‘മാറ്റ്’ (MAT) ഓണാഘോഷത്തിന് പത്തര മാറ്റ് തിളക്കം

ടാമ്പാ: മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ (MAT) യുടെ ഈ വര്‍ഷത്തെ ഓണം നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി പ്രൗഢഗംഭീരമായി ആഘോഷിച്ചു. മാര്‍ട്ടിന്‍ കേറ്ററേഴ്സ് തയ്യാറാക്കിയ തനി നാടന്‍ രുചിയോടെയുള്ള ഓണസദ്യയോടു കൂടി രാവിലെ പതിനൊന്നു മണിയോടെ ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി.

തുടര്‍ന്ന് താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടുകൂടി മാവേലിത്തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. മാസ്റ്റര്‍ ഓഫ് സെറിമൊണീസ് ജോമോന്‍ തെക്കേതോട്ടിയിലിന്‍റെ ആമുഖ പ്രസംഗത്തിനുശേഷം ശ്രീവികാ ദീപക് അമേരിക്കന്‍ ദേശീയ ഗാനവും ഷീ മാറ്റ് ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.

തുടര്‍ന്ന് മാവേലിമന്നന്‍റെ നേതൃത്വത്തില്‍ പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍, മാറ്റ് ഭാരവാഹികള്‍, വന്ദ്യ പുരോഹിതന്മാര്‍, ബിജു തോണിക്കടവില്‍ (ഫോമാ), ജോമോന്‍ ആന്‍റണി (ആര്‍വിപി സണ്‍ഷൈന്‍ റീജിയന്‍), രാജീവ് കുമാരന്‍ (ഫൊക്കാന), ലിന്‍റോ ജോളി (ആര്‍വിപി ഫ്ളോറിഡ), സ്പോണ്‍സര്‍മാരായ മാത്യു മുണ്ടിയാങ്കല്‍, സാബു ലൂക്കോസ് എന്നിവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ ഭദ്രദീപം കൊളുത്തി.

മാവേലിയുടെ ഓണാശംസകള്‍ക്കുശേഷം പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വന്‍ ജനപങ്കാളിത്തമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

അമേരിക്കന്‍ മലയാളി സാഹിത്യകാരന്‍ രാജു മൈലപ്ര ഓണസന്ദേശം നല്‍കി. ഫൊക്കാനയെ പ്രതിനിധീകരിച്ച് രാജീവ് കുമാരനും ഫോമയെ പ്രതിനിധീകരിച്ച് മുന്‍ സെക്രട്ടറി ബിജു തോണിക്കടവിലും ആശംസകള്‍ നേര്‍ന്നു.

കര്‍ഷകശ്രീ അവാര്‍ഡ് നേടിയ മേഴ്സി പീറ്ററിനും തോമസ് പീറ്ററിനുമുള്ള പുരസ്കാരം ശ്രീമതി സുനിതാ ഫ്ളവര്‍ഹില്ലിന്‍റെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റി കൈമാറി. സെക്രട്ടറി ശ്രീമതി അനഘാ വാര്യര്‍ നന്ദിപ്രകാശനം നടത്തി.

സമയബന്ധിതമായി തീര്‍ന്ന പൊതുസമ്മേളനത്തിനുശേഷം ഇടവേളയില്ലാതെ തുടര്‍ച്ചയായി അരങ്ങേറിയ പരിപാടികള്‍ കാണികളുടെ മുക്തകണ്ഠ പ്രശംസ നേടി.

പൂജാ ഡാന്‍സ്, തിരുവാതിര, മോഹിനിയാട്ടം, നയനയും മീരയും അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ്, യുവജനങ്ങളുടെയും കുട്ടികളുടെയും നയനമനോഹരമായ നൃത്തങ്ങള്‍, രമ്യയും ശ്രുതിയും അവതരിപ്പിച്ച ഡാന്‍സ്, അബിയുടെയും ഹരിയുടെയും ഗാനാലാപം തുടങ്ങിയ വിവിധ കലാപരിപാടികള്‍ കാണികളുടെ മനം കവര്‍ന്നു.

തുടര്‍ന്ന് സമ്മാനദാനച്ചടങ്ങ് നടന്നു. മാവേലിയായി വേഷമണിഞ്ഞത് എം.എം. മാത്യുവാണ്. മാത്യു മുണ്ടിയാങ്കല്‍, സാബു ലൂക്കോസ് എന്നിവരായിരുന്നു പരിപാടികളുടെ പ്രധാന സ്പോണ്‍സേഴ്സ്. പിക്സല്‍ റൈഡേഴ്സ് മീഡിയ ആണ് ഫോട്ടോ ആന്‍ഡ് വീഡിയോ ചുമതല നിര്‍വഹിച്ചത്.

ജോമോന്‍ ആന്‍റണി (ടിഎംഎ പ്രസിഡണ്ട്), സാബു ആന്‍റണി (ഓര്‍മ പ്രസിഡണ്ട്), ജിബി ജോസഫ് (ഒരുമ പ്രസിഡണ്ട്), അരുണ്‍ ഭാസ്കര്‍ (ആത്മ പ്രസിഡണ്ട്), ജെറി കാമ്പിയില്‍ (എംഎഡി പ്രസിഡണ്ട്), ടോണി ജാനു (തെലുഗു അസോസിയേഷന്‍ പ്രസിഡണ്ട്), ഇളയരാജാ (തമിഴ് അസോസിയേഷന്‍ പ്രസിഡണ്ട്), വിജയരാഘവന്‍ (ശ്രീ അയ്യപ്പാ ടെമ്പിള്‍ പ്രസിഡണ്ട്), ശ്രീഹരി പ്രസാദ് (ടെമ്പിള്‍ പ്രയിസ്റ്റ്), സാഹിബ് സുബൈര്‍ കസീമി, ഫാ. ജിമ്മി ജെയിംസ് (സീറോ മലബാര്‍ ചര്‍ച്ച്), റവ.ഫാ. ജോര്‍ജ് ഏബ്രഹാം (മാര്‍ ഗ്രീഗോറിയോസ് യാക്കോബായ ചര്‍ച്ച്), ഫാ. പ്രേം (മാര്‍ത്തോമ്മാ ചര്‍ച്ച്), ഫാ. ജോസഫ് ചാക്കോ, ഫാ. ജോര്‍ജ് വര്‍ക്കി, ഫാ. ജോബി, ഫാ. ജോസ് അടവപ്പള്ളില്‍, കമാന്‍ഡര്‍ ജോര്‍ജ് കോരുത്, മാത്യു മുണ്ടിയാങ്കല്‍, സാബു ലൂക്കോസ് തുടങ്ങി നിരവധി വിശിഷ്ടാത്ഥികള്‍ പരിപാടികളില്‍ സംബന്ധിച്ചു.

ജോമോന്‍ തെക്കേതോട്ടിയില്‍ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു.

Leave a Comment

More News