ഇന്ത്യയും ബ്രിട്ടനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ഒപ്പു വെച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ഈ കരാർ ഇന്ത്യയ്ക്ക് 99% കയറ്റുമതിയിലും നികുതി രഹിത കയറ്റുമതി സൗകര്യം നൽകും.
ലണ്ടന്‍: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (യുകെ) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) ഒടുവിൽ പ്രാബല്യത്തിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റോമറും ലണ്ടനിൽ വെച്ചാണ് ഇന്ന് (2025 ജൂലൈ 24ന്) ഈ ചരിത്ര കരാറിൽ ഒപ്പു വെച്ചത്. വർഷങ്ങളോളം നീണ്ട തീവ്രമായ ചർച്ചകൾക്കും ശ്രമങ്ങൾക്കും ശേഷം എത്തിയ ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു.
ഈ സ്വതന്ത്ര വ്യാപാര കരാർ നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുക മാത്രമല്ല, മരുന്ന്, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങിയ മേഖലകളിലെ സാധാരണക്കാർക്ക് നേരിട്ട് ഗുണം ചെയ്യും. എന്നാല്‍, ചില ഉൽപ്പന്നങ്ങളുടെ വിലയും വർദ്ധിച്ചേക്കാം. കരാർ പ്രകാരം, 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 120 ബില്യൺ ഡോളറായി ഉയർത്താൻ ലക്ഷ്യമിടുന്നു.
സ്വതന്ത്ര വ്യാപാര കരാർ (FTA) എന്നത് രണ്ടോ അതിലധികമോ രാജ്യങ്ങൾ തമ്മിലുള്ള ഒരു കരാറാണ്, അത് പരസ്പരം വിപണികളിലെ സാധനങ്ങളുടെ താരിഫ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു. ഇത് വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും കമ്പനികൾക്ക് പുതിയ വിപണികളിൽ മത്സരക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഈ കരാർ പ്രകാരം, ഇന്ത്യ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന 99% ഉൽപ്പന്നങ്ങളിലും നികുതി രഹിത കയറ്റുമതി സൗകര്യം ലഭിക്കും. മറുവശത്ത്, ബ്രിട്ടനിൽ നിന്ന് വരുന്ന 90% ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. ഇത് ഇരു രാജ്യങ്ങളിലെയും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വലിയ നേട്ടം നൽകും.
മരുന്നുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ വസ്തുക്കൾ എന്നിവ ഇനി മുതല്‍ ഇന്ത്യയിൽ വിലക്കുറവിൽ വാങ്ങാൻ കഴിയും. ഇന്ത്യൻ കമ്പനികൾക്ക് ബ്രിട്ടീഷ് വിപണിയിലേക്ക് കുറഞ്ഞ വിലയ്ക്ക് പ്രവേശനം ലഭിക്കും, ഇത് അവരുടെ ലാഭവും വികാസ സാധ്യതയും വർദ്ധിപ്പിക്കും. തൊഴിലവസരങ്ങൾ വർദ്ധിക്കുകയും ബിസിനസ് മേഖലയിൽ പുതിയ ഊർജ്ജം നിറയ്ക്കുകയും ചെയ്യും.
വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ: ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, ഉരുക്കും ലോഹവും, വിസ്കി, ആഭരണങ്ങൾ.
വിലകൂടിയേക്കാവുന്ന ഉൽപ്പന്നങ്ങൾ: കാർഷിക ഉൽപ്പന്നങ്ങൾ, കാറുകൾ, ബൈക്കുകൾ പോലുള്ള ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങൾ, ചില വിഭാഗത്തിലുള്ള സ്റ്റീൽ ഉൽപ്പന്നങ്ങൾ
ഇന്ത്യയുടെ കാർഷിക ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യ വ്യവസായങ്ങൾക്കും ബ്രിട്ടീഷ് വിപണിയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഈ ചരിത്ര കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ തുണിത്തരങ്ങൾ, ഷൂസ്, രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രോത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ബ്രിട്ടനിൽ മികച്ച വിപണി പ്രവേശനം ലഭിക്കും. നിരവധി വർഷത്തെ കഠിനാധ്വാനത്തിന് ശേഷം, ഇന്ത്യയും ബ്രിട്ടനും തമ്മിൽ സമഗ്രമായ ഒരു സാമ്പത്തിക, വ്യാപാര കരാർ ഒപ്പുവച്ചു. ഈ കരാറിലൂടെ ഞങ്ങൾ ശക്തമായ ഒരു സന്ദേശം നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു.
2022 ജനുവരിയിൽ ബോറിസ് ജോൺസൺ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കെയാണ് ഈ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. 2024 ഓടെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വിവിധ രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളാൽ അത് വൈകി, ഇപ്പോൾ അത് പൂര്‍ണ്ണമാക്കി.
