പ്രേം നസീറിൻ്റെ മകൻ നടൻ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: നടൻ പ്രേം നസീറിൻ്റെയും ഹബീബ ബീവിയുടെയും മകനും നടനുമായ ഷാനവാസ് തിങ്കളാഴ്ച സംസ്ഥാന തലസ്ഥാനത്ത് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഷാനവാസ് (70) മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് പാളയം മുസ്‌ലീം ജമാ അത്ത് ഖബര്‍സ്ഥാനില്‍ ആണ് ഖബറടക്കം.

ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്‌ഫോർട്ട് സ്‌കൂള്‍, യേർക്കാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ചെന്നൈ ന്യൂ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം.

വിദ്യാഭ്യാസത്തിനുശേഷം 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലും അദ്ദേഹം നിരവധി വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. ഏകദേശം നൂറിലധികം ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചു. “ഇവൻ ഒരു സിംഹം” എന്ന ചിത്രമാണ് ഷാനവാസ് പിതാവ് പ്രേംനസീറിനൊപ്പം അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് ഇരുവരും ഏഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സിനിമകളിൽ നായകനായും ഒട്ടേറെ ചിത്രങ്ങളിൽ വില്ലനായും അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം മിന്നുന്ന പ്രകടനങ്ങള്‍ കാഴ്‌ചവച്ചു.

മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയവയും ഷാനവാസ് വേഷമിട്ട ചിത്രങ്ങളാണ്. സക്കറിയുടെ ഗര്‍ഭിണികളിലെ വില്ലന്‍ വേഷത്തില്‍ അദ്ദേഹം ശ്രദ്ധേയനായി. മണിത്താലി, ഗാനം, ഹിമം, ചൈനാ ടൗൺ, ചിത്രം, കോരിത്തരിച്ച നാൾ തുടങ്ങിയവയാണ് അഭിനയിച്ചതില്‍ പ്രധാന സിനിമകള്‍.

ആദ്യകാലത്ത് പ്രണയ നായകനായി ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും പിന്നീട് സിനിമകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതാണ് കണ്ടത്. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ സീരിയലിലെ കഥാപാത്രത്തിന് അക്കാലത്ത് നല്ല സ്വീകാര്യത ലഭിച്ചിരുന്നു.

1989 ല്‍ നസീറിൻ്റെ മരണശേഷവും ഷാനവാസ് അഭിനയം തുടര്‍ന്നു. പിന്നീട് വേഷങ്ങളിലെ ആവര്‍ത്തന വിരസത കാരണം സിനിമ ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് പോയി. അവിടെ ഷിപ്പിങ് മാനേജരായി ജോലി ചെയ്‌തു. പിന്നീടാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.

ഭാര്യ: അയിഷ. മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ. മരുമകൾ: ഹന.

Leave a Comment

More News