അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സിനിമ ചെയ്യുന്നവര്‍ക്ക് ആ മാധ്യമത്തെപ്പറ്റി മിനിമം ബോധ്യമെങ്കിലും വേണമെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ അഭിപ്രയം സ്വാഗതാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് നടന്ന സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ പറഞ്ഞ വസ്തുതകള്‍, തെറ്റായി ധരിച്ചവരാണ് വിമര്‍ശ്ശനം ഉന്നയിക്കുന്നത്. മലയാള സിനിമയെ ലോകശ്രദ്ധയില്‍ കൊണ്ടു വന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് അടൂര്‍. എങ്കിലും അടൂരിന്‍റെ പല കാഴ്ച്ചപ്പാടുകളോടും നിലപാടുകളോടും ഒട്ടും യോജിപ്പില്ല. മുന്‍ കാലങ്ങളില്‍ അദ്ദേഹം പറഞ്ഞ പല അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പും ഉണ്ട്.

തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും ചലച്ചിത്രം നിര്‍മ്മിക്കുന്നതിന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒന്നര കോടി രൂപ ധനസഹായം നല്‍കുന്നുണ്ട്. ആ ധനസഹായം ലഭിക്കുന്ന, ആദ്യമായി സിനിമ ചെയ്യുന്ന കലാകാരന്മാര്‍ക്ക്, മൂന്ന് മാസമെങ്കിലും പരിശീലനം നല്‍കണം എന്ന് പറഞ്ഞതില്‍ എന്താണ് പിശക്. പരിശീലനം എന്നത് അത്ര മോശപ്പെട്ട കാര്യം ആണോ. പുതിയ കലാകാരന്മാര്‍ പരിശീലനത്തെ ഗുണകരമായി കാണുകയല്ലേ വേണ്ടത്. സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഫിലിം ഇന്‍സ്റ്റിട്യൂട്ടുകള്‍ ചലച്ചിത്ര പരിശീലനം തന്നെയാണ് നല്‍കുന്നത്. അത് മോശപ്പെട്ട പ്രവര്‍ത്തി ആണെന്നാണോ വിമര്‍ശകരുടെ അഭിപ്രായം.

വനിതകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും പരിശീലനം നല്‍കണം എന്ന് അടൂര്‍ പറഞ്ഞത്, അവര്‍ക്ക് മാത്രമാണ് ധനസഹായം ലഭ്യമാകുന്നത് എന്നത് കൊണ്ടാണ്. അവര്‍ക്ക് പരിശീലനം പാടില്ല എന്നാണോ വിമര്‍ശകര്‍ പറയുന്നത്. ചലച്ചിത്ര പഠനം ഇന്ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും പോലും നടക്കുന്ന കാലമാണ്.

പോലീസിലും എസ്.സി എസ്.ടി കമ്മീഷനിലും പരാതി കൊടുത്തവര്‍ യാഥാര്‍ത്ഥ്യത്തെ മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. അടൂര്‍ പറഞ്ഞതിനെ വിമര്‍ശിക്കുന്നവര്‍, സമീപകാലത്ത് സിനിമയുടെ പേരില്‍ കോടികള്‍ നശിപ്പിച്ച, സിനിമയറിയാത്ത ചില സംവിധായകരെ ഓര്‍ക്കണം. അവരുടെ നിര്‍മ്മാതാക്കളുടെ ഇന്നത്തെ അവസ്ഥ കാണണം.

സര്‍ക്കാര്‍ പണം എന്നത് ജനങ്ങളുടെ നികുതിപ്പണം ആണ്. അത് നല്‍കുമ്പോള്‍ സിനിമയെക്കുറിച്ച് അവര്‍ക്ക് അറിയാമെന്ന മിനിമം ഗ്യാരന്‍റിയെങ്കിലും സര്‍ക്കാരിന് വേണം. പരിശീലനം ആല്ലാതെ എന്ത് ഉറപ്പിന്‍റെ മേലാണ്, വലിയൊരു തുക ഒരു വ്യക്തിക്ക് നല്‍കേണ്ടത്. ആ ഉറപ്പ് എന്താണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് വെളിപ്പെടുത്താമോ. സര്‍ക്കാരിന്‍റെ പണം ദുരുപയോഗം ചെയ്യുന്നില്ല എന്നത് ഉറപ്പാക്കണം എന്ന് പറയുന്നത് അക്ഷന്തവ്യമായ കുറ്റമാണോ.

അതിനിടയില്‍ വനിതാ-ദളിത് പ്രേമം പറയുന്നത് ദുരുദ്ദേശപരം ആണ്. ഏത് മേഖലയിലും കഴിവുണ്ടെങ്കില്‍, വനിത ആയാലും ദളിത് ആയാലും ജനങ്ങള്‍ അംഗീകരിക്കും. വനിതകളിലും ദളിത് വിഭാഗത്തിലും ശ്രദ്ധേയരായ കലാകാരന്മാര്‍ നിലവില്‍ ഉണ്ട് എന്നതും ഓര്‍ക്കുക. പരിശീലനം സിദ്ധിച്ച് ആ കഴിവുകള്‍ കൂടുതല്‍ തിളക്കമുള്ളതാക്കാനാണ് ബുദ്ധിയുള്ളവര്‍ ശ്രമിക്കുക. അതിനിടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കി, മുതലെടുപ്പ് നടത്തുന്നവരെ, അതിലൂടെ വിലകുറഞ്ഞ പബ്ലിസിറ്റിക്ക് ശ്രമിക്കുന്നവരെ, ജനം തിരിച്ചറിയുകതന്നെ ചെയ്യുമെന്നും ദീര്‍ഘകാലം ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം കൂടി ആയിരുന്ന ആനന്ദകുമാര്‍ ഓര്‍മ്മിപ്പിച്ചു.

Leave a Comment

More News