കേരളത്തിന് 649 എംബിബിഎസ് സീറ്റുകൾ കൂടി അനുവദിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍

തിരുവനന്തപുരം: 2025–26 അദ്ധ്യയന വർഷത്തേക്ക് രാജ്യത്തുടനീളം 10,650 എംബിബിഎസ് സീറ്റുകൾ കൂടി അനുവദിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അംഗീകാരം നൽകി. കേരളത്തിന് 649 സീറ്റുകൾ കൂടി ലഭിക്കും. ഇന്ത്യയിലെ 41 പുതിയ മെഡിക്കൽ കോളേജുകൾക്കും അംഗീകാരം ലഭിച്ചു. കൂടാതെ, 3,500 പുതിയ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ (പിജി) സീറ്റുകൾക്കുള്ള അപേക്ഷകളും അംഗീകരിച്ചു. ഇതോടെ, രാജ്യത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,37,600 ഉം പിജി സീറ്റുകൾ 67,000 ഉം ആയി ഉയർന്നു. ഇന്ത്യയിലെ ആകെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇപ്പോൾ 816 ആയി.

കേരളത്തിൽ 10 മെഡിക്കൽ കോളേജുകളിലായി 700 പുതിയ സീറ്റുകൾ അനുവദിച്ചെങ്കിലും രണ്ട് സ്ഥാപനങ്ങളിലായി 51 സീറ്റുകൾ കുറച്ചതോടെ ആകെ 649 സീറ്റുകൾ വർദ്ധിച്ചു. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 50 സീറ്റുകളും എറണാകുളത്തെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഒരു സീറ്റും ഇതിൽ ഉൾപ്പെടുന്നു.

എൻഎംസി മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അമൃതയിൽ സീറ്റുകളുടെ എണ്ണം 150 ൽ നിന്ന് 149 ആയും പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ടിൽ 150 ൽ നിന്ന് 100 ആയും കുറച്ചു. സമാനമായ കാരണങ്ങളാൽ രാജ്യത്തുടനീളം ആകെ 456 സീറ്റുകൾ വെട്ടിക്കുറച്ചു. 2024 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സീറ്റുകൾ വർദ്ധിപ്പിച്ച കേരളത്തിലെ മെഡിക്കൽ കോളേജുകൾ (ബ്രാക്കറ്റിൽ പഴയ സീറ്റുകളുടെ എണ്ണം):

തൊടുപുഴ അൽ അസ്ഹർ – 250 (150)

തൃശൂർ ജൂബിലി മിഷൻ – 150 (100)

പാലക്കാട് കരുണ – 150 (100)

കോഴിക്കോട് മലബാർ – 250 (200)

പാലക്കാട് പി.കെ. ദാസ് – 250 (200)

തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ – 250 (150)

കൊല്ലം തിരുവിതാംകൂർ – 200 (150)

കാസർകോട് ഗവ. മെഡിക്കൽ കോളേജ് – 50 (0)

വയനാട് ഗവ. മെഡിക്കൽ കോളേജ് – 50 (0)

പാലക്കാട് മാങ്ങോട് കേരള മെഡിക്കൽ കോളേജ് – 150 (0)

Leave a Comment

More News