കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേശീയപാത 966 ൽ സ്വകാര്യ ബസ് കത്തിനശിച്ചു

മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് ദേശീയപാത 966 ൽ ഇന്ന് (ഓഗസ്റ്റ് 10 ഞായറാഴ്ച) രാവിലെ പാലക്കാട് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണ്ണമായും കത്തി നശിച്ചെങ്കിലും യാത്രക്കാരെല്ലാം സമയബന്ധിതമായി പുറത്തേക്കിറങ്ങിയതുകൊണ്ട് ആര്‍ക്കും ആളപായമില്ല.

കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കൊളത്തൂരിനും തുറക്കലിനും ഇടയിൽ രാവിലെ 9 മണിയോടെയാണ് സംഭവം. സന എന്ന പേരുള്ള ബസിന് സാങ്കേതിക തകരാർ കണ്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എഞ്ചിനിൽ നിന്ന് പുക ഉയരാൻ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടെത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ബസ് ഡ്രൈവർ അബ്ദുൾ ഖാദർ പറഞ്ഞു.

പൂട്ടിയ ഓട്ടോമാറ്റിക് വാതിലുകൾ തകർത്താണ് യാത്രക്കാരെ പുറത്തിറക്കിയത്. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ തീജ്വാലകൾ കാരണം ബസിനടുത്തേക്ക് എത്താൻ അവർക്ക് ബുദ്ധിമുട്ടായി.

മലപ്പുറം, മഞ്ചേരി, ഫറോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനുകൾ സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തിനശിച്ചു. തീപിടുത്തത്തിൽ നിരവധി യാത്രക്കാർക്ക് അവരുടെ സാധനങ്ങൾ നഷ്ടപ്പെട്ടു.

Leave a Comment

More News