ഭാവിയിൽ പാക്കിസ്താന് തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാണെന്ന് തോന്നിയാൽ ഇന്ത്യയുമായി ഒരു ആണവയുദ്ധം നടത്താൻ നിർബന്ധിതരാകുമെന്ന് പാക് കരസേനാ മേധാവി അസീം മുനീർ പറഞ്ഞു. ‘ഞങ്ങള്‍ ആണവശക്തിയുള്ള രാജ്യമാണ്, ഞങ്ങള്‍ മുങ്ങുകയാണെന്ന് തോന്നിയാൽ ലോകത്തിന്റെ പകുതിയും ഞങ്ങളോടൊപ്പം കൊണ്ടുപോകും’ എന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
പഹൽഗാം ആക്രമണത്തിന് ശേഷം, അസിം മുനീർ തന്റെ രണ്ടാമത്തെ യുഎസ് സന്ദർശനത്തിലാണ്. സന്ദർശന വേളയിൽ, അദ്ദേഹം ഉന്നത യുഎസ് രാഷ്ട്രീയക്കാരെയും സൈനിക ഉദ്യോഗസ്ഥരെയും കാണുകയും സിന്ധു നദീജല കരാർ റദ്ദാക്കിയതിന് ഇന്ത്യയെ ശക്തമായി വിമർശിക്കുകയും ചെയ്തു.
ഇന്ത്യ-പാകിസ്ഥാൻ സിന്ധു നദീജല കരാറിനെക്കുറിച്ചും മുനീർ അഭിപ്രായപ്പെട്ടു. സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം 25 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സിന്ധു നദിയിൽ ഒരു അണക്കെട്ട് നിർമ്മിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ 10 മിനിറ്റിനുള്ളിൽ ഒരു മിസൈൽ ഉപയോഗിച്ച് ഞങ്ങത് തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ ഭീകരതയ്ക്കെതിരെ പോരാടുന്നതിനുള്ള ശ്രമങ്ങളിൽ പാക്കിസ്താനെ അഭൂതപൂർവമായ പങ്കാളിയായി വിശേഷിപ്പിച്ച യുഎസ് ജനറൽ നടത്തിയ പരാമർശത്തിന് ഒരു മാസത്തിന് ശേഷമാണ് മുനീറിന്റെ രണ്ടാമത്തെ യുഎസ് സന്ദർശനം. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് പാക്കിസ്താന് സുപ്രധാനമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
