മരുതിമല കുന്നുകളിൽ നിന്ന് വീണ് ഒരു പെൺകുട്ടി മരിച്ചു, മറ്റൊരു കുട്ടിക്ക് പരിക്കേറ്റു

കൊല്ലം: വെള്ളിയാഴ്ച കൊല്ലത്ത് മുട്ടറയിലെ മരുതിമല കുന്നുകളിൽ നിന്ന് വീണ് ഒരു പെൺകുട്ടി മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അടൂരിൽ നിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ഇരുവരും വൈകുന്നേരം 6.30 ഓടെ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു.

അടൂർ പെരിങ്ങനാട് സ്വദേശിനിയായ മീനു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ശിവർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടൂർ പെരിങ്ങാനാട് തൃച്ചേന്ദമംഗലം ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇരുവരും. ഇവർ എങ്ങനെയാണ് മലമുകളിൽ എത്തിയതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളിൽ ദുരൂഹതയുണ്ട്.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർഥിനികൾ വൈകിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അടൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ തിരച്ചിലിനിടയിലാണ് വൈകിട്ട് ഏകദേശം 6.30 ഓടെ മരുതിമലയിൽ അപകടം സംഭവിച്ചതായി വിവരം ലഭിക്കുന്നത്.

നിരവധി പേർ സന്ദർശനത്തിനെത്തുന്ന മരുതിമലയിലെ അപകടകരമായ ഒരു സ്ഥലത്തേക്ക് പെൺകുട്ടികൾ പോവുന്നത് ചിലർ കണ്ടിരുന്നതായി പറയുന്നു. ഏറെ നേരമായിട്ടും കുട്ടികളെ തിരികെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉയരത്തിൽ നിന്ന് വീണുകിടക്കുന്ന നിലയിൽ കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മീനുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

പെൺകുട്ടികൾ മലയിൽ നിന്ന് കാൽവഴുതി വീണതാണോ അതോ മറ്റ് കാരണങ്ങളാൽ താഴേക്ക് ചാടിയതാണോ എന്നതിനെക്കുറിച്ച് പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുട്ടികൾ മലമുകളിൽ എത്തിയ സാഹചര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

സംഭവസ്ഥലത്ത് പൂയപ്പള്ളി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. പെൺകുട്ടികളുടെ മരണത്തിലും അപകടത്തിലും ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിനികളുടെ മരണത്തിൽ അടൂർ പെരിങ്ങനാട് പ്രദേശത്തും സ്‌കൂളിലും ഞെട്ടലും ദുഃഖവും പരത്തിയിട്ടുണ്ട്.

Leave a Comment

More News