യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കേസിൽ കേന്ദ്ര സർക്കാരും മത-സാമൂഹിക നേതാക്കളും തമ്മിൽ ഭിന്നത തുടരുന്നു. വധശിക്ഷ നിർത്തലാക്കുന്നത് ചർച്ച ചെയ്യാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ള പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ നിർദ്ദേശിച്ചെങ്കിലും കേന്ദ്ര സർക്കാർ ഈ ആവശ്യം നിരസിച്ചു. കുടുംബങ്ങൾക്കിടയിലാണ് ചർച്ചകൾ നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഔദ്യോഗിക ചർച്ചകളിൽ ഇടപെടേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
വധശിക്ഷ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ വിവാദമായി മാറുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വധശിക്ഷ നിർത്തലാക്കണമെന്ന പ്രചാരണത്തിനെതിരെ സുവിശേഷകനായ ഡോ. കെ.എ. പോളും പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം അവകാശവാദങ്ങൾക്ക് കാന്തപുരം മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിരീകരണം മാത്രമേ വിശ്വസിക്കാൻ കഴിയൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2017 ജൂലൈയിലാണ് നിമിഷയുടെ സനയിലെ ക്ലിനിക്കിന്റെ പങ്കാളി കൊല്ലപ്പെടുന്നത്. കടുത്ത പീഡനങ്ങള്‍ സഹിക്കാതെ നിമിഷയും സഹ പ്രവര്‍ത്തക ഹനാനും കൂടി കൊലപ്പെടുത്തിയതാണ് എന്നാണ് കേസ്.
യെമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു നിമിഷ. 2014ൽ യെമനിൽ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കാന്‍ തലാലിന്റെ സഹായം തേടിയിരുന്നു. രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച്, ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ലൈസൻസ് പ്രോസസ്സ് ചെയ്യുന്നതിന് ഒരു യെമൻ പൗരന്റെ സഹായം ആവശ്യമായതിനാലാണ് നിമിഷ തലാലിനെ സമീപിച്ചത്. അക്കാലത്ത് യെമനിൽ ജോലി ചെയ്തിരുന്ന നിമിഷയുടെയും ഭർത്താവ് ടോണിയുടെയും പരിചയക്കാരനായിരുന്നു തലാല്‍. എന്നാൽ, സാമ്പത്തിക പ്രശ്നമുണ്ടായതിനാല്‍ 2014ൽ ടോണിക്ക് കുട്ടിയുമായി കേരളത്തിലേക്ക് മടങ്ങേണ്ടി വന്നു.
2015ൽ നിമിഷ ക്ലിനിക്ക് തുടങ്ങിയെങ്കിലും ലൈസൻസിനായി തലാലിന്റെ സഹായം സ്വീകരിച്ചില്ല. നിമിഷ ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ അബ്ദുൾ ലത്തീർ എന്നയാൾ ലൈസൻസിന് സഹായിക്കുകയും ക്ലിനിക്കിൽ 33 ശതമാനം ഓഹരി എന്ന നിബന്ധനയില്‍ പണം നല്‍കുകയും ചെയ്തു.
എന്നാല്‍, ക്ലിനിക്കിൽ നിന്ന് വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. തലാൽ ഇടപെട്ട് വരുമാനത്തിന്റെ വിഹിതം ആവശ്യപ്പെട്ടു. വ്യാജ വിവാഹ രേഖകൾ ഉണ്ടാക്കി നിമിഷ തന്റെ ഭാര്യയാണെന്ന് എല്ലാവരേയും ധരിപ്പിച്ചു. തന്നെയുമല്ല, അയാൾ നിമിഷയെ ഭീഷണിപ്പെടുത്താനും ശാരീരികമായി പീഡിപ്പിക്കാനും തുടങ്ങി. അയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നാണ് നിമിഷയുടെ ആരോപണം. നിമിഷ പോലീസിൽ പരാതിപ്പെടുകയും തലാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ, എന്നാൽ പിന്നീട് വിട്ടയച്ചു. 2016-ൽ സ്ഥിതി കൂടുതൽ വഷളാവുകയും തലാല്‍ നിമിഷയുടെ പാസ്‌പോർട്ട് കൈക്കലാക്കുകയും ചെയ്തു.
2017 ജൂലൈയിൽ പാസ്‌പോർട്ട് വീണ്ടെടുക്കുന്നതിനായി നിമിഷ തലാലിന് മയക്കമരുന്ന് കുത്തിവച്ചു. മയക്കുമരുന്ന് അമിതമായതിനെത്തുടര്‍ന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ തലാല്‍ മരിച്ചു. നിമിഷ തന്റെ കൂടെ ജോലി ചെയ്തിരുന്ന ഹനാന്‍ എന്ന യെമനിയുടെ സഹായം തേടി. ഇരുവരും ചേര്‍ന്ന് താലാലിന്റെ മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ നിക്ഷേപിച്ചു എന്നാണ് കേസ്. 2017 ഓഗസ്റ്റിലാണ് ഹനാനും നിമിഷയും അറസ്റ്റിലായത്. ഹനാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിമിഷപ്രിയയെ വധശിക്ഷയ്ക്കും വിധിച്ചു.
