സ്കൂളില്‍ വൈകി വന്ന പതിനൊന്നുകാരനെ ഇരുട്ടു മുറിയില്‍ ഇരുത്തിയ സംഭവം; കൊച്ചിന്‍ പബ്ലിക് സ്കൂളിനെതിരെ നടപടി സ്വീകരിക്കണം: കെ ആനന്ദകുമാര്‍

തിരുവനന്തപുരം: സ്കൂളില്‍ വൈകി വന്നതിന്റെ പേരിൽ പതിനൊന്ന് വയസ്സുള്ള വിദ്യാർത്ഥിയെ ഇരുട്ടു മുറിയിൽ ഇരുത്തി ശിക്ഷിച്ച കൊച്ചിൻ പബ്ലിക് സ്കൂൾ മാനേജ്മെന്റിന് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.

ഈ പ്രാകൃത നടപടിക്കെതിരെ പ്രതികരിച്ച പൊതുപ്രവർത്തകർക്കും രക്ഷിതാക്കൾക്കുമേതിരെ, വിദ്യാർഥികളെ തെരുവിലിറക്കി മുദ്രാവാക്യം വിളിപ്പിച്ച മാനേജ്‍മെന്റിന്റെ നടപടി, ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ല.

വൈകി വരുന്നതും കുസൃതി കാണിക്കുന്നതും പഠനത്തിൽ പിന്നാക്കം നിൽക്കുന്നതും പൊറുക്കാനാവാത്ത കുറ്റമായിക്കണ്ട്, കുട്ടികളെ സ്കൂളിന് ചുറ്റും ഓടിക്കുക, ഫൈൻ ഈടാക്കുക, ഇരുട്ടറയിൽ അടച്ച് ഭീതിപ്പെടുത്തുക തുടങ്ങിയ ഗുരുതരവും ജനാധിപത്യ വിരുദ്ധവും ആയ നടപടികൾ പല അംഗീകൃത സ്കൂളുകളും പിന്തുടരുന്നുണ്ട്.

സ്കൂളിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ സർക്കാരിനെയോ തദ്ദേശ ഭരണ സ്ഥാപനങ്ങളെയോ ഭയമില്ലാതെ, സ്വന്തം സാമ്രാജ്യവും സ്വന്തമായി നിയമങ്ങളും നിശ്ചയിക്കുന്ന ഇത്തരം സ്കൂളുകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്നതടക്കം സർക്കാർ ആലോചിക്കണം. അംഗീകൃത സ്കൂളുകൾക്ക് എൻ.ഓ.സി നൽകുന്ന വിദ്യാഭ്യാസ വകുപ്പിന് സ്കൂളുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ അധികാരമുണ്ട്.

കുട്ടികളുടെ മനോനില തകർക്കുന്ന തരത്തിലുള്ള ശിക്ഷാ നടപടികൾ വിദ്യാലയങ്ങളിൽ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്താൻ സ്കൂൾ പി.ടി.എ കൾക്ക് ഉത്തരവാദിത്തം ഉണ്ട്. സ്കൂൾ മാനേജ്മെന്റ്ന്റെ ഇംഗിതത്തിന് വഴങ്ങുന്ന പി.ടി.എ കളും രക്ഷിതാക്കളും ഇക്കാര്യത്തിൽ തുല്യ കുറ്റവാളികൾ ആണ്.

“സ്കൂളിൽ അച്ചടക്കം പുലരണം എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അത് പരിധിവിട്ട് ചെറിയ കുട്ടികൾക്ക് മേൽ കുതിരകയറാനുള്ള അധികാരമായി കരുതുന്ന സ്കൂൾ മാനേജ്മെന്റുകൾക്ക് മൂക്കുകയറിട്ടേ തീരൂ,” ആനന്ദകുമാർ പറഞ്ഞു.

Leave a Comment

More News