മതസംഘടനകൾ മാന്യത മറക്കാതിരിക്കണം: ബാബു ഇടവനക്കാട്

അമേരിക്കയിലേക്ക് മലയാളികൾ ഉപജീവനം തേടിയെത്തിയപ്പോൾ കൂടെകൂട്ടിയ മതവും ജാതിയും സഭകളും ഉപസഭകളുമൊക്കെകൂടി ഈ സ്വപ്നഭൂമിയുടെ സാമൂഹ്യ അന്തരീക്ഷത്തെ മലിനമാക്കാൻ തുടങ്ങിട്ട് വർഷങ്ങളേറെയായി. സാങ്കേതിക മികവും ശാസ്ത്രബോധവുമുള്ള ഇവിടെ വളരുന്ന അടുത്ത തലമുറയുടെ മുന്നിൽ സ്വയം അപഹാസ്യരാകുന്നത് എന്തുകൊണ്ടോ അവർ അറിയുന്നില്ല. കേരളത്തിൽ പോലും ജനപ്രീതി കുറഞ്ഞുകൊണ്ടിരിക്കുന്ന ധ്യാനം കൂടലും ശത്രു സംഹാരവും ആഭിചാര ക്രിയകളും ഏറ്റെടുത്തു പ്രചരിപ്പിക്കാൻ ചില ഗ്രൂപ്പുകൾ അമേരിക്കയിലും സജീവമായി പ്രവർത്തിച്ചുവരുന്നു. യാതൊരു അധികാരികതയുമില്ലാത്ത ചില സഭാ വിഭാഗങ്ങളും വൈദിക പാരമ്പര്യമോ മലയാള ഭൂമിയിൽ വേരുകളോ ഇല്ലാതെ അടുത്ത കാലത്തു പൊട്ടിമുളച്ച ചില വ്യാജ സന്യാസ ഗ്രൂപ്പുകളുമാണ് ഇതിന്റെ പ്രധാന പ്രായോജകർ.

കാൽ നൂറ്റാണ്ടു പിന്നിട്ട ഒരു ഹൈന്ദവ സംഘടനയിൽ കൃത്യം നാലു വർഷം മുൻപ് നാളിതുവരെ കേട്ടിട്ടില്ലാത്ത രീതിയിൽ കുറെയേറെ സ്‌പോൺസേർഡ് അംഗങ്ങളെ രജിസ്‌ട്രേഷൻ ഫീസും വിമാന ടിക്കറ്റും നൽകി എത്തിച്ചു സംഘടനയെ പിടിച്ചെടുക്കുകയും തുടർന്നുള്ള വർഷങ്ങളിലായി രഹസ്യമായ നീക്കങ്ങളിലൂടെ സംഘടനയുടെ വിശ്വാസ്യതയെ പൂർണ്ണമായി വരുതിയിലാക്കാൻ നിരന്തരം ശ്രമിക്കുന്ന ഒരു ആഭിചാര സംഘത്തെക്കുറിച്ചാണ് ഇവിടെ ഓർമ്മപ്പെടുത്താൻ ശ്രമിക്കുന്നത്.

അമേരിക്കയിലെ മുഴുവൻ മലയാളി സംഘടനകളെയും പ്രതിക്കൂട്ടിലാക്കാൻ സാധ്യതയുള്ള ഈ സംഘത്തിന്റെ അരങ്ങേറ്റം 2021 ൽ ചിക്കാഗോയിൽ നടന്ന ഒരു ഇടക്കാല പൊതുയോഗമായിരുന്നു. യോഗാവസാനം നടന്ന പൊതുചർച്ചയിൽ തങ്ങളെ അധികാരത്തിലെത്തിച്ചാൽ സംഘടനക്ക് ഒരു ആസ്ഥാന മന്ദിരവും അനുബന്ധമായി ഒരു ക്ഷേത്ര സമുച്ചയവും സംഭാവനയായി നിർമ്മിച്ച നൽകുമെന്ന് പ്രഖ്യാപിക്കുകയും അതിനുള്ള ധനശേഷി അവർക്കുണ്ടെന്നു ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തു. ആ വാഗ്ദ്വാനം വിശ്വസിച്ചവരും അവർ തന്നെ ചെല്ലും ചെലവും നൽകി ആരിസോണയിൽ എത്തിച്ചവരും ചേർന്ന് നിസ്സാര ഭൂരിപക്ഷത്തിൽ ഇവരെ വിജയിപ്പിക്കുകയും ചെയ്തു.

