തിരുവനന്തപുരം: കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെയുള്ള പ്രതിഷേധം കേരളത്തിലും ന്യൂഡൽഹിയിലും ആളിക്കത്തി.
ജൂലൈ 25 വെള്ളിയാഴ്ച ആഗ്രയിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു കന്യാസ്‌ത്രീകളായ സിസ്റ്റര്‍ പ്രീതി മേരിയും, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും. ഇവർക്കൊപ്പം മൂന്ന് ആദിവാസി പെണ്‍കുട്ടികളും ഒരു യുവാവും ഉണ്ടായിരുന്നു. എന്നാൽ, യാത്രാമധ്യേ ദുർഗ് റയിൽവേ സ്‌റ്റേഷനിൽ വച്ച് ചില ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ ട്രെയിനിൽ വച്ച് കന്യാസ്‌ത്രീകളെ തടഞ്ഞുവച്ച് ചോദ്യം ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹിന്ദു മതത്തില്‍പെട്ട കുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്‌തതെന്നും, പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നതിനുവേണ്ടി ആഗ്രയിലേക്ക് കൊണ്ടുപോകുകയാണെന്നും ഇവര്‍ ആരോപിച്ചു. മൂന്ന് ആദിവാസി പെൺകുട്ടികളും നാരായൺപൂർ ജില്ലയിലെ ഓർച്ച ഗ്രാമത്തിലെ സ്വദേശികളാണെന്ന് ഇവര്‍ പറയുന്നു.
കന്യാസ്‌ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഇതിനുമുൻപും ഇത്തരം സംഭവങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പല ആദിവാസി പെണ്‍കുട്ടികളെയും മതം മാറ്റിയിട്ടുണ്ടെന്നും ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ ആരോപിച്ചു. റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി മതപരിവര്‍ത്തന ആരോപണത്തെ തുടര്‍ന്ന് രണ്ട് കന്യാസ്‌ത്രീകളെയും മൂന്ന് പെണ്‍കുട്ടികളേയും യുവാവിനെയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു.
ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കന്യാസ്‌ത്രീകളെ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞ് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കന്യാസ്‌ത്രീകൾക്കും യുവാവിനുമെതിരെ സെക്ഷൻ 143 ബിഎൻഎസ് പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തുവെന്നും കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജിആർപി ഇൻചാർജ് രാജ്‌കുമാർ പറഞ്ഞു.
“ന്യൂനപക്ഷ വിദ്വേഷം വളർത്തുന്ന രീതിയില്‍ കന്യാസ്ത്രീകളെ വ്യാജ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതിനെ” അപലപിച്ച്, കേരളത്തിൽ നിന്നുള്ള ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) എംപിമാരും പ്രതിപക്ഷമായ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) എംപിമാരും പാർലമെന്റിന് പുറത്ത് ഒരേസമയം പ്രതിഷേധിച്ചതോടെ രംഗം കൂടുതല്‍ കലുഷിതമായി.
അസ്സീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്‌എംഐ) ക്രമത്തിലെ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീത മേരിയെയും അറസ്റ്റ് ചെയ്തതിൽ “ഹിന്ദു വലതുപക്ഷ” ബജ്‌റംഗ് ദളിന്റെ “നിർബന്ധിത പങ്കിനെ” അപലപിക്കുന്ന പ്ലക്കാർഡുകൾ യുഡിഎഫ് എംപിമാർ കൈകളിലേന്തിയിരുന്നു.
ഒരു ആദിവാസി ഉൾപ്പെടെ മൂന്ന് പെണ്‍കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി ആഗ്രയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന വ്യാജ ആരോപണമുന്നയിച്ച് റെയിൽവേ സ്റ്റേഷനിൽ “സംഘപരിവാർ പ്രവർത്തകർ കംഗാരു കോടതി” നടത്തിയെന്ന് അവർ പറഞ്ഞു.
മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട സിസ്‌റ്റർ പ്രീതി, സിസ്‌റ്റർ വന്ദന എന്നിവരെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് സഭാ പുരോഹിതന്മാരും മനുഷ്യാവകാശ പ്രവർത്തകരും രാഷ്‌ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ കന്യാസ്‌ത്രീകള്‍ക്കൊപ്പമാണെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും ബിജെപി പറയുമ്പോള്‍, ഇത് ഇരട്ടത്താപ്പ് ആണെന്നാണ് പ്രതിപക്ഷത്തിൻ്റെ വിമര്‍ശനം.
