വനിതാ ശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യ’ പുരസ്‌കാര വിതരണം മന്ത്രി വീണാ ജോർജ് നിര്‍‌വ്വഹിച്ചു

തിരുവനന്തപുരം: ആരോഗ്യ, വനിതാ, ശിശു വികസന മന്ത്രി വീണ ജോർജ്ജ് ഉജ്ജ്വലബാല്യം അവാർഡുകൾ സമ്മാനിച്ചു. ഓരോ കുട്ടിയും വ്യത്യസ്തരായതിനാൽ അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു. നമുക്ക് മറ്റൊരാളാകാൻ കഴിയില്ല. എല്ലാവരുടെയും ഉള്ളിൽ നിരവധി കഴിവുകളുണ്ട്. ഓരോ കഴിവും അംഗീകരിക്കപ്പെടണം. ബാലഭിക്ഷാടനവും ബാലവേലയും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികൾ വനിതാ ശിശു വികസന വകുപ്പ് നടത്തിവരുന്നു. ബാലഭിക്ഷാടനവും ബാലവേലയും പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തിൽ നിർത്താനാണ് വനിതാ ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നത്. ഒറ്റ വർഷം കൊണ്ട് 500 ഓളം കുഞ്ഞുങ്ങളെ സ്വന്തം കുടുംബത്തിലോ ഫോസ്റ്റർ കെയറിലോ താമസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാവൽ, കാവൽ പ്ലസ് പദ്ധതികളെ സുപ്രീംകോടതി അടുത്തിടെ അഭിനന്ദിച്ചു. അസാധാരണമായ നല്ല മാതൃകയെന്നാണ് യൂണിസെഫ് പറഞ്ഞത്. ബാലസൗഹൃദ കേരളമാണ് ലക്ഷ്യമിടുന്നത്. വീട്ടിലും യാത്രാവേളയിലും പൊതുയിടങ്ങളിലും കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കണം. കുഞ്ഞുങ്ങളുടെ ശാരീരിക, മാനസിക, ബൗദ്ധിക വളർച്ചയാണ് ലക്ഷ്യം.

വ്യത്യസ്ഥ മേഖലകളിൽ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച മക്കളെ ആദരിക്കുന്നതിന് വേണ്ടിയാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം നൽകുന്നത്. ഓരോ ബാല്യവും ഉജ്ജ്വലമാണ്. ഓരോ കുഞ്ഞും പ്രധാനമാണ്. കുഞ്ഞുങ്ങൾ രാഷ്ട്രത്തിന്റെ സമ്പത്താണ്. 54 കുഞ്ഞുങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകിയത്. 54 പേരും വ്യത്യസ്ത കഴിവുകളുള്ളവരാണ്. ഒന്നും അസാധ്യമല്ല.

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം ഉറപ്പാക്കാനാണ് വനിതാ ശിശുവികസന വകുപ്പ് രൂപീകരിച്ചത്. കുഞ്ഞുങ്ങളെ സംബന്ധിച്ച കാര്യങ്ങൾ ഓരോ മാസവും വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുന്നു. തസ്തിക സൃഷ്ടിക്കാൻ രാത്രി ഏറെ വൈകിയും പ്രയത്നിച്ച വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറേയും മറ്റ് ഉദ്യോഗസ്ഥരേയും മന്ത്രി അഭിനന്ദിച്ചു. കൊല്ലത്ത് മരണമടഞ്ഞ മകന്റെ വേർപാടിന്റെ വേദനയിലാണ് കേരളം. ആ കുഞ്ഞിന് ആദരാഞ്ജലി അർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

ചൈൽഡ് ഹെൽപ് ലൈൻ (1098) റീബ്രാന്റിംഗ് സംസ്ഥാനതല ഉദ്ഘാടനവും ബാല സംരക്ഷണ മേഖലയിൽ സംസ്ഥാനം നടത്തിയ മാതൃകാ പ്രവർത്തനങ്ങളെ സംബന്ധിച്ച് യൂണിസെഫ് സഹായത്തോടെ നിർമ്മിച്ച വീഡിയോ പ്രകാശനവും മന്ത്രി നിർവഹിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഡ്മിഷൻ ലഭിച്ച സർക്കാർ ഹോമിലെ ശിവയെ മന്ത്രി അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ പാളയം രാജൻ, ജോയിന്റ് ഡയറക്ടർ ശിവന്യ, എസ്.സി.പി.എസ്. പ്രോഗ്രാം മാനേജർ സോഫി ജേക്കബ് എന്നിവർ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News