കാലിഫോര്‍ണിയയില്‍ എഫ്-35 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

കാലിഫോര്‍ണിയ: ബുധനാഴ്ച വൈകുന്നേരം കാലിഫോർണിയയിലെ ലെമൂർ നേവൽ എയർ സ്റ്റേഷന് സമീപം യുഎസ് നേവിയുടെ എഫ്-35 യുദ്ധവിമാനം തകർന്നുവീണു. അപകടത്തെത്തുടർന്ന് വിമാനം തീ പിടിച്ചു. പൈലറ്റ് കൃത്യസമയത്ത് സ്വയം പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

വൈകുന്നേരം 6:30 ഓടെയാണ് അപകടം നടന്നത്. അഗ്നിശമന സേനയും അടിയന്തര സേവനങ്ങളും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. റഫ് റൈഡേഴ്‌സ് എന്നറിയപ്പെടുന്ന VF-125 സ്ക്വാഡ്രണിന്റെ ഭാഗമായിരുന്നു ഈ F-35 യുദ്ധവിമാനം എന്ന് അപകടം സ്ഥിരീകരിച്ചുകൊണ്ട് നാവിക സേന പറഞ്ഞു.

ഫ്രെസ്‌നോ നഗരത്തിന് ഏകദേശം 40 മൈൽ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നേവൽ എയർ സ്റ്റേഷൻ ലെമൂറിന് സമീപമാണ് അപകടമുണ്ടായതെന്ന് നാവികസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് നാവികസേനയുടെ സ്‌ട്രൈക്ക് ഫൈറ്റർ എയർക്രാഫ്റ്റ് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണിത്.

പൈലറ്റ് വിമാനത്തിൽ നിന്ന് സ്വയം ഇജക്ട് ചെയ്ത് രക്ഷപ്പെട്ടതായി നാവികസേന സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സാധാരണമാണെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പറയപ്പെടുന്നു. അപകടത്തെക്കുറിച്ച് നാവികസേനയും അനുബന്ധ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റഫ് റൈഡേഴ്‌സ് എന്നറിയപ്പെടുന്ന VF-125 സ്ക്വാഡ്രണിന്റെ ഭാഗമായിരുന്നു തകർന്ന വിമാനം. ഈ സ്ക്വാഡ്രൺ ഒരു ഫ്ലീറ്റ് റീപ്ലേസ്‌മെന്റ് സ്ക്വാഡ്രണിന്റെ പങ്ക് വഹിക്കുകയും F-35 യുദ്ധവിമാനങ്ങൾ പറത്തുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്യുന്നു.

അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ തീജ്വാലകളാൽ ചുറ്റപ്പെട്ടിരിക്കുന്നതും ചുറ്റും കനത്ത പുക പടരുന്നതും ഇതിൽ കാണാം.

Leave a Comment

More News