുന്നു എന്നാണ് യെമൻ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക ക്രിമിനൽ കോടതി ജഡ്ജ് റിസ്വാൻ അഹമ്മദ് അൽ-വജ്റ, സ്വാരിമുദീൻ മുഫദ്ദൽ എന്നിവർ ഒപ്പിട്ട വിധിപ്പകർപ്പിലുള്ളത്. കുടുംബവുമായുള്ള ചർച്ചകൾ ഇനിയും തുടരേണ്ടതും വധശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള നീക്കങ്ങൾ തുടരേണ്ടതുമുണ്ട്. ഇതുവരെ ഉണ്ടായതുപോലെ അക്കാര്യത്തിലും കൂട്ടായ പ്രവർത്തനങ്ങളും ശ്രമങ്ങളും പ്രാർഥനകളുമാണ് അതിനാവശ്യം.
ശിക്ഷിക്കണോ മാപ്പ് നൽകണോ വേണ്ടയോ എന്ന തീരുമാനം ആത്യന്തികമായി അധികാരികളുടേതാണെങ്കിലും, വിദേശ വധശിക്ഷയുടെ സാധ്യത വിവിധ മാനുഷിക ആശങ്കകൾ ഉയർത്തുന്നുവെന്ന് മുതിർന്ന ഇസ്ലാമിക പണ്ഡിതൻ ചൂണ്ടിക്കാട്ടി.
തലാൽ മഹ്ദിയുടെ കുടുംബം മാപ്പ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും രക്തപ്പണം സ്വീകരിക്കുമെന്നും, അതുവഴി നിമിഷ പ്രിയയുടെ സുരക്ഷിതമായ മോചനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കുടുംബവുമായുള്ള ചർച്ചകളിലെ കാലതാമസങ്ങളെയും തടസ്സങ്ങളെയും കുറിച്ച് ചോദിച്ചപ്പോൾ അബൂബക്കർ മുസ്‌ലിയാർ പറഞ്ഞത് “രണ്ട് മിനിറ്റിനുള്ളിൽ തീരുമാനിക്കാൻ കഴിയുന്ന ഒരു വിഷയമല്ല ഇത്. സ്വാഭാവികമായും, ഇതിന് കൂടുതൽ സമയമെടുക്കുകയും നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുകയും ചെയ്തു” എന്നാണ്.
ഇക്കാര്യത്തിൽ ഇതുവരെയുള്ള പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫിസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വിദേശ രാജ്യത്ത് വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യൻ പൗരയായ നിമിഷ പ്രിയയുടെ വിഷയത്തിൽ മനുഷ്യത്വപരമായ പരിഹാരം കാണാനാണ് ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ദേശീയ താത്പര്യത്തിൻ്റെ ഭാഗമായുള്ള ഇടപെടലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിമിഷ പ്രിയയുടെ വധ ശിക്ഷയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെട്ടിട്ടില്ലെന്ന ചില മാധ്യമങ്ങളുടെയും ചാനലുകളുടെയും പ്രസ്താവനകള്‍ പുറത്തു വന്ന സാഹചര്യത്തില്‍, ശിക്ഷ നീട്ടിവച്ചുകൊണ്ടുള്ള വിധി പകര്‍പ്പ് കാന്തപുരത്തിന്റെ ഓഫീസ് പുറത്തു വിട്ടു. പകര്‍പ്പ് ആധികാരികമാണെന്ന് അവര്‍ വ്യക്തമാക്കി. വിധി പകർപ്പിൻ്റെ ആധികാരികത ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ഈ വിശദീകരണം. ഉത്തരവ് സനായിലെ കോടതിയുടെത് തന്നെയാണെന്നും, ആർക്കും സംശയം വേണ്ടെന്നും ഓഫിസ് അറിയിച്ചു.
എന്നാല്‍, വിധി പകര്‍പ്പില്‍ കാന്തപുരത്തിന്റെ വാട്ടര്‍ മാര്‍ക്ക് പതിപ്പിച്ചതും ചിലര്‍ വിവാദമാക്കി. കാന്തപുരം ഈ വിഷയത്തിൽ ഒന്നും ചെയ്തില്ലെന്ന തെറ്റായ പ്രചാരണം വന്നപ്പോഴാണ് വിധി പകർപ്പിൽ വാട്ടർമാർക്ക് ചേർക്കാൻ തീരുമാനിച്ചത്. വാട്ടർമാർക്ക് ഇല്ലാതെ പുറത്തുവിട്ടിരുന്നെങ്കിൽ മറ്റുള്ളവർ ഈ നീട്ടിവയ്ക്കലിൻ്റെ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും കാന്തപുരത്തിൻ്റെ ഓഫിസ് പ്രതികരിച്ചു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടന്ന ശ്രമങ്ങളിൽ കാന്തപുരം നടത്തിയ ഇടപെടലുകൾക്ക് ലഭിച്ച അംഗീകാരം വ്യക്തമാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് സൂചന.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും തുടരുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഓഫിസ് അറിയിച്ചു. ദിയാധനം (ബ്ലഡ് മണി) സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനത്തിലെത്തലാണ് അടുത്ത ഘട്ടത്തിൻ്റെ പ്രധാന ലക്ഷ്യം. ശരിയത്ത് നിയമപ്രകാരം ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാനുള്ള അധികാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. എന്നാൽ, പല ഗോത്ര നേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത് ചർച്ചകൾക്ക് വെല്ലുവിളിയാണ്.
ശിക്ഷ മാറ്റിവച്ച കാര്യം കേന്ദ്ര സർക്കാരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ ഇത് ഒരു വലിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ ദിയാധനം സംബന്ധിച്ച ചർച്ചകൾക്ക് എന്ത് സംഭവിക്കുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള നിമിഷ പ്രിയയുടെ ബന്ധുക്കളും അഭ്യുദയകാംക്ഷികളും.
