കോടതി ഉത്തരവ് അവഗണിച്ച് അദ്ധ്യാപികയുടെ ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വെച്ച മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പത്തനംതിട്ട നാറാണം‌മൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ അദ്ധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പി എ അനിൽകുമാർ എൻ ജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്‌ഷന്‍ ക്ലർക്ക് ബിനി ആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

1960 ലെ കേരള സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആൻഡ് അപ്പീൽ) നിയമങ്ങൾ പ്രകാരം, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

2024-ലെ കേരള ഹൈക്കോടതി വിധിയാണ് ഉദ്യോഗസ്ഥരുടെ നടപടി വൈകിപ്പിക്കലിന് കാരണം. അതനുസരിച്ച്, നാറാണമൂഴിയിലെ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ യുപിഎസ്ടിയായി നിയമിതയായ അദ്ധ്യാപികയുടെ ശമ്പളവും ആനുകൂല്യങ്ങളും മൂന്ന് മാസത്തിനുള്ളിൽ വിതരണം ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. വിധിയെത്തുടർന്ന് സർക്കാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും, സ്പാർക്ക് പ്രാമാണീകരണം സംബന്ധിച്ച സ്കൂൾ പ്രിൻസിപ്പലിന്റെ അപേക്ഷയിൽ നടപടിയെടുക്കാതെ ബന്ധപ്പെട്ട ഫയൽ അന്തിമമാക്കിയിട്ടും ഉദ്യോഗസ്ഥർ കാലതാമസം തുടർന്നു.

അദ്ധ്യാപിക നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തില്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർ കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് നൽകി. ഇതേത്തുടർന്ന്, കുറ്റകൃത്യം തെളിയിക്കുന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. വിദ്യാഭ്യാസ മേഖലയിലെ നിർദ്ദേശങ്ങൾക്കും കോടതി ഉത്തരവുകൾക്കും പ്രാധാന്യം നൽകേണ്ട സാഹചര്യത്തിൽ സർക്കാർ വീഴ്ച ഗൗരവമായി എടുത്തു. നടപടി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിശദീകരണം നൽകി.

അതിനിടെ, അദ്ധ്യാപികയുടെ ഭർത്താവായ ഷിജോ ത്യാഗരാജന്‍ ഭാര്യക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. കൃഷിവകുപ്പില്‍ ഫീല്‍ഡ് സ്റ്റാഫ് ആയി ജോലി ചെയ്‌തു വരികയായിരുന്നു ഷിജോ. ശമ്പളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

14 വർഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡിഇഒ ഓഫിസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലെന്നും ഇതില്‍ മനംനൊന്താണ് ഷിജോ ആത്മഹത്യ ചെയ്‌തതെന്നും അദ്ദേഹത്തിന്‍റെ പിതാവ് ത്യാഗരാജന്‍ ആരോപിച്ചു.

ഷിജോയുടെ മകന് ഈറോഡിലെ എഞ്ചിനീയറിങ് കോളജില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ ഫീസ് അടയ്ക്കാന്‍ പണം കണ്ടെത്താന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മരിച്ച നിലയില്‍ ഷിജോയെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സംഭവം അത്യന്തം വേദനാജനകമാണ്. മരിച്ചയാളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. നേരത്തെ നിയമനം സംബന്ധിച്ച വിഷയം തൻ്റെ ശ്രദ്ധയിൽ വന്ന ഉടൻ തന്നെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. മരണപ്പെട്ടയാളുടെ പിതാവുമായി സംസാരിച്ചു. നടപടികൾക്ക് കാലതാമസം നേരിട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങിനെയെങ്കിൽ ഇത് ഗുരുതരമായ വീഴ്‌ചയാണ്. ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല എന്നും മന്ത്രി തൻ്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

https://www.facebook.com/share/p/19YfM1CcVD/

Leave a Comment

More News