ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം ഉൾപ്പടെ ആറ് പ്രധാന യുദ്ധങ്ങൾ തന്റെ ഭരണകാലത്ത് ഒഴിവാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. താൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ ഇന്ന് ലോകത്ത് ആറ് വലിയ യുദ്ധങ്ങൾ നടക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഈ പ്രസ്താവന ഇന്ത്യയിലെ പ്രതിപക്ഷത്തിന് മോദിയെ അടിക്കാനുള്ള വടിയായി.
സ്കോട്ട്‌ലന്‍ഡിലെ ടേൺബെറി റിസോർട്ടിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച നടത്തിയ പ്രസ്താവന ആഗോള രാഷ്ട്രീയത്തിലും ഇന്ത്യൻ പാർലമെന്റിലും കോളിളക്കം സൃഷ്ടിച്ചു. താന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള യുദ്ധം ഉൾപ്പെടെ ലോകത്ത് ആറ് സാധ്യതയുള്ള യുദ്ധങ്ങൾ തടഞ്ഞുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഈ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്തിട്ടുണ്ട്.
താൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ ഇന്ത്യയും പാക്കിസ്താനും തമ്മിൽ ഒരു യുദ്ധം ഉണ്ടാകുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളിലും വ്യാപാര സമ്മർദ്ദം ചെലുത്തിയാണ് സംഘർഷം ഒഴിവാക്കിയതും യുദ്ധ സാധ്യത ഇല്ലാതാക്കിയതുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. “ഞാൻ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ലോകത്ത് ആറ് പ്രധാന യുദ്ധങ്ങൾ നടക്കുമായിരുന്നു. ഇന്ത്യ പാക്കിസ്താനുമായി യുദ്ധത്തിലാകുമായിരുന്നു” എന്ന് ട്രംപ് പറഞ്ഞു. തായ്‌ലൻഡും കംബോഡിയയും വെടിനിർത്തൽ പ്രഖ്യാപിക്കുകയും ആഗോള സമാധാനത്തിന്റെ കാവൽക്കാരനായി ട്രംപ് സ്വയം അവതരിപ്പിക്കുകയും ചെയ്യുന്ന സമയത്താണ് ഈ പ്രസ്താവന.
ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് ശേഷം, പ്രതിപക്ഷം ഇന്ത്യൻ പാർലമെന്റിൽ മോദി സർക്കാരിനെ വളഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദം പ്രധാനമന്ത്രി മോദി പരസ്യമായി നിരസിക്കാത്തത് എന്തുകൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി ചോദിച്ചു. “പ്രധാനമന്ത്രി മോദി, യുഎസ് പ്രസിഡന്റ് പറയുന്നത് തെറ്റാണെന്ന് നിങ്ങളുടെ ‘എക്സ്’ ഹാൻഡിൽ ഒരിക്കൽ പോലും നിങ്ങൾ എന്തുകൊണ്ട് എഴുതിയില്ല?” എന്ന് ബാനർജി പാർലമെന്റിൽ ചോദിച്ചു.
റുവാണ്ടയ്ക്കും കോംഗോയ്ക്കും ഇടയിൽ സമാധാനം കൊണ്ടുവന്നതും സെർബിയ-കൊസോവോ സംഘർഷം അവസാനിപ്പിച്ചതും താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഗാസ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും അമേരിക്ക അവിടേക്ക് ധാരാളം സാമ്പത്തിക സഹായം അയച്ചിട്ടുണ്ടെന്നും അത് ഹമാസ് പിടിച്ചെടുത്തുവെന്നുമാണ് പറഞ്ഞത്. എന്നാല്‍, വാസ്തവത്തില്‍, മറ്റു രാജ്യങ്ങള്‍ അയക്കുന്ന ഭക്ഷണ സാധനങ്ങളും ജീവന്‍ രക്ഷാ മരുന്നുകളും മറ്റും ഇസ്രായേല്‍ സൈന്യം പിടിച്ചെടുക്കുകയാണെന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് ട്രംപിന്റെ മലക്കം മറിച്ചില്‍.
സമാധാനത്തിനുള്ള നോബേല്‍ സമ്മാനം താന്‍ പ്രതീക്ഷിച്ചിരുന്നതായും ട്രംപ് സമ്മതിച്ചു. മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ആ അവാർഡ് ലഭിച്ചതിൽ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സാധ്യമായ ആണവയുദ്ധം തടഞ്ഞതിന് ട്രംപിനെ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ പ്രശംസിക്കുകയും സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപിന് നോബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു.
