നാളെ കർക്കടക വാവ് ബലി പ്രമാണിച്ച് തലസ്ഥാന നഗരിയില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും സ്ഥലങ്ങളിലും നടക്കുന്ന ബലി തർപ്പണ ചടങ്ങുകളോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ പുലർച്ചെ 4 മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുന്നതിനാൽ, ഇന്ന് രാത്രി 10 മണി മുതൽ 24 ന് ഉച്ചയ്ക്ക് 1 മണി വരെ തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപാസ് റോഡിലും വാഹന ഗതാഗതത്തിനും പാർക്കിംഗിനും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽപി സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡിൽ ഇരുവശത്തേക്കും വാഹന ഗതാഗതത്തിനും വാഹന പാർക്കിംഗിനും നിയന്ത്രണമുണ്ട്. തിരുവല്ലം ഹൈവേയിലെ കുമരിച്ചന്തയിലേക്കുള്ള യു-ടേൺ മുതൽ തിരുവല്ലം ഫുട് ഓവർ ബ്രിഡ്ജ് വരെയുള്ള ബൈപാസ് റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. വിഴിഞ്ഞത്ത് നിന്ന് തിരുവല്ലത്തേക്ക് വരുന്ന ഗുഡ്സ്/ഹെവി വാഹനങ്ങൾ ഇന്ന് രാത്രി മുതൽ വിഴിഞ്ഞം മുക്കോലയിൽ നിന്ന് ബാലരാമപുരത്തേക്ക് വഴിതിരിച്ചുവിടേണ്ടിവരും. ഈ വാഹനങ്ങൾ ഒരു കാരണവശാലും തിരുവല്ലത്തേക്ക് പോകരുത്.

ചാക്ക ഭാഗത്തു നിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് വരുന്ന ഗുഡ്സ്/ഹെവി വാഹനങ്ങൾ ഇഞ്ചയ്ക്കലിൽ നിന്ന് തിരിഞ്ഞ് അട്ടക്കുളങ്ങര-കിള്ളിപ്പാലം-പാപ്പനംകോട് ഭാഗത്തേക്ക് പോകണം. കരുമം ഭാഗത്തു നിന്ന് തിരുവല്ലം ടെമ്പിൾ ജംഗ്ഷൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിരുവല്ലം എൽപിഎസ് ജംഗ്ഷനിൽ എത്തി അവിടെ നിന്ന് തിരിഞ്ഞ് പാച്ചല്ലൂർ ഭാഗത്തേക്ക് പോകണം. ബിഎൻവി സ്കൂൾ മുതൽ പാച്ചല്ലൂർ വരെയുള്ള റോഡിൽ പാച്ചല്ലൂർ ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കൂ. വണ്ടിത്തടം ഭാഗത്തുനിന്ന് തിരുവല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാച്ചല്ലൂർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വാഴമുട്ടം-ബൈപാസ് റോഡ് വഴി തിരുവല്ലം ഭാഗത്തേക്ക് പോകണം.

Leave a Comment

More News