അമേരിക്കയിൽ നോൺ പ്രോഫിറ്റ് നികുതി വിമുക്ത മത സംഘടനകൾക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളുടെ ദുരുപയോഗം ലക്ഷ്യമിട്ട ഇക്കൂട്ടർ ആദ്യം ചെയ്തത് അവർ നേരത്തെ രെജിസ്റ്റർ ചെയ്തു കസ്റ്റഡിയിൽ വെച്ചിരുന്ന ഒരു സംഘടനയുടെ പേരിൽ അധികാരം ലഭിച്ച സംഘടനയുടെ കാൽ നൂറ്റാണ്ടുകൊണ്ടു നേടിയെടുത്ത ഗുഡ് വിൽ തട്ടിയെടുക്കാൻ നടത്തിയ നീക്കമായിരുന്നു. സംഘടനയുടെ ട്രേഡ് മാർക്കും വെബ്സൈറ്റും എമ്ബളവും അടങ്ങുന്ന സകല സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം അതിന്റ പ്രസിഡന്റായി വന്നയാൾ തന്നെ ഒരു അറ്റോർണി മുഖേന യു.എസ്.പി.ടി.ഒ. എന്ന ഫെഡറൽ ഏജൻസിക്ക് അപേക്ഷ നൽകി തങ്ങൾ സ്വകാര്യമായി കൊണ്ടുനടന്നിരുന്ന പഴയ സംഘത്തിലേക്ക് മാറ്റുവാൻ നീക്കം നടത്തി. ശരിയായ ഒരു മോഷണ ശ്രമമാണ് ഇതെന്ന് മനസ്സിലാക്കിയ ഫെഡറൽ അധികാരികൾ ആ നീക്കത്തെ പരാജയപ്പെടുത്തി.

മില്യൺ ഡോളർ ആസ്ഥാനം പ്രഖ്യാപിച്ചു വന്ന സംഘം കൺവൻഷൻ നടത്തി പടിയിറമ്പോൾ രണ്ടു വർഷക്കാലത്തെ വരവ് ചെലവ് കണക്കുകൾ ഒരു വേദിയിലും അവതരിച്ചു കണ്ടില്ല. ബൈല പ്രകാരം കഴിഞ്ഞ സമിതിയുടെ കണക്കുകൾ പരിശോധിക്കാനും ഓഡിറ്റ് ചെയ്യിക്കാനും ചുമതലയുള്ള ട്രസ്‌റ്റി ബോർഡിൽ ഭിന്നിപ്പുണ്ടാക്കി ആ സമിതിയെത്തന്നെ നിഷ്ക്രിയമാക്കാനും ഇവർക്ക് സാധിച്ചു.

അടുത്ത ഭരണസമിതി വിളിച്ച ഇടക്കാല പൊതുയോഗത്തിൽ അംഗങ്ങളുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് അന്നത്തെ ട്രഷറർ 1,014022.96 ഡോളർ വരവും 1,014019.97 ഡോളർ ചെലവും വരുന്ന ഒരു കണക്കു വായിച്ചു. എന്നാൽ ഇതുസംബന്ധിച്ച ഇനം തിരിച്ച യാതൊരു വിവരങ്ങളോ ആരെങ്കിലും ഓഡിറ്റ് ചെയ്ത സാക്ഷ്യമോ എവിടെയെങ്കിലും പാസ്സാക്കിയ രേഖകളെക്കുറിച്ചോ യാതൊന്നും വെളിപ്പെടുത്തിയതായി അറിവില്ല.

ഐ.ആർ.എസ്. രേഖകൾ പരിശോധിച്ചാൽ ഇവർ അതെ വര്ഷത്തിലേതായി നൽകിയ വരവ് 743,213 ഡോളറും ചെലവ് 711,333 ഡോളറുമാണ്. ആരും കണ്ടിട്ടില്ലാത്ത ഈ കണക്കുകളിൽ വരവിനത്തിൽ 270,809.90 ന്റെയും ചെലവിനത്തിൽ 302,686 ന്റെയും വ്യത്യാസം കാണാം. ഇത്രയും വലിയ ക്രമക്കേടുകൾക്ക് ചുക്കാൻ പിടിച്ചവർ അടുത്ത ഭരണ നേതൃത്വം കൈക്കലാക്കാൻ കൊണ്ടുപിച്ച ശ്രമത്തിലുമാണ്. ഇവിടെയാണ് ദുരൂഹതകൾ അവശേഷിക്കുന്നത്.

