സംസ്‌കാരശൂന്യവും, പ്രാകൃതനും, ക്രൂരനുമായ ബംഗ്ലാദേശ് നേതാവ് മുഹമ്മദ് യൂനുസിന്റെ നൊബേൽ സമ്മാനം തിരിച്ചെടുക്കണമെന്ന് തസ്ലീമ നസ്രീന്‍

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് വീണ്ടും വിവാദത്തിൽ. 2006-ൽ യൂനുസിന് നൽകിയ സമാധാനത്തിനുള്ള നോബൽ സമ്മാനം പുനഃപരിശോധിക്കണമെന്ന് പ്രവാസിയായ ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്ലീമ നസ്രീൻ നോബൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. യൂനുസ് തന്റെ പ്രവർത്തനങ്ങളിലൂടെ ബംഗ്ലാദേശിൽ അശാന്തി പടർത്തുക മാത്രമല്ല, നോബേൽ സമ്മാനത്തിന്റെ അന്തസ്സിനും കളങ്കം വരുത്തിയെന്ന് നസ്രീൻ ആരോപിക്കുന്നു.

“അസ്വസ്ഥതയും അശാന്തിയും പരത്തിയ ഒരാൾക്കാണ് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നൽകിയിരിക്കുന്നത്. ഇനി മുതൽ, സമാധാനത്തിനുള്ള സമ്മാന ജേതാക്കളെ ആരും വിശ്വസിക്കില്ല. പകരം, ആ വ്യക്തി ശരിക്കും മോശക്കാരനാണോ എന്ന് ആളുകൾ സംശയിക്കും. നോബേൽ കമ്മിറ്റി ഇത് ഗൗരവമായി പരിഗണിഗണിക്കണം,” അവര്‍ എഴുതി.

അസാധാരണമായ സാഹചര്യങ്ങളിൽ യൂനസിന്റെ സമ്മാനം തിരിച്ചെടുക്കാനുള്ള സാധ്യത പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നസ്രീൻ നോർവീജിയൻ നോബൽ കമ്മിറ്റിക്ക് ഒരു കത്തെഴുതി. “ഒരിക്കൽ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നൽകിയാൽ, അത് തിരിച്ചെടുക്കാൻ കഴിയില്ലെന്ന് എനിക്കറിയാം, പക്ഷേ അസാധാരണമായ സാഹചര്യങ്ങളിൽ അത് സാധ്യമാണോ എന്ന് ദയവായി പരിഗണിക്കുക? ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന് നിങ്ങൾ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി, പക്ഷേ അദ്ദേഹം സമാധാനത്തിനായി ഒന്നും ചെയ്തില്ല. മറിച്ച് രാജ്യത്ത് അട്ടിമറിക്കും, കലാപത്തിനും പ്രേരിപ്പിക്കുകയായിരുന്നു, ” കത്തില്‍ അവര്‍ സൂചിപ്പിച്ചു.

യൂനുസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നസ്രീൻ ഉന്നയിച്ചിരിക്കുന്നത്. ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനായ യൂനുസ് നികുതി വെട്ടിക്കാനും ബാങ്കിന്റെ വിദേശ ഫണ്ട് ദുരുപയോഗം ചെയ്ത് സ്വന്തം സ്വകാര്യ ബിസിനസുകൾ സ്ഥാപിക്കാനും ശ്രമിച്ചുവെന്ന് അവർ അവകാശപ്പെടുന്നു. “മൈക്രോ ലോണുകൾ എടുത്ത സ്ത്രീകൾക്ക് പലിശ സഹിതം തുക തിരികെ നൽകാൻ കഴിയാതെ വന്നപ്പോൾ, ഗ്രാമീൺ ബാങ്കിലെ ജീവനക്കാർ അവരുടെ വീടുകൾ പൊളിച്ചുമാറ്റി. അത്തരമൊരു വ്യക്തിയെ എങ്ങനെ സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കും?. താൻ ശാക്തീകരിക്കുന്നുവെന്ന് അവകാശപ്പെട്ട ദരിദ്ര സ്ത്രീകളെ യൂനുസ് പീഡിപ്പിച്ചിരുന്നു,” നസ്രീന്‍ കത്തില്‍ എഴുതി.

