ആലപ്പുഴ: ചേർത്തലയിലെ ഒരു വീട്ടു വളപ്പില്‍ നിന്ന് കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ അത് മനുഷ്യാവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചു. രണ്ടു സ്ത്രീകളെ ദുരൂഹ സാഹചര്യത്തിൽ ഈയ്യിടെ കാണാതായ കേസിന്റെ അന്വേഷണത്തിനിടെയാണ് ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടുവളപ്പിൽ നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ചേർത്തല പള്ളിപ്പുറം 9-ാം വാർഡിലെ ചെങ്ങുംതറവീട്ടിൽ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജെയ്നമ്മയുടെതാണ് മൃതദേഹാവശിഷ്ടം എന്നാണ് പോലീസിന്റെ നിഗമനം. സ്ഥിരീകരണത്തിനായി ജയ്നമ്മയുടെ കുടുംബം ഇന്ന് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകും.
ചേർത്തല കടകരപ്പള്ളി ആലുങ്ങൽ സ്വദേശി ബിന്ദു പത്മനാഭൻ (47), ജയ്നമ്മ എന്നിവരുടെ തിരോധാനത്തിൽ സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് സംശയിച്ചിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കാണാതായ സ്ത്രീകളിൽ ആരുടെയെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ കഴിയൂ എന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാവിലെ മുതൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പരിശോധന ആരംഭിച്ചിരുന്നു. ഉച്ച കഴിഞ്ഞാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ വീടും പരിസരവും പോലീസ് സീൽ ചെയ്തു. സെബാസ്റ്റ്യനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ശാസ്ത്രീയ പരിശോധനാ സംഘവും വിരലടയാള വിദഗ്ധരും ഉൾപ്പെടെയുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി രാത്രി വൈകിയും പരിശോധന തുടർന്നു. ബിന്ദു പത്മനാഭന്റെ തിരോധാന കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.
2002 മുതൽ കടക്കരപ്പള്ളി ആലുങ്ങൽ പത്മ നിവാസിൽ ബിന്ദുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പ്രവീൺ 2017 സെപ്റ്റംബർ 17 ന് പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിന് പിന്നിൽ സെബാസ്റ്റ്യനാണെന്ന് പരാതിയിൽ ആരോപിക്കുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിൽ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയും അത് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു.
2024 ഡിസംബർ 23 നാണ് ഏറ്റുമാനൂര്‍ സ്വദേശി ജയ്നമ്മയെ കാണാതായത്. ഡിസംബര്‍ 28-ന് സഹോദരനും പിന്നീട് ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കിയിരുന്നു.