വിവിധ ഇന്ത്യൻ സംഘടനകളെയാകെ ബാധിക്കുന്ന ഒരു നിയമവിരുദ്ധ മനുഷ്യക്കടത്തിന്റെ സാദ്ധ്യതകൾ ഇവിടെ സംശയിക്കേണ്ടിയിരിക്കുന്നു. ആറമ്മുള വള്ളംകളി അമേരിക്കയിൽ പുനർസൃഷ്ടിക്കാനെന്ന പേരിൽ ഇരുപതുപേർക്കു വിസ സമ്പാദിച്ചു വൻ തുക തട്ടിയെടുക്കാൻ ചിലർ ശ്രമം നടത്തിയതും കേരളത്തിൽ പോലീസ് കേസായതും വാങ്ങിയ അഡ്വാൻസിൽ അര ലക്ഷം കുറച്ചു ബാക്കി തിരിച്ചു നൽകി തടിയൂരിയതുമായ പിന്നാമ്പുറ വാർത്തകൾ കേട്ടില്ല എന്ന് ധരിച്ചു നമുക്ക് ആശ്വസിക്കാം.

ഇത്തരം മാഫിയ സംഘങ്ങൾ ആട്ടിൻ തോലിട്ട ചെന്നായകളെപ്പോലെ നിഷ്കളങ്കരായ ചിലരെ കൂടെക്കൂട്ടി അവരുടെ പേരിൽ പണം മുടക്കി വൻ ലാഭം കൊയ്യാൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുത്തിയില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും.

4 Thoughts to “മതസംഘടനകൾ മാന്യത മറക്കാതിരിക്കണം: ബാബു ഇടവനക്കാട്”

  1. R K Nair

    Looks like it is the KHNA. No wonder why people are so eager to win power.

  2. KHNA Member

    The story of KHNA is a disappointing one. While a few individuals have been clever enough to profit from the organization, it has come at the cost of its integrity. If a new team can rise to the challenge, win the community’s trust, and remove these entrenched elements, then KHNA may still have a future. Unfortunately, many so-called leaders have chosen to side with the wrong group when personal positions were offered. As long as this dynamic continues, KHNA will remain under the control of a closed caucus.

  3. ഗോപാല്‍ വര്‍മ്മ

    കെ‌എച്ച്‌എന്‍‌എ മാത്രമല്ല ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ ഒട്ടുമിക്ക ‘ദേശീയ’ സംഘടനകളിലും ഇതേ രൂപത്തില്‍ അല്ലെങ്കില്‍ ഇതിനേക്കാള്‍ തരം താഴ്ന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. പൊതുജനങ്ങളെയും സംഘടനകളിലെ അംഗങ്ങളെയും വളരെ തന്ത്രപൂര്‍‌വ്വം തെറ്റിദ്ധരിപ്പിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നവര്‍ അനവധിയാണ് ഈ സംഘടനകളില്‍. ഒന്നുകില്‍ പണം കൊടുത്ത് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ കൊടുത്ത് അവര്‍ അവര്‍ക്കിഷ്ടപ്പെട്ടവരെ വരുതിയിലാക്കുന്നു. അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത് മലയാളിയുടെ വിവരമില്ലായ്മയോ ബുദ്ധിശൂന്യതയോ ആണ്.

  4. Shyam Mohan P.K.

    അമേരിക്കയിലെ പല പ്രവാസി സംഘടനകളിലും ‘തിരിമറി’ നടക്കുന്നുണ്ടെന്നുള്ളത് പകല്‍ പോലെ സത്യമാണ്. അധികാരം പിടിച്ചെടുക്കാന്‍ ഏതു തരം ‘തറ’ വേലകളും കാണിക്കാന്‍ പറ്റിയവര്‍ നമുക്കിടയിലുണ്ട്. മാടപ്രാവിന്റെ സൗമ്യതയോടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ കുറുക്കന്റെ സ്വഭാവമുള്ളവരാണ്. ഇക്കൂട്ടര്‍ കാരണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകളിലും വിള്ളലുണ്ടായി രണ്ടും മൂന്നുമായി വിഭജിക്കപ്പെടുന്ന കാഴ്ചയാണ് മലയാളി സംഘടനകളില്‍. അതുകൊണ്ട് മാനം മര്യാദയുള്ളവര്‍ അകന്നു നില്‍ക്കുന്നു. അത് മുതലാക്കിയാണ് മേല്പറഞ്ഞ കുറുക്കന്മാര്‍ സംഘടനാ തലപ്പത്ത് കയറിക്കൂടുന്നത്. അവരെ സമൂഹം ഒറ്റപ്പെടുത്തുന്ന കാലം വിദൂരമല്ല.

Leave a Comment

More News