തടവുപുള്ളികള്‍ക്ക് ജയില്‍ ചാടാന്‍ അനുകൂല സാഹചര്യങ്ങളുള്ള കേരളത്തിലെ ജയിലുകള്‍

തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലെ സുരക്ഷാ വീഴ്ചകൾക്ക് കാരണം ആവശ്യത്തിന് ജീവനക്കാരുടെ അഭാവമാണെന്ന് സൂചന. കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ സ്ഥിതി ദയനീയമാണ്. 2022 ൽ പ്രവർത്തനം ആരംഭിച്ച തവനൂരിലെ സെൻട്രൽ ജയിൽ താരതമ്യേന മികച്ചതാണ്.

ഉദ്യോഗസ്ഥർക്ക് 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരും. ഇ-ഓഫീസ് ജോലി, വീഡിയോ കോൺഫറൻസിംഗ്, മിനിസ്റ്റീരിയൽ ജോലി, നിർമ്മാണ യൂണിറ്റ് ജോലി, കോടതി യാത്ര എന്നിവയ്ക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ സുരക്ഷാ, നിരീക്ഷണ ചുമതലകൾക്ക് ജീവനക്കാരുണ്ടാകില്ല.

കണ്ണൂരിൽ ജയിൽ ചാട്ടത്തിന് എല്ലാ അനുകൂല സാഹചര്യങ്ങളും ഗോവിന്ദച്ചാമിക്ക് ഉണ്ടായിരുന്നു. 24 മണിക്കൂറും നിരീക്ഷിക്കേണ്ട സിസിടിവി കാണാൻ ആരുമുണ്ടായിരുന്നില്ല. സെല്ലിനുള്ളിലെ പരിശോധനയും കൃത്യമായി നടന്നില്ല. പ്രശ്നക്കാരായ തടവുകാരെ നിരന്തരം നിരീക്ഷിക്കാൻ പട്രോളിംഗ് നടത്തിയിരുന്നവർ 10 മണിക്കൂറിൽ കൂടുതൽ ഡ്യൂട്ടിയിൽ തുടരേണ്ടി വരുമ്പോൾ ഇടയ്ക്ക് ഇടവേളകൾ എടുക്കാറുണ്ടായിരുന്നു.

7367 തടവുകാരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ജയിലുകളില്‍ നിലവിൽ 10,375 പേരുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലി നടക്കുന്നത്. തടവുകാരുടെ എണ്ണത്തിന് ആനുപാതികമായി സെൻട്രൽ ജയിലുകളിൽ 5,187 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരെ ആവശ്യമുണ്ട്. 1284 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുണ്ട്. താമസ സൗകര്യത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികകൾ നിർണ്ണയിക്കുന്നത്. നിലവിൽ 50 അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. 447 ഡെപ്യൂട്ടി പ്രിസൺ ഓഫീസർ തസ്തികകൾ ലഭ്യമാണ്.

വൈദ്യുത വേലി

പൂജപ്പുര സെൻട്രൽ ജയിലിൽ രണ്ട് വർഷമായി വൈദ്യുത വേലി സ്ഥാപിച്ചിട്ടില്ല. ടെൻഡർ എടുക്കാൻ ആളില്ലെന്നാണ് വിശദീകരണം. കണ്ണൂർ, വിയ്യൂർ ഉൾപ്പെടെയുള്ള ജയിലുകളിലും സ്ഥിതി ഇതുതന്നെയാണ്. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിൽ അടുത്തിടെയാണ് പ്രവർത്തനക്ഷമമാക്കിയത്.

 തടവുകാരും ജീവനക്കാരും

പൂജപ്പുര ജയിൽ
തടവുകാർ: 1650
ആകെ ശേഷി: 727
അസിസ്റ്റന്റ് ജയിൽ ഓഫീസർമാർ: 167
ഡെപ്യൂട്ടി ജയിൽ ഓഫീസർമാർ: 56
ഓരോ ഷിഫ്റ്റിലും സുരക്ഷ: 10 ൽ താഴെ

വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ
ആകെ ശേഷി: 600
തടവുകാർ: 300
(ഗോവിന്ദച്ചാമിയെ കൊണ്ടുവന്നത് ഇവിടെയാണ്)
അസിസ്റ്റന്റ് ജയിൽ ഓഫീസർമാർ: 31
ഡെപ്യൂട്ടി ജയിൽ ഓഫീസർമാർ: 8

കണ്ണൂർ സെൻട്രൽ
ആകെ ശേഷി: 948
തടവുകാർ: 1118
അസിസ്റ്റന്റ് ജയിൽ ഓഫീസർമാർ: 150
ഡെപ്യൂട്ടി ജയിൽ ഓഫീസർമാർ: 43
ഓരോ ഷിഫ്റ്റിലും സുരക്ഷ: 10 ൽ താഴെ

Leave a Comment

More News