പോരാട്ടത്തിന്റെ മറുപേര് എന്നുതന്നെ വിളിക്കാവുന്ന കമ്യൂണിസ്റ്റുകാരൻ ആയിരുന്നു വിഎസ്: ഡോ. ജോൺസൺ വി ഇടിക്കുള

എടത്വ: കേരളത്തിന്റെ ഇരുപതാമത് മുഖ്യമന്ത്രിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായിരുന്ന നിലപാടുകളിലെ കാര്‍ക്കശ്യത മുഖമുദ്രയായ ആദരണീയനും പകരക്കാരനില്ലാത്തതുമായ വിപ്ലവ കേരളത്തിന്റെ സമര സൂര്യന് വിട.

കേരളത്തിലെ ജീവിച്ചിരുന്ന കമ്മ്യുണിസ്റ്റു നേതാക്കളിൽ സഖാവെ എന്ന് ഹൃദയം തട്ടി വിളിച്ച ഒരേ ഒരു കമ്മ്യുണിസ്റ്റ് നേതാവ് ആരാണെന്നു ചോദിച്ചാൽ അതിനു ഒരേ ഒരു ഉത്തരം സഖാവ് വി എസ് അച്യുതാന്ദൻ എന്ന് തന്നെയായിരിക്കും. സാധാരണക്കാരുടെ സഖാവ് വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം അനുഭവിച്ച വേദനകൾ കടലാഴം ഉള്ളതായിരുന്നു.

ജീവിതം വിരിച്ചിട്ട ദുഃഖങ്ങളുടെ കനലിൽ ചവിട്ടി നടന്നാണ് വി.എസ്. അച്യുതാനന്ദൻ‌ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായത്.

നോർത്ത് പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബർ 20ന് വി എസ് ജനിച്ചു. ചെറുപ്പം മുതൽ ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാം വി എസ് അച്യുതാനന്റെ കൂടെയുണ്ടായിരുന്നു. നാലാം വയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സിൽ ജ്യേഷ്ഠൻ ഗംഗാധരന്റെ തയ്യൽക്കടയിൽ വി എസ് അച്യുതാന്ദൻ സഹായിയായി നിന്നു. പിന്നീട് ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായ വിഎസ് 1939 ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി.1940 ൽ, പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പുന്നപ്ര-വയലാർ സമരത്തിൻറെ ഭാഗമായി 1946 ഒക്ടോബർ 28 ന് പൊലീസിന്റെ പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽ വച്ച് വി എസ് അച്യുതാന്ദൻ അനുഭവിച്ചത് കൊടിയ മർദനമായിരുന്നു . പൊലീസുകാർ തോക്കിന്റെ ബയണറ്റ് കാൽവെള്ളയിൽ തുളച്ചിറക്കി, കാലുകൾ ജയിലഴികൾക്കിടയിൽ കെട്ടിവെച്ചു കാൽപാദങ്ങൾ തല്ലിപ്പൊളിച്ചു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകവരെ ചെയ്തു ഇന്ന് അന്തരിച്ച ജനനായകൻ വി എസ് അച്യുതാനന്ദനെ.

പിന്നീട് പുന്നപ്ര-വയലാർ സമരത്തിൻറെ പേരിൽ വിഎസ് മൂന്നു വർഷം തടവിനു ശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ ജീവിതത്തിൽ വിഎസ് അഞ്ചു വർഷവും എട്ടു മാസവും ജയിൽ ജീവിതവും നാലര വർഷം ഒളിവു ജീവിതവും നയിച്ചിട്ടുണ്ട്. പുന്നപ്ര-വയലാർ സമരത്തിൻറെ പേരിൽ മൂന്നു വർഷത്തെ ശിക്ഷയ്ക്ക് ശേഷം 1963 ൽ ചൈനീസ് ചാരൻ എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷം നീണ്ട ജയിൽ വാസം. പിന്നീട്, 1975ൽ അടിയന്തരാവസ്ഥയെ തുടർന്ന് 20 മാസം ജയിൽ വാസം വി എസ് അനുഭവിച്ചു. അങ്ങനെ യൗവനകാലം മുഴുവൻ വേട്ടയാടപ്പെട്ടവനായി വിഎസിന് ജീവിക്കേണ്ടി വന്നു. എന്നാൽ, അവയ്ക്കൊന്നും കെടുത്തി ക്കളയാനാത്ത വിപ്ലവാഗ്നിയായി പടർന്ന വിഎസ് ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തി. അപ്പോഴും ജനങ്ങളുടെ നേതാവ് എന്നതായിരുന്നു വിഎസിന് ഏറ്റവും ചേരുന്ന വിശേഷണം.അതെ, സാധാരണക്കാരുടെ സഖാവായിരുന്നു.

രണ്ട് തവണ ഒരുമിച്ച് വേദി പങ്കിടുന്നതിന് ഇടയായിട്ടുണ്ട്. ലോക സമാധാന സന്ദേശ ചങ്ങല പ്രദർശനം ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കുന്നതിന്നും കൃത്യസമയത്ത് എത്തിചേർന്നതും പൊതു പ്രവർത്തനങ്ങൾക്ക് ലഭിച്ച പ്രോത്സാഹനവും നന്ദിയോടെ സ്മരിക്കുന്നു.

സഖാവേ വിട ! ബാഷ്പാഞ്ജലികൾ.

Leave a Comment

More News