ഓംകാരം ചിക്കാഗോയുടെ പഞ്ചാരിമേളം അരങ്ങേറ്റം പ്രൗഢഗംഭീരമായി

ചിക്കാഗോ: ചിക്കാഗോ ഗ്രേസ് ലേക്കിലുള്ള ഹിന്ദു ക്ഷേത്രാങ്കണത്തില്‍ വെച്ച് ഭക്തിസാന്ദ്രമായ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു. ഓംകാരം ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ പന്ത്രണ്ട് വാദ്യകലാകാരന്മാര്‍ അരങ്ങേറ്റം കുറിച്ചു. കലാമണ്ഡലം ശിവദാസന്‍ ആശാന്‍റെയും രാജേഷ് നായരുടെയും ശിക്ഷണത്തില്‍ അഭ്യസിച്ച ചിക്കാഗോയില്‍ നിന്നും മിനിസോട്ടയില്‍ നിന്നുമുള്ള കലാകാരന്മാര്‍ പങ്കെടുത്തു.

കേരളീയ വാദ്യകലകളില്‍ പ്രസിദ്ധമാണ് ചെണ്ടമേളം. അതില്‍ പ്രസിദ്ധമാണ് പഞ്ചാരിമേളവും പാണ്ടിമേളവും. ചെമ്പട വട്ടങ്ങളെ അടിസ്ഥാനമാക്കി അഞ്ചു കാലങ്ങളില്‍ കൊട്ടുന്ന വളരെ വ്യക്തമായ കണക്കുകളുള്ള മേളമാണ് പഞ്ചാരി. ക്ഷേത്ര വാദ്യങ്ങളില്‍ വെച്ച് ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ.

ഒന്നര വര്‍ഷത്തെ നിരന്തരമായ പരിശീലനത്തിനു ശേഷമാണ് അരങ്ങേറ്റം കുറിച്ചത്. ചന്ദ്രന്‍ നെന്‍മന, മുരളി കരിയാത്തുംഗല്‍, തെക്കോട്ട് സുരേഷ്, സുരേഷ് നായര്‍, സതീശന്‍ നായര്‍, വരുണ്‍ നായര്‍, നിറ്റിന്‍ നായര്‍, ബിനു നായര്‍, ശ്രുതി കൃഷ്ണന്‍, മഹേഷ് കൃഷ്ണന്‍, ദീപക് നായര്‍, രാജേഷ് നായര്‍ തുടങ്ങിയവര്‍ അരങ്ങേറി. ശ്രേയ മഹേഷിന്‍റെ ഈശ്വരപ്രാര്‍ത്ഥനയോടു കൂടി ചടങ്ങുകള്‍ ആരംഭിച്ചു. അതിനുശേഷം ഭദ്രദീപം കൊളുത്തി ക്ഷേത്രം തിരുമേനി പൂജിച്ച ചെണ്ടകോലുകള്‍ ശിവദാസന്‍ ആശാന്‍റെ കൈയില്‍നിന്നും ഏവരും ഏറ്റുവാങ്ങി അനുഗ്രഹം വാങ്ങിച്ചു.

പരിശീലന ക്ലാസുകള്‍ ചിട്ടയായ രീതിയില്‍ നടത്തുകയും അരങ്ങേറ്റത്തിനു നേതൃത്വം നല്കുകയും ചെയ്തത് ദീപക് നായരും മഹേഷ് കൃഷ്ണനും കൂടിയാണ്. ചടങ്ങില്‍ ശിവദാസന്‍ ആശാനേയും രാജേഷ് നായരേയും എം.ആര്‍.സി പിള്ളയേയും രാധാകൃഷ്ണന്‍ നായര്‍, അനില്‍കുമാര്‍ പിള്ള, ശിവന്‍ മുഹമ്മ എന്നിവര്‍ പൊന്നാടയിട്ട് ആദരിച്ചു.

അരങ്ങേറ്റത്തിന് മറ്റു വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തത് കൃഷ്ണകുമാര്‍ നായര്‍, സജീവ് നായര്‍, രാജേഷ് കുട്ടി, ഷിബു ദേവപാലന്‍, ശ്രീകുമാര്‍ നായര്‍, മിഥില്‍ അരുണ്‍ എന്നിവര്‍ വലംതലയും ചന്ദ്രന്‍ പത്മനാഭന്‍, രഘു രവീന്ദ്രനാഥ്, ജയ മുരളി നായര്‍, സൂരജ് സതീഷ് എന്നിവര്‍ താളവും ചെയ്തു.

അരങ്ങേറ്റത്തിന് മറ്റ് വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിള്ള, രഘുനാഥന്‍ നായര്‍, രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ബിന്ധ്യാ നായര്‍ എംസിയായിരുന്നു.

Leave a Comment

More News