തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ വാർത്ത കേട്ട് സൗമ്യയുടെ അമ്മ സുമതി അഗാധമായ ദുഃഖത്തോടെ പ്രതികരിച്ചു. “വാര്‍ത്ത കേട്ടപ്പോൾ എന്റെ ശരീരം വിറച്ചു. എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല. ഇപ്പോഴാണ് ഞാൻ അറിഞ്ഞത്. വീട്ടിൽ ടിവി ഇല്ല, അതുകൊണ്ടാണ് ഞാൻ ഇതിനെക്കുറിച്ച് കേള്‍ക്കാന്‍ വൈകിയത്,” സുമതി പറഞ്ഞു. സംഭവം ഞെട്ടിച്ചതെന്നും, പ്രതിയെ എത്രയും വേഗം പിടികൂടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജയിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് സുമതിയുടെ ആരോപണം. “ഇത്രയും വലിയ ജയിലിൽ നിന്ന് ഒരു കൊലപാതകിക്ക് എങ്ങനെ എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയും? ഇത് ഒരാൾക്ക് മാത്രം ചെയ്യാൻ കഴിയില്ല. പുറത്തുനിന്നുള്ള സഹായം ഉണ്ടായിരിക്കണം,” അവർ പറഞ്ഞു. നമ്മുടെ പോലീസ് അയാളെ പിടികൂടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് പോലീസിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് സുമതി കൂട്ടിച്ചേർത്തു,
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിക്ക് ശിക്ഷയില്‍ ഇളവു നല്‍കി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിനാല്‍ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഇയാൾ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സെല്ലിലെ ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, പിന്നീട് കഴുകാൻ വെച്ച വസ്ത്രങ്ങൾ കൂട്ടിക്കെട്ടി, ജയിൽ മതിൽ ചാടി രക്ഷപ്പെടാൻ ഉപയോഗിച്ചു. പുറത്തുനിന്നുള്ള ചിലരുടെ സഹായം ലഭിച്ചതായി സംശയിക്കുന്നു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ സെൽ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് പ്രതിയെ കണ്ടെത്താനായില്ല. എന്നാൽ, സംഭവം രണ്ട് മണിക്കൂർ വൈകിയാണ് പോലീസ് അധികാരികളെ അറിയിച്ചതെന്നും ഇത് വലിയ വീഴ്ചയാണെന്നും വിമർശനമുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഒരാൾക്ക് ഇത്തരത്തിൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ അവസരം നൽകിയതിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും രംഗത്തെത്തുന്നുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
