തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സിഡിസി സിവിഐ ക്ലിനിക്കിന് 7 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി

ലോകോത്തരമെന്നു പേരുകേട്ട ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ് ഉൾപ്പെടെ 25 ഉപകരണങ്ങൾ കൈമാറി.

സിഡിസി സി വി ഐ ക്ലിനിക്കിന് ഉപകരണങ്ങൾ കൈമാറുന്ന ചടങ്ങിൽ സിഡിസി ഡയറക്ടർ ഇൻ ചാർജ് ഡോ. ദീപ ഭാസ്കരൻ, യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ, യു എസ് ടി സി‌എസ്‌ആർ അംബാസഡർ സോഫി ജാനറ്റ്, യു‌എസ്‌ടി സി‌എസ്‌ആർ ലീഡ് , വിനീത് മോഹനൻ എന്നിവർ

തിരുവനന്തപുരം: നേത്ര രോഗമായ സെറിബ്രൽ വിഷ്വൽ ഇംപെയർമെന്റ് (സി വി ഐ) ബാധിച്ച കുട്ടികളുടെ നൂതന ചികിത്സാരീതികൾക്ക് സഹായമേകാൻ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആസ്ഥാനമായുള്ള ശിശു വികസന കേന്ദ്രത്തിന്റെ സി വി ഐ ക്ലിനിക്കിലേക്ക് (ദിയ) 7,00,828.80 രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ കൈമാറി. കമ്പനിയുടെ സിഎസ്ആർ സംരംഭങ്ങളുടെ ഭാഗമായാണ് ദിയയിലെ വിവിധ വിഭാഗങ്ങൾക്കായി 25 ഉപകരണങ്ങൾ കൈമാറിയത്.

കാഴ്ചശക്തി വിലയിരുത്തുന്നതിനും, കാഴ്ചശക്തി നിജപ്പെടുത്തുന്നതിനും കണ്ണ്-കൈ ഏകോപനം പരിശോധിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും, കാഴ്ച വൈകല്യമുള്ള കുട്ടികളിലെ മറ്റ് ചികിത്സാ നടപടിക്രമങ്ങൾക്കും ഉപയോഗിക്കുന്ന ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ്, ലിയ സിംബൽ 15 ലൈൻ ഡിസ്റ്റന്റ് വിഷൻ ചാർട്ട്, മാർസ്ഡെൻ ബോൾ, ബെർണൽ യുഎസ്എയിൽ നിന്നുള്ള റൊട്ടേഷൻ ട്രെയിനർ, പാർക്ക്വെട്രി ബ്ലോക്കുകൾ, റെറ്റിനോസ്കോപ്പി റാക്ക് തുടങ്ങി നിരവധി ഉപകരണങ്ങൾ ശിശു വികസന കേന്ദ്രത്തിന്റെ (സി ഡി സി) സിവിഐ ക്ലിനിക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് കൈമാറി. യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോന്റെ നേതൃത്വത്തിൽ യുഎസ് ടി ഉദ്യോഗസ്ഥരും; ചൈൽഡ് ഡെവലപ്മെന്റ്റ് സെന്റർ (സി ഡി സി) ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. ദീപ ഭാസ്‌കരന്റെ നേതൃത്വത്തിൽ സിഡിസി ഉദ്യോഗസ്ഥരും പങ്കെടുത്തു.

“കാഴ്ച വൈകല്യവും കാഴ്ച സംബന്ധമായ മറ്റ് അസുഖങ്ങളും ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സഹായമെത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ദിയ എന്നും അറിയപ്പെടുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ സിവിഐ ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ് ഉൾപ്പെടെ 25 ഉപകരണങ്ങൾ സിവിഐ ക്ലിനിക്കിലേക്ക് സംഭാവന ചെയ്യാനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” യുഎസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ പറഞ്ഞു.

“യുഎസ് ടി യുടെ സംഭാവന സിവിഐ ക്ലിനിക്കിന് ഒരു വലിയ സഹായമാണ്. ഇത്രയും വലിയ സംഭാവന നൽകിയതിന് കമ്പനിയുടെ സിഎസ്ആർ വിഭാഗത്തോട് ഞങ്ങൾ തീർച്ചയായും നന്ദിയുള്ളവരാണ്. കൈമാറിയ എല്ലാ ഉപകരണങ്ങളും, പ്രത്യേകിച്ച് ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ്, വില മതിക്കാനാവാത്തവയാണ്. ഏതൊരു ഒഫ്താൽമിക് ക്ലിനിക്കിലും ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ് ഒഴിച്ചുകൂടാനാവാത്ത ഉപകരണമാണ്. സെറിബ്രൽ വിഷ്വൽ ഇംപെയർമെന്റ് (സിവിഐ) വിലയിരുത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ചികിത്സാ പ്രക്രിയ, മറിച്ച് സമഗ്രമായ നേത്ര പരിശോധനകളിൽ ഇതു നിർണായക പങ്ക് വഹിക്കുന്നു. ലോക വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഈ ഉപകരണമാണ് യു എസ് ടി ഞങ്ങൾക്കു നൽകിയിരിക്കുന്നത്. വിശ്വാസ്യതയ്ക്കും ഉപയോക്തൃ സൗഹൃദത്തിനും ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തുള്ളതാണ് ഞങ്ങൾക്കു ലഭിച്ച ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ്,” സിഡിസി സിവിഐ ക്ലിനിക്കിലെ ഒഫ്താൽമോളജി പ്രൊഫസറും കൺസൾട്ടന്റുമായ ഡോ. അനിത പറഞ്ഞു.

ഉപകരണങ്ങൾ കൈമാറിയ ചടങ്ങിൽ യുഎസ് ടി യിൽ നിന്ന് സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്, സിഎസ്ആർ ലീഡ് വിനീത് മോഹനൻ, കേരള പി ആർ ആൻഡ് മാർക്കറ്റിങ് ലീഡ് റോഷ്‌നി കെ ദാസ് എന്നിവരും; സി ഡി സി യിൽ നിന്ന് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ തിലകൻ പിഎം, സിഡിസി ഡയറക്ടർ ഇൻ ചാർജ് ഡോ. ദീപ ഭാസ്കരൻ, സിഡിസിയിലെ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ഡോ. രവി കുമാർ, സിഡിസിയിലെ സീനിയർ ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് സുനിത ആർഎം എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സിവിഐ ക്ലിനിക്, സെറിബ്രൽ വിഷ്വൽ ഇംപെയർമെന്റ് (സിവിഐ) ബാധിച്ച കുട്ടികളുടെ പ്രത്യേക ചികിത്സകൾ നടത്തി വരുന്നു. കാഴ്ച മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ചികിത്സകൾ, രക്ഷാകർതൃ കൗൺസിലിംഗ്, പരിസ്ഥിതി പരിഷ്കാരങ്ങൾ എന്നിവ ഈ ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നു.

Leave a Comment

More News