പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ വരുമാന വിലയിരുത്തലിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ ടി ശങ്കരൻ പമ്പയിലെത്തി. മല കയറാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം രാവിലെ സന്നിധാനത്തേക്ക് പുറപ്പെട്ടു. 11-ാം തീയതി സന്നിധാനത്തെ പ്രധാന സ്ട്രോംഗ് റൂം പരിശോധിക്കും. സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന പ്രധാന സെല്ലുകൾ പരിശോധിക്കുന്നതും ഇതിന്റെ ഭാഗമാണ്.
അറ്റകുറ്റപ്പണികൾ നടത്തി എത്തിച്ച ദ്വാരപാലക പാനലുകളുടെ പരിശോധന നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക ക്രമീകരണങ്ങളും ദേവസ്വം ബോർഡ് പൂർത്തിയാക്കി. തിങ്കളാഴ്ച അമിക്കസ് ക്യൂറി ആറന്മുളയിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. അവിടെ വെച്ച് ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന സ്ട്രോങ് റൂമുകളും രേഖകളും അദ്ദേഹം പരിശോധിക്കും. ശബരിമല ദേവസ്വം ബോർഡിന്റെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നതാണ് ഹൈക്കോടതിയുടെ ലക്ഷ്യം.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ശബരിമല വിഷയത്തിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമായതോടെ, ദേവസ്വം മന്ത്രി വി എൻ വാസവന്റെ വീട്ടിലേക്ക് ഇന്ന് മാർച്ച് നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ കോടതിയും സർക്കാരും സ്വീകരിച്ച നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ.
