കുടിയേറ്റക്കാരെ നിയന്ത്രിച്ചില്ലെങ്കില്‍ അവര്‍ നിങ്ങളെയും രാജ്യത്തേയും നശിപ്പിക്കും; യൂറോപ്പിന് ട്രം‌പിന്റെ മുന്നറിയിപ്പ്

“കുടിയേറ്റക്കാരെ നിയന്ത്രിച്ചില്ലെങ്കില്‍ അവര്‍ യൂറോപ്പിനെ നശിപ്പിക്കും” എന്നും അതുകൊണ്ട് അടിയന്തിരമായി അവരെ നിയന്ത്രിക്കേണ്ടതുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച (ജൂലൈ 26) യൂറോപ്പിന് മുന്നറിയിപ്പ് നൽകി. “പല യൂറോപ്യൻ രാജ്യങ്ങളും ഈ ഭയാനകമായ അധിനിവേശം അവസാനിപ്പിക്കണം,” സ്കോട്ട്ലൻഡില്‍ എയർഫോഴ്സ് വണ്ണിൽ നിന്ന് ഇറങ്ങിയ ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, “കുടിയേറ്റ വിഷയത്തിൽ നിങ്ങൾ ഉടനടി നടപടിയെടുത്തില്ലെങ്കില്‍ യൂറോപ്പിന്റെ നിലനിൽപ്പ് അപകടത്തിലാകും. നിങ്ങൾ ജാഗ്രത പാലിക്കണം” എന്ന് ട്രംപ് ഊന്നിപ്പറഞ്ഞു. “യൂറോപ്പിലെ പല രാജ്യങ്ങളിലും നടക്കുന്ന ഈ ഭീകരമായ അധിനിവേശം അവസാനിപ്പിക്കണം. അല്ലെങ്കില്‍ അവര്‍ നിങ്ങളെ നശിപ്പിക്കും” എന്ന് അദ്ദേഹം ആവർത്തിച്ചു. ട്രംപിന്റെ മാതാപിതാക്കളായ ഫ്രെഡും മേരി ആൻ മക്ലിയോഡും യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണെന്നുള്ളത് അദ്ദേഹം വിസ്മരിച്ചതാണ് അതിലേറെ രസകരം.

ചില യൂറോപ്യൻ നേതാക്കൾ ഈ കുടിയേറ്റം തടയുന്നതിൽ വിജയിച്ചിട്ടുണ്ടെങ്കിലും അവർക്ക് “അർഹമായ ബഹുമാനം” ലഭിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. “എനിക്ക് ഇപ്പോൾ അവരുടെ പേരുകൾ എടുക്കാം, പക്ഷേ അത് മറ്റുള്ളവരെ നാണക്കേടിലാക്കും. ഈ കുടിയേറ്റം യൂറോപ്പിനെ നശിപ്പിക്കുകയാണ്” എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

യുഎസ്-മെക്സിക്കോ അതിർത്തിയിലെ തന്റെ കർശന നയത്തെക്കുറിച്ചും ട്രംപ് പരാമർശിച്ചു. “കഴിഞ്ഞ മാസം മുതല്‍ ഞങ്ങൾ ആരെയും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. അപകടകാരികളായ നിരവധി ആളുകളെ ഞങ്ങൾ പുറത്താക്കി” എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ 2020 ലെ കണക്കനുസരിച്ച്, ഏകദേശം 87 ദശലക്ഷം അന്താരാഷ്ട്ര കുടിയേറ്റക്കാർ യൂറോപ്പിൽ താമസിക്കുന്നുണ്ട്. ജനുവരിയിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധ നയമാണ് സ്വീകരിച്ചത്.

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ നാടുകടത്തൽ പദ്ധതി അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് “വിദേശ പൗരന്മാരെ” ഇതുവരെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ ജനസംഖ്യയുള്ള അമേരിക്കയില്‍ അദ്ദേഹത്തിന്റെ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്.

യൂറോപ്പ് യാത്രയ്ക്കിടെ സ്കോട്ട്ലൻഡിലെ തന്റെ രണ്ട് ഗോൾഫ് പ്രോപ്പർട്ടികൾ സന്ദർശിക്കാൻ ട്രംപ് പദ്ധതിയിടുന്നുണ്ട്. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറെയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നെയും അദ്ദേഹം കാണും. സ്റ്റാർമറുമായുള്ള തന്റെ കൂടിക്കാഴ്ചയെ ഇതിനകം എത്തിയ വ്യാപാര കരാറിന്റെ ആഘോഷമായി ട്രംപ് വിശേഷിപ്പിച്ചു, “ഇത് ഇരുവിഭാഗത്തിനും ഒരു വലിയ കാര്യമാണ്” എന്ന് പറഞ്ഞു.

ഈ വാരാന്ത്യത്തിൽ ട്രംപ് സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള തന്റെ ടേൺബെറി പ്രോപ്പർട്ടിയിൽ താമസിക്കും, തിങ്കളാഴ്ച അബർഡീനിലെ തന്റെ രണ്ടാമത്തെ ഗോൾഫ് പ്രോപ്പർട്ടി ഉദ്ഘാടനം ചെയ്യും. സ്കോട്ടിഷ് ദ്വീപിൽ ജനിച്ച് വളർന്ന ട്റം‌പിന്റെ അമ്മയുടെ പേരിലുള്ളതാണ് അത്. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനെ പിന്തുണച്ച സ്കോട്ടിഷ് നേതാവ് ജോൺ സ്വിന്നിയേയും അദ്ദേഹം കണ്ടേക്കാം.

Leave a Comment

More News