വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കുമേൽ യുഎസ് ചുമത്തിയ തീരുവകൾ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയെ റഷ്യയുടെ പ്രധാന എണ്ണ വാങ്ങുന്ന രാജ്യമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റഷ്യയുടെ സാമ്പത്തിക സ്ഥിതി “വളരെ അസ്വസ്ഥത ഉളവാക്കുന്ന”താണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച അലാസ്കയിൽ വെച്ച് ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകള്‍ നടത്താന്‍ ട്രംപും പുടിനും കൂടിക്കാഴ്ച നടത്തും.
വരാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പ് റഷ്യയെയും ഇന്ത്യയെയും കുറിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ നല്ല നിലയിലല്ലെന്നും, യു എസ് ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ താരിഫ് കാരണം വലിയ തിരിച്ചടി നേരിടുകയാണെന്നും ട്രംപ് പറഞ്ഞു.
റഷ്യയുടെ “ഏറ്റവും വലിയ അല്ലെങ്കിൽ രണ്ടാമത്തെ വലിയ” എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലുള്ള ഒരു രാജ്യത്തോട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 50% തീരുവ നൽകേണ്ടിവരുമെന്ന് യുഎസ് പറയുമ്പോൾ അത് റഷ്യയ്ക്ക് വലിയ തിരിച്ചടിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ഈ നയം മനഃപൂർവ്വം സ്വീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമായി സൂചിപ്പിച്ചു.
റഷ്യ ഇപ്പോൾ അതിന്റെ ആഭ്യന്തര ഘടനയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വികസനത്തിന് വളരെയധികം സാധ്യതകളുള്ള ഒരു വലിയ രാജ്യമാണ് റഷ്യ. എന്നാൽ, നിലവിൽ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയുന്നില്ല. കാരണം, യുഎസിന്റെയും അന്താരാഷ്ട്ര സമ്മർദ്ദത്തിന്റെയും ഫലമായി അവരുടെ സമ്പദ്‌വ്യവസ്ഥ ‘വളരെ പ്രശ്‌നത്തിലാണ്’, ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഈ വെള്ളിയാഴ്ച അലാസ്കയിൽ വെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണുമെന്നും, സാധാരണയായി ഇത്തരം കൂടിക്കാഴ്ചകൾ റഷ്യയിലോ മൂന്നാം രാജ്യത്തോ നടക്കാറുള്ളതിനാൽ പുടിൻ അമേരിക്കയിലേക്ക് വരുന്നത് ഒരു “മാന്യമായ” നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കൂടിക്കാഴ്ച ക്രിയാത്മകമായിരിക്കുമെന്നും ആഗോള സ്ഥിരതയിലേക്കുള്ള പുതിയ ചുവടുവയ്പ്പുകൾക്ക് അത് കാരണമാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, യൂറോപ്യൻ നേതാക്കളുമായും ചർച്ചകൾ നടത്താനും ട്രംപ് ഉദ്ദേശിക്കുന്നുണ്ട്. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പുടിനും തമ്മിലുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്നും, അതുവഴി ഉക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രണ്ടാം ടേമിൽ ഇതുവരെ അഞ്ച് യുദ്ധങ്ങൾ തടഞ്ഞതായി പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം തടഞ്ഞതിന്റെ പ്രത്യേക അംഗീകാരം അദ്ദേഹം സ്വയം നൽകി. ഇത് ആദ്യമായല്ല ട്രംപ് ഇത്തരത്തിലുള്ള അവകാശവാദം ഉന്നയിക്കുന്നത്. ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചതില്‍ ട്രംപിന് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പാക്കിസ്താനുമായുള്ള വെടിനിർത്തൽ തീരുമാനം ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള ചർച്ചകളുടെ ഫലമാണെന്നും അതിൽ മൂന്നാം കക്ഷിയുടെ പങ്കില്ലെന്നും ഇന്ത്യ പല പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്.
