സുമനസ്സുകളെ തേടുന്നു! …. അഞ്ച് ആലംബഹീനരും അഞ്ഞൂറു വൈദീകരുടെ കൊയ്‌നോനിയയും: ജോർജ് നെടുവേലിൽ, ഫ്ലോറിഡ

ബ്രയിൻ ട്യൂമർ, ഷൈനി സജി സുമനസ്സുകളുടെ സഹായം തേടുന്നു, മജ്ജയിലെ കോശങ്ങൾ നശിക്കുന്ന അപൂർവ്വരോഗം-ചികിത്സക്കുവേണ്ടത് 30 ലക്ഷം രൂപ. പിഞ്ചുകുഞ്ഞു ആൻ മരിയാക്കു കരൾ പകുത്തു നൽകാൻ അമ്മ തയ്യാറാണ്! പക്ഷെ?… ശ്വാസകോശാർബുദം, മദ്ധ്യവയസ്‌ക്കൻ ചികിത്സാസഹായം തേടുന്നു- വേണ്ടത് 25 ലക്ഷം രൂപ. നട്ടെല്ലിൽ പരുക്ക്, കാലിൽ ഉണങ്ങാത്ത മുറിവ് – കിടപ്പിലായ യുവാവ് സഹായം തേടുന്നു.

2025 ഒക്‌ടോബർ ആറാം തീയതിയിലെ മലയാള മനോരമ ദിനപ്പത്രത്തില്‍ സുമനസുകളുടെ സഹായം തേടുന്നുവെന്ന ശീർഷകത്തിൽ കണ്ട അഞ്ചു കദന കഥകളാണ് നിങ്ങൾ ഇപ്പോൾ വായിച്ചത്. സുമനസുകളുടെ കാരുണ്യത്തിനായി കേഴുന്നവരുടെ ഫോട്ടോകളും പത്രത്തിൽ കൊടുത്തിട്ടുണ്ട്. ഷൈനി സജിയും, മജ്ജയിലെ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുന്ന രോഗിണിയും മദ്ധ്യവയസ്ക്കരായ സ്ത്രീകളാണ്. ശ്വാസകോശാർബുദം പിടിപെട്ടു വലയുന്ന ഗൃഹനാഥൻ മദ്ധ്യവയസ്ക്കനാണ്. നട്ടെല്ലിനു പരിക്കു പറ്റി കിടപ്പിലായിരിക്കുന്നത് യുവാവാണ്. അമ്മയുടെ കരളിൻറെ പകുതിക്കായി കാത്തിരിക്കുന്ന ആൻ മരിയക്ക് രണ്ടു വയസ്സ് തികഞ്ഞിട്ടുണ്ടാവില്ല.

“അവശന്മാർ, ആർത്തന്മാർ, ആലംബഹീനൻമാർ” – ചങ്ങമ്പുഴ വിലപിച്ചത് മേല്പറഞ്ഞവർക്കുവേണ്ടിക്കൂടിയല്ലേ?

2025 ആഗസ്റ്റ് 17- ലെ മലയാള മനോരമ ദിനപ്പത്രത്തിൽ അമേരിക്കയിലെ സീറോ മലബാർ രൂപതയുടേതായി “മലയാളി പ്രീസ്റ്റ്സ് കൊയ്‌നോനിയ മയാമിയിൽ” എന്ന ശീർഷകത്തിൽ വന്ന മറ്റൊരു വാർത്തയിലേക്ക് വായനക്കാരുടെ ശ്രദ്ധയെ ക്ഷണിക്കട്ടെ? വരുന്ന നവംബർ 18,19 തീയതികളിൽ, ഷിക്കാഗോ സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിൽ പണിയെടുക്കുന്ന അഞ്ഞൂറിൽപരം വൈദീകരുടെ ഒരു മഹാസംഗമത്തിന് മയാമി നഗരം വേദിയാകുന്നു. സൗഹൃദം പങ്കിടൽ, കൂട്ടായ്മ, ഒത്തുചേരൽ എന്നിങ്ങനെ അർത്ഥം വരുന്ന കൊയ്‌നോനിയ എന്ന ഗ്രീക്ക് പദത്താലാണ് ഇ മഹാസംഗമം അറിയപ്പെടുക. അമേരിക്കൻ മലയാളിക്കത്തോലിക്കരുടെ ചരിത്രത്തിൻറെ ഏടുകളിൽ ഇടം തേടാനാണത്രേ ഈ വൈദീക മഹാസംഗമം ലക്ഷ്യമിടുന്നത്! കേരളത്തിൽ, പരസ്പരം ക്രിസ്തീയ ഐക്യത്തിലും അരൂപിയിലും വർത്തിക്കാൻ മടിക്കുന്ന വിവിധ കത്തോലിക്കാ റീത്തുകൾ കഴിഞ്ഞ കാൽനൂറ്റാണ്ടായി കാര്യമായ അപസ്വരങ്ങൾക്കിടം നൽകാതെ സീറോ മലബാർ റീത്തിനൊപ്പം അമേരിക്കയിൽ അടുത്തുനിന്നു വർത്തിക്കുന്നു. ഇത്തരുണത്തിൽ, മയാമിയിൽ അരങേറുന്ന മലയാളി വൈദീക മഹാസംഗമത്തെ ഒരു മഹാസംഭവമായി, ചരിത്ര സംഭവമായി കണക്കാക്കണം! വിവിധ മലയാളിക്കത്തോലിക്കാ റീത്തുകൾ ഇരുപത്തഞ്ചു വർഷങ്ങൾക്കുള്ളിൽ ആദ്യമായി ഒന്നിച്ചാഘോഷിക്കുന്ന ആത്മീയ സമ്മേളനമായും മഹാസംഗമത്തെ കാണേണ്ടതുണ്ട്. ചരിത്രത്തിൽ ഇടം തേടുന്നത് ഭാവി തലമുറകൾക്ക് പ്രോത്സാഹനമാകും. പരസ്പരം സംശയവും മുറുമുറുപ്പും, മൂപ്പിളപ്പ് ചിന്താഗതിയുമുള്ളവർ കാൽനൂറ്റാണ്ടിലൊരിക്കലെങ്കിലും ആത്മീയതയുടെ പേരിലാണെങ്കിലും ഒന്നിച്ചുകൂടുന്നത് സ്വാഗതാർഹമാണ്. അങ്ങനെ അനേക കാരണങ്ങളാൽ യുക്തമാണ് നവംബർ 18, 19 തീയതികളിൽ അമേരിക്കയിലെ കേരളമായ ഫ്ലോറിഡായിലെ മയാമിയിൽ അരങേറുന്ന ‘ക്വയിനോനിയ’.

മഹാസംഗമത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ, താമസം, ഭക്ഷണം മുതലായവ സൗജന്യമാക്കിയിരിക്കുന്നതും, മയാമിയുടെ മനോഹാരