ആലപ്പുഴ ജില്ലയിലെ പുന്നപ്ര ഗ്രാമത്തിൽ നിന്ന് തിരുവനന്തപുരത്തെ അധികാര ഇടനാഴികളിലേക്കും, വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനിൽ നിന്ന് ‘സഖാവ് വി.എസിലേക്കും ഉള്ള ഒരു നീണ്ട യാത്രയായിരുന്നു അത്.
‘വി.എസ്’ എന്ന് ജനങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന അച്യുതാനന്ദൻ പോരാട്ടങ്ങളും വിജയങ്ങളും ചില തിരിച്ചടികളും നിറഞ്ഞ ഒരു സമ്പൂർണ്ണ ജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ആലപ്പുഴ അദ്ദേഹത്തിന്റെ ജന്മസ്ഥലം മാത്രമായിരുന്നില്ല, മറിച്ച് ഒരു തൊഴിലാളി, ട്രേഡ് യൂണിയൻ പ്രവർത്തകൻ, വിപ്ലവകാരി, സ്വാതന്ത്ര്യ സമര സേനാനി, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ അദ്ദേഹം ഉയർന്നുവന്ന ചെറുത്തു നിൽപ്പിന്റെ ഒരു തീപ്പൊരി കൂടിയായിരുന്നു. അത് അദ്ദേഹത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാക്കി രൂപപ്പെടുത്തുകയും കേരളത്തിലെ ഒരു മൂല്യാധിഷ്ഠിത ബഹുജന രാഷ്ട്രീയ നേതാവായി ഉയർന്നുവരുന്നതിന് അടിത്തറയിടുകയും ചെയ്തു.
ഒരു കാലഘട്ടത്തിൻ്റെ അസ്തമയമാണ് വി എസിൻ്റെ വിയോഗം. പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്ടം പാർട്ടിക്കു നികത്താനാവൂ. ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചതിൻ്റെ ഒരുപാട് സ്മരണകൾ മനസ്സിൽ ഇരമ്പുന്ന ഘട്ടമാണിത്.
അസാമാന്യമായ ഊർജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി എസിൻ്റേത്. കേരളത്തിൻ്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് വി എസ് അച്യുതാനന്ദൻ്റെ ജീവിതം. തൊഴിലാളി – കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിൻ്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. എളിയ തുടക്കത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയുടെ പടവുകളിലൂടെയാണ്.
1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് വി എസിൻ്റെ വിയോഗത്തിലൂടെ അറ്റുപോയത്. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിധ്യമാണ് അസ്തമിച്ചുപോയത്.
കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി എസ് നൽകിയ സംഭാവനകൾ നിരവധിയാണ്. പുന്നപ്ര-വയലാറുമായി പര്യായപ്പെട്ടു നിൽക്കുന്ന സഖാവ്, യാതനയുടെയും സഹനത്തിൻ്റെയും അതിജീവനത്തിൻ്റെയും ജീവിതപശ്ചാത്തലങ്ങൾ കടന്നാണ് വളർന്നുവന്നത്.
ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ കരുത്തനായ നേതാവ് എന്ന നിലയിലേക്കു വി എസ് വളരെ വേഗമുയർന്നു. പാർട്ടി വി എസിനെയും വി എസ് പാർട്ടിയെയും വളർത്തി. 1940 ൽ, 17 വയസ്സുള്ളപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം അതിദീർഘമായ 85 വർഷമാണ് പാർട്ടി അംഗമായി തുടർന്നത്. കുട്ടനാട്ടിലേക്കുപോയ സഖാവ് വി എസ് കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളിൽ നടന്നുചെന്ന് കർഷകത്തൊഴിലാളികളുടെ യോഗം വിളിച്ചുചേർക്കുകയും, അവരെ സംഘടിതശക്തിയായി വളർത്തുകയും ചെയ്തു. ഭൂപ്രമാണിമാരെയും പോലീസിനെയും വെല്ലുവിളിച്ചു കൊണ്ടായിരുന്നു അത്.
