കൊച്ചി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായ കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് ബിജെപി ദേശീയ നേതാവ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കന്യാസ്ത്രീകൾക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം മുമ്പ് സഭ പാർട്ടിയുടെ സഹായം തേടിയതിനെത്തുടർന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും നേരിട്ട് കണ്ടതായും അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയ പാർട്ടികൾ സംഭവത്തെ ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റിയതിനെയും അദ്ദേഹം വിമർശിച്ചു.
അതേസമയം, സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദേശം ബിഷപ്പിന് അറിയിച്ചതായും ജാമ്യം എത്രയും വേഗം ലഭിക്കണമെന്നതാണ് സഭയുടെ ആവശ്യമെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഈ വിഷയത്തിൽ സഭയുടെയും സമൂഹത്തിന്റെയും വികാരങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് ഇന്ന് യുഡിഎഫും എൽഡിഎഫും ഉൾപ്പെടെയുള്ള കേരളത്തിലെ എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കേണ്ടതുണ്ടെന്നും അതിനായി വിചാരണ കോടതിയെ വീണ്ടും സമീപിക്കണമെന്നുമാണ് അമിത് ഷാ എംപിമാരോട് നിർദേശിച്ചത്. ജാമ്യാപേക്ഷയ്‌ക്കെതിരെ ഛത്തീസ്‌ഗഡ് സർക്കാർ പ്രതിഷേധിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതിയുടെ നടപടി തെറ്റാണെന്നും ആഭ്യന്തരമന്ത്രി എംപിമാരോട് വ്യക്തമാക്കി.
