ഓസ്‌ട്രേലിയയിലെ അഡലെയ്‌ഡിലും അയർലൻഡിലെ ഡബ്ലിനിലും ഇന്ത്യൻ പൗരന്മാർക്കെതിരെ രണ്ട് വ്യത്യസ്ത വംശീയ ആക്രമണങ്ങൾ നടന്നു. അഡലെയ്‌ഡിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു, തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. അതേസമയം, അടുത്തിടെ ഇന്ത്യയിൽ നിന്ന് എത്തിയ ഒരു ഇന്ത്യക്കാരനെ ഡബ്ലിനിൽ ആക്രമിച്ചു. രണ്ട് കേസുകളും അന്വേഷണത്തിലാണ്.
അഡലെയ്ഡ് നഗരത്തിൽ 23 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയായ ചരൺപ്രീത് സിംഗ് വംശീയ അധിക്ഷേപത്തിന് ഇരയായി. ജൂലൈ 19 ന് രാത്രി ചരൺപ്രീതും ഭാര്യയും നഗരത്തിലെ പ്രശസ്തമായ ഇല്യൂമിനേറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നത്. ഈ സംഭവം ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ചു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, രാത്രി 9:22 ഓടെ, ചരൺപ്രീതിനും ഭാര്യയും കിന്റോർ അവന്യൂവിൽ അവരുടെ കാർ പാർക്ക് ചെയ്യുന്ന സമയത്ത് ഒരു വാഹനം അവരുടെ അടുത്ത് നിർത്തി, അതിൽ നിന്ന് അഞ്ച് പേർ പുറത്തിറങ്ങി. അവരിൽ ചിലർ ലോഹ നിര്‍മ്മിതമായ ആയുധങ്ങൾ കൈയിലേന്തിയിരുന്നു. പെട്ടെന്ന് അവർ അധിക്ഷേപിക്കാൻ തുടങ്ങുകയും, “ചീറ്റ്, ഇന്ത്യൻ**” എന്ന് പറയുകയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയും ചെയ്തു.
ചരൺപ്രീതിനെ കാറിന്റെ ജനാലയിലൂടെ ഇടിച്ചു, തെരുവിലൂടെ വലിച്ചിഴച്ചു, മർദിച്ചു, ആവർത്തിച്ച് ചവിട്ടി. മാധ്യമങ്ങളോട് സംസാരിക്കവെ ചരൺപ്രീത് പറഞ്ഞു, “ഞാൻ സ്വയം രക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ ഞാൻ ബോധംകെട്ടു വീഴുന്നതുവരെ അവർ എന്നെ അടിച്ചുകൊണ്ടിരുന്നു.”
റോയൽ അഡലെയ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തലച്ചോറിന് പരിക്കേറ്റതായും, മുഖത്തെ നിരവധി എല്ലുകൾ ഒടിഞ്ഞതായും, മൂക്കിന് പൊട്ടലുണ്ടെന്നും, കണ്ണിന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചതായും കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു, ഇപ്പോഴും മാനസികമായി തകർന്ന നിലയിലാണ്.
സംഭവത്തിന് ശേഷം സൗത്ത് ഓസ്‌ട്രേലിയ പോലീസ് 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു, പക്ഷേ അയാൾ ജാമ്യത്തിൽ പുറത്തിറങ്ങി. ബാക്കിയുള്ള നാല് അക്രമികൾക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സംഭവസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്, ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
സൗത്ത് ഓസ്‌ട്രേലിയയുടെ പ്രീമിയർ പീറ്റർ മാലിനോസ്‌കാസ് സംഭവത്തെ ശക്തമായി അപലപിച്ചു, “നമ്മുടെ സംസ്ഥാനത്ത് ഇത്തരം അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഇത് നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങൾക്ക് എതിരാണ്” എന്ന് പറഞ്ഞു.
അതേസമയം, അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലും ഒരു ഇന്ത്യക്കാരൻ ആക്രമിക്കപ്പെട്ടു. ടാലയിലെ പാർക്ക്ഹിൽ റോഡിൽ നടന്ന ആക്രമണത്തിൽ 40 വയസ്സുള്ള ഇന്ത്യക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. അടുത്തിടെയാണ് ഇന്ത്യയിൽ നിന്നെത്തിയത്. ഇര ഇപ്പോഴും കടുത്ത ഞെട്ടലിലാണെന്ന് പ്രാദേശിക കൗൺസിലർ ബേബി പെരെപ്പാടൻ പറഞ്ഞു. ഈ രണ്ട് സംഭവങ്ങളും വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
https://twitter.com/i/status/1946572535690416584
