അടുത്ത മാസം യുഎൻജിഎയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചേക്കും. ഈ സന്ദര്‍ശനത്തില്‍ വ്യാപാര, നയതന്ത്ര വിഷയങ്ങളിൽ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള താരിഫ് തർക്കങ്ങൾ, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ, വ്യാപാര കരാറിലെ സ്തംഭനാവസ്ഥ എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയങ്ങൾ.
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുഎസ് സന്ദർശിച്ചേക്കും. അദ്ദേഹം പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഇന്ത്യ-യുഎസ് വ്യാപാര സംഘർഷങ്ങൾ പരിഹരിക്കുന്നതിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ചര്‍ച്ചയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. സെപ്റ്റംബറിലാണ് ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലി ഉച്ചകോടി നടക്കുക. സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന ആഴ്ചയിൽ ആഗോള നേതാക്കൾ ന്യൂയോര്‍ക്കിലെത്തും.
ട്രംപിന് പുറമെ, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും മറ്റ് നേതാക്കളുമായും മോദിക്ക് ഉന്നതതല ചർച്ചകൾ നടത്താനാകുമെന്ന് വൃത്തങ്ങൾ പറയുന്നു. ആദ്യ ഭരണകാലത്ത് മോദിയും ട്രംപും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ, സമീപ വർഷങ്ങളിൽ താരിഫ്, വ്യാപാര തർക്കങ്ങൾ ഇരുവരുടേയും ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടുണ്ട്.
നിലവിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ സ്തംഭനാവസ്ഥയിലാണ്. ഇന്ത്യ കാർഷിക, ക്ഷീര മേഖലയെ യുഎസ് കയറ്റുമതിക്കായി കൂടുതൽ തുറന്നിടണമെന്ന് അമേരിക്ക ആഗ്രഹിക്കുമ്പോള്‍ ഇന്ത്യയാകട്ടേ അക്കാര്യത്തില്‍ ജാഗ്രത പാലിക്കുകയാണ്. ഇന്ത്യയ്ക്ക് 25% തീരുവ ചുമത്തിയ ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിന് 25% അധിക തീരുവയും ചുമത്തി. അങ്ങനെ മൊത്തം തീരുവ 50% എത്തി. ഇതിൽ പകുതി ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിൽ വന്നു, ബാക്കിയുള്ളത് ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും. ഈ സമയപരിധിക്ക് മുമ്പ് ഒരു കരാറിലെത്താനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. അങ്ങനെ വാങ്ങുന്നത് റഷ്യ ഉക്രെയ്നെതിരെ യുദ്ധം ചെയ്യുന്നതിനുള്ള ധനസഹായമാണെന്നാണ് ട്രംപ് വിശ്വസിക്കുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ ട്രംപ് ഇന്ത്യയെ നിരന്തരം സമ്മർദ്ദത്തിലാക്കുന്നുണ്ട്. എന്നാല്‍, ട്രംപിന്റെ ഭീഷണി ഇന്ത്യ ഗൗരവമായി എടുത്തില്ലെന്നു മാത്രമല്ല അനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.
ഓഗസ്റ്റ് 15 ന് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി ഇന്ത്യ ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്ന് വർഷമായി നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യമായ പരിഹാരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക മാത്രമല്ല, യുഎസുമായുള്ള വർദ്ധിച്ചുവരുന്ന സങ്കീർണ്ണമായ വ്യാപാര, നയതന്ത്ര സമവാക്യങ്ങൾ സന്തുലിതമാക്കുക എന്നതായിരിക്കും ഈ സന്ദർശന വേളയിൽ മോദിയുടെ ലക്ഷ്യം.