1971-ൽ പരാജയപ്പെട്ട പാക്കിസ്താന്‍ സൈന്യത്തിനുവേണ്ടി യൂനുസ് പ്രവർത്തിച്ചുവെന്നും തസ്ലീമ നസ്രീൻ ആരോപിച്ചു. ജിഹാദി തീവ്രവാദികളുമായി സഹകരിച്ച് യൂനുസ് ബംഗ്ലാദേശിൽ നിയമവിരുദ്ധമായി അധികാരം പിടിച്ചെടുത്തുവെന്നും അവർ അവകാശപ്പെട്ടു. “കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പ്രതിപക്ഷ നേതാക്കളെയും ന്യൂനപക്ഷ ഹിന്ദുക്കളെയും യൂനുസിന്റെ ഉത്തരവനുസരിച്ച് കൊലപ്പെടുത്തി. അവരുടെ വീടുകൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. നിരവധി പേരെ തെറ്റായി ജയിലിലടച്ചു,” നസ്രീന്‍ എഴുതി. അതിനുപുറമെ, യൂനുസ് ഇന്ത്യയ്‌ക്കെതിരെ യുദ്ധം ആസൂത്രണം ചെയ്യുന്നതായും അവർ ആരോപിച്ചു. “അയൽരാജ്യമായ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് യൂനുസ് തയ്യാറെടുക്കുകയാണ്. ബംഗ്ലാദേശിന് ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കഴിവില്ല, എന്നിട്ടും തന്റെ വ്യാമോഹത്തിൽ അദ്ദേഹം രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ്” എന്ന് നസ്രീൻ മുന്നറിയിപ്പ് നൽകി.

ബംഗ്ലാദേശിനെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് യൂനുസിനെ നസ്രിൻ കുറ്റപ്പെടുത്തി. “ജിഹാദി ഭീകരരുടെ ആക്രമണങ്ങൾ കാരണം വ്യവസായങ്ങൾ അടച്ചുപൂട്ടി, സാമ്പത്തിക സ്ഥിതി മോശമാകാൻ പോകുന്നു, പക്ഷേ യൂനുസിന് ആശങ്കയില്ല,” അവർ പറഞ്ഞു. യൂനുസിന്റെ പെരുമാറ്റത്തെ “സംസ്‌കാരശൂന്യവും, പ്രാകൃതവും, ക്രൂരവും” എന്ന് വിശേഷിപ്പിച്ച നസ്രിൻ, അദ്ദേഹത്തിന്റെ ഹൃദയത്തിൽ വെറുപ്പും പ്രതികാരവും ഉണ്ടെന്നും സമാധാനം സ്ഥാപിക്കാൻ അദ്ദേഹത്തിന് ഉദ്ദേശ്യമില്ലെന്നും പറഞ്ഞു.

യൂനുസിന്റെ പുരസ്‌കാരം തിരിച്ചെടുത്തുകൊണ്ട് സമാധാനത്തിന് അനുകൂലമായി ഒരു മാതൃക കാണിക്കണമെന്ന് നസ്രീൻ നൊബേൽ കമ്മിറ്റിയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബംഗ്ലാദേശിൽ ഒരു ദിവസം പോലും സമാധാനം ഉണ്ടായിട്ടില്ലെന്നും എന്നാൽ യൂനുസിനെ സമാധാനത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നതെന്നും അവർ പറഞ്ഞു.

ഈ വിവാദം യൂനുസിന്റെ പ്രതിച്ഛായയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുക മാത്രമല്ല, നൊബേൽ സമ്മാനം തിരഞ്ഞെടുക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള ചർച്ചയ്ക്ക് കാരണമാകുകയും ചെയ്യും.

Leave a Comment

More News