സര്‍ക്കാര്‍ ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാരെ നിലയ്ക്ക് നിര്‍ത്തണം: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകളിലും ജില്ലാ-ജനറല്‍ ആശുപത്രികളിലും, ഏതാനും സെക്യൂരിറ്റി ജിവനക്കാര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നത് സര്‍ക്കാര്‍ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.

പല സര്‍ക്കാര്‍ ആശുപത്രികളിലും, സര്‍ക്കാര്‍ ജീവനക്കാരോടൊപ്പം കരാര്‍ ജീവനക്കാരും സെക്യൂരിറ്റി ജോലി നിര്‍വ്വഹിക്കുന്നുണ്ട്. കരാര്‍ ജീവനക്കാരെക്കുറിച്ചാണ് കൂടുതലും പരാതികള്‍ ഉയരുന്നത്. രോഗികളോടും കൂട്ടിരിപ്പുകാരോടും സന്ദര്‍ശകരോടും അപമരായാദയായി പെരുമാറുന്നതും ആക്രമണം നടത്തുന്നതും പതിവായിരിക്കുന്നു. സ്വാധീനമുള്ള പലരുടേയും സംരക്ഷണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് പലപ്പോഴും ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത.

ആശുപത്രിയില്‍ എത്തുന്നവരോട് മര്യാദയോടെ സംസാരിക്കാനും, സംയമനത്തോടെ പെരുമാറാനും തയാറാകാത്ത സെക്യൂരിറ്റി ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശ്ശന നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കണം.

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ പൊതുജന സേവകരാണെന്ന ബോദ്ധ്യമില്ലാത്തവരെ മാറ്റി നിര്‍ത്തി, സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജന സൗഹൃദമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കാരുണ്യ ചികിത്സാ പദ്ധതിയുടെ മുന്‍ സംസ്ഥാന കോഡിനേറ്റര്‍ കൂടിയായ കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.

Leave a Comment

More News