മത്സ്യബന്ധന തൊഴിലന്വേഷകര്‍ക്കായി സൗജന്യ തൊഴില്‍ പരിശീലനം ജൂലൈ 17 മുതൽ ആരംഭിക്കും

തിരുവനന്തപുരം: ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി, മത്സ്യബന്ധന മേഖലയിലെ തൊഴിലന്വേഷകർക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു. ആദ്യ ഘട്ടത്തിൽ 46 തീരദേശ നിയോജകമണ്ഡലങ്ങളിലെ 10,000 തൊഴിലന്വേഷകർക്ക് സൗജന്യ പരിശീലനം നൽകും.

പദ്ധതിയുടെ നേമം മണ്ഡലത്തിലെ തൊഴിലന്വേഷകർക്കുള്ള പരിശീലനം ജൂലൈ 17, 18 തിയ്യതികളില്‍ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള ജോൺ കോക്സ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കും. ആത്മവിശ്വാസം വളർത്തൽ, അഭിമുഖ പരിശീലനം, വ്യക്തിവിവരണരേഖ തയ്യാറാക്കല്‍ എന്നിവ ഉൾപ്പെടുന്ന ആറ് മണിക്കൂർ ദൈർഘ്യമുള്ള സോഫ്റ്റ് സ്കിൽസ് പരിശീലനം രണ്ട് ദിവസങ്ങളിലായി നൽകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നൈപുണ്യ പരിശീലനം നൽകും.

അഭ്യസ്തവിദ്യരായ തീരദേശ യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി 46 തീരദേശ നിയോജക മണ്ഡലങ്ങളിലാണ് നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്ന് 41072 പേർ നോളെജ് ഇക്കോണമി മിഷനിൽ തൊഴിലന്വേഷകരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 25000 പേർ സ്‌കില്ലിങ് ആവശ്യമുള്ളവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. തൊഴിലന്വേഷകർക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലിനു ആവശ്യമായ സ്‌കില്ലിങ് നൽകി തൊഴിൽ സജ്ജരാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.

കല്ല്യാശ്ശേരി (ജൂലൈ 18,19, ആംസ്ടെക് ആർട്സ് ആൻഡ് സയൻസ് കോളേജ്), പയ്യന്നൂർ (ജൂലൈ 25,26 – ബ്ലോക്ക് പഞ്ചായത്ത് ഹാൾ), ധർമ്മടം (ജൂലൈ 29,30- ഗവൺമെന്റ് ബ്രണ്ണൻ കോളേജ്) നിയോജകമണ്ഡലങ്ങളിൽ വരും ദിവസങ്ങളിൽ പരിശീലനം നടക്കും. ആഗസ്റ്റ് മാസത്തോടെ 46 നിയോജകമണ്ഡലങ്ങളിലെയും ആദ്യഘട്ട പരിശീലനം പൂർത്തിയാകും. തുടർന്ന് രണ്ടാം ഘട്ടപരിശീലനം ആരംഭിക്കും.

പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News