മുതിര്‍ന്നവരെ പാദപൂജ ചെയ്യുന്നത് മോശം കാര്യമല്ല, പാതകവും അല്ല: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: മുതിര്‍ന്ന വ്യക്തികളെ ആദരിക്കുന്നതും വന്ദിക്കുന്നതും ഒരു സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും, ആ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് തുടരാനും അത് മോശം കാര്യമെന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടെന്ന് വയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

പതിറ്റാണ്ടുകളായി നിരവധി ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പാദപൂജ തുടര്‍ന്ന് വരുന്നതായി അറിയാം. പൂജയല്ലെങ്കിലും പാദം തൊട്ട് വന്ദിക്കുന്നത് – നമസ്ക്കരിക്കുന്നത്, ആവ്യക്തിയോടുള്ള ആദരവിനേയും ബഹുമാനത്തെയുമാണ് സൂചിപ്പിക്കുന്നത്.

പാദനമസ്ക്കാരം, ഹൈന്ദവ വിവാഹങ്ങളില്‍ വധൂവരന്മാര്‍ തുടര്‍ന്നുവരുന്ന ആചാരപരമായ പ്രവര്‍ത്തിയാണ്. വിവിധതരം പൂജകളിലും പാദനമസ്ക്കാരം ചെയ്യാറുണ്ട്. പാദനമസ്ക്കാരത്തിന്‍റെ മറ്റൊരു ഘട്ടം തന്നെയാണ് പാദപൂജയും.

മാതാപിതാക്കളേയും ഗുരുക്കന്മാരേയും അടക്കം, ആദരിക്കേണ്ട, ബഹുമാനിക്കേണ്ട വ്യക്തികളെ, പാദ നമസ്ക്കാരവും പാദപൂജയും ചെയ്യുന്നത് ഗുരുത്വവും പുണ്യവുമായി കണക്കാക്കുന്ന ഒരു തലമുറയാണ് നമ്മുടേത്.

അത് വിദ്യാലയങ്ങളിലോ പൊതു സ്ഥലങ്ങളിലോ നിര്‍ബന്ധപൂര്‍വം ചെയ്യിക്കേണ്ട ഒന്നല്ല, സ്വയം തോന്നി ചെയ്യേണ്ടതാണ്. അതിന് മതത്തേയും സമുദായത്തേയും കൂട്ടുപിടിക്കേണ്ട കാര്യം തന്നെയില്ല. വ്യക്തിയും സമൂഹവും സ്വന്തം വിശ്വാസ പ്രസാണങ്ങള്‍ക്ക് അനുസ്സരിച്ച്, ഇത്തരം ആചാരങ്ങള്‍ ചെയ്യാം, ചെയ്യാതിരിക്കാം.

ഇത്തരം ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കുത്തകാവകാശം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും മേല്‍ ചാര്‍ത്തേണ്ടതില്ല, ഒരു രാഷ്ട്രീയ പ്രസ്ഥാനവും അതിന്‍റെ കുത്തക ഏറ്റെടുക്കേണ്ടതുമില്ല, ആനന്ദകുമാര്‍ ഓര്‍മ്മിപ്പിച്ചു.

Leave a Comment

More News