മണ്ണും മലയും
പാടവും പുഴകളും
ഇലകളും മരങ്ങളും
മയങ്ങുമീ രാത്രിയിൽ
ഞാൻ ഒരു തീവണ്ടി
യാത്രയിൽ…..
ഇരുളടഞ്ഞ വഴികളിലെ
നിശ്ശബ്ദതയെ ഭേദിച്ചു
കൂകിയോടുന്ന ഈ
വണ്ടിയിൽ ഞാൻ
ഇരിക്കവേ…
അങ്ങു ദൂരെ അംബര മുറ്റത്ത് ഉദിച്ചിരിക്കുന്ന
അംബിളി മാമന്റെ
നനുത്ത നിലാ വെളിച്ചമെനിക്ക് കൂട്ടായിരുന്നു…
എങ്ങു നിന്നോ എന്നിലേക്കു
ഓടിയടുക്കുന്ന
ഇളം കാറ്റുമുണ്ടായിരുന്നു
കൂട്ടിനു……
നീല നിലാവെളിച്ചത്തിൽ,
കണ്ടു ഞാൻ അവളെ
മണവാട്ടിയെ പോൽ
തല കുനിച്ച് നാണിച്ചു
ഒരില പോലുമനക്കാതെ
രാത്രിയുടെ നിറവിൽ
മയങ്ങുന്ന മരങ്ങളെ…
കണ്ടു ഞാൻ അവളെ
ഇളം കാറ്റിലിളകുന്ന
ഓളങൾ അല തല്ലും
നദീ തടങളെ….
കണ്ടു ഞാൻ അവളെ
കന്നി കൊയ്ത്തിനായ്
അണിഞ്ഞൊരുങ്ങിയ
നെൽ പാടങ്ങളെ….
നിലാ വെയിലുമ്മ വെച്ച
ഭൂമി മണവാട്ടിയെ….
പാട വരമ്പുകൾക്കപ്പുറം
ചില വീടുകളിൽ
ഇനിയുമണയാതെ എരിയുന്ന വെളിച്ചങ്ങള്‍
ആരെയൊക്കെയോ
പ്രതീക്ഷിച്ചിരിക്കുന്നതാവാം
അങ്ങനെ അങ്ങനെ
ഒരായിരം കാഴ്ചകൾ
എൻ കണ്ണിലൂടെ പുറകോട്ടോടുന്ന
ഈ യാത്ര
എത്ര സുന്ദരം
എത്ര സൗമ്യം
എത്ര ശാന്തം.