അതേസമയം, കന്യാസ്‌ത്രീകൾക്കെതിരെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതപരിവർത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സംഭവത്തിൽ സിസ്‌റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്‌റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങൾ ചുമത്തി. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നുവെന്നും മനുഷ്യ കടത്ത് സംശയിക്കുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിലവിൽ കന്യാസ്‌ത്രീ വിഷയത്തിൽ സംഘപരിവാര്‍ ശ്രമിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പാണെന്നാണ് അറസ്‌റ്റിലായ അങ്കമാലിക്കടുത്തുള്ള എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീത മേരിയുടെ വീട്ടിൽ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീയുടെ പ്രായമായ മാതാപിതാക്കളെയും ബന്ധുക്കളെയും താൻ സന്ദര്‍ശിച്ചു. അവരൊക്കെ ഉത്കണ്‌ഠയിലാണ്. രാജ്യത്ത് ഉടനീളം ഇത്തരം സംഭവങ്ങളുണ്ടാകുകയാണെന്നും സതീശൻ പറഞ്ഞു. നിരന്തരം വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുകയാണ്. ഇതിന് മുന്‍പും ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്‌ഗഢിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലും ഉത്തര്‍ പ്രദേശിലും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സഭാ വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.
രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുമ്പോഴാണ് കേരളത്തില്‍ ഈസ്റ്ററിനും ക്രിസ്‌മസിനും കേക്കുമായി പോകുന്ന കാപട്യം നടക്കുന്നത്. രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് ക്രൈസ്‌തവ സമൂഹമാണ്. ക്രിസ്‌മസ് ആരാധനയും പ്രാര്‍ത്ഥനാ കൂട്ടായ്‌മയും തടസപ്പെടുത്തുകയാണ്. വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിക്കുന്നതിന് പൊലീസും കൂട്ടുനില്‍ക്കുകയാണ്. എല്ലാ രേഖകളോടും കൂടി യാത്ര ചെയ്‌തവരെയാണ് ടി.ടി ബെജ്‌റംഗ്‌ദൽ പ്രവര്‍ത്തകനെ വിളിച്ചു വരുത്തി പൊലീസിനെ ഏല്‍പ്പിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ ബിജെപിയെ “ആട്ടിന്‍ തോലണിഞ്ഞ ചെന്നായ” എന്നാണ് വി ഡി സതീശൻ വിശേഷിപ്പിച്ചത്.
കന്യാസ്ത്രീകളെ ജുഡീഷ്യൽ റിമാൻഡിൽ അയച്ചതിലൂടെ ഛത്തീസ്ഗഢ് പോലീസ് ബജ്‌റംഗ്ദൾ അനുകൂലികളാണെന്ന് തെളിയിച്ചതായി യുഡിഎഫും എൽഡിഎഫും ആരോപിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റ് കോടതി പരിഗണിക്കുന്നതുവരെ ഒരു അഭിപ്രായം പറയാൻ കഴിയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കന്യാസ്ത്രീകളുടെ മോചനം എത്രയും വേഗം ഉറപ്പാക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) കേരള പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര, ഛത്തീസ്ഗഡ് സർക്കാരുകളുമായും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുമായും (സിബിസിഐ) അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“അന്യായമായ” അറസ്റ്റുകളെക്കുറിച്ച് ഒരു താൽക്കാലിക ചർച്ച ആവശ്യപ്പെട്ട് എൽഡിഎഫിന്റെ രാജ്യസഭാംഗവും എംപിയുമായ ജോൺ ബ്രിട്ടാസ് ഉപരിസഭയിൽ ഒരു നോട്ടീസ് അവതരിപ്പിച്ചു. കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തെഴുതി.
“അന്യായമായി തടവിലാക്കപ്പെട്ട” കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
2014-ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.
സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സഭാ നേതാക്കളോട് പ്രതിഷേധം മോദിയുടെ വീട്ടു പടിക്കലാക്കാന്‍ നിര്‍ദ്ദേശിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റിനെ ഒരു പുരോഹിതനും അപലപിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. “രാജ്യത്ത് സംഘപരിവാർ സൃഷ്ടിക്കുന്ന ന്യൂനപക്ഷ വിരുദ്ധ അന്തരീക്ഷത്തെ പ്രാർത്ഥനകൾ കൊണ്ട് മാത്രം വീണ്ടെടുക്കാൻ കഴിയില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) തങ്ങളുടെ സംരക്ഷകരാണെന്ന തെറ്റായ വിശ്വാസത്തിലാണ് ചില വിഭാഗങ്ങൾ ഉള്ളതെന്ന് കേരള എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. “ആർഎസ്‌എസ് സിദ്ധാന്തം മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും അഞ്ചാം കോളമിസ്റ്റുകളായും അതിനാൽ ഉള്ളിലെ ശത്രുക്കളായും തരംതിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കണം. അവർ കണ്ണുതുറക്കാൻ ഇനിയും വൈകിയിട്ടില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) കേരള ജനറൽ സെക്രട്ടറി അനിൽ വിളയിൽ അറസ്റ്റുകളെ ന്യായീകരിച്ചു.
മനുഷ്യക്കടത്ത് കേസിന്റെ വസ്തുതകൾ സിബിസിഐ മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കന്യാസ്ത്രീകൾക്കൊപ്പം യാത്ര ചെയ്തവരില്‍ പ്രായപൂർത്തിയാകാത്ത ഒരു ആദിവാസി പെണ്‍കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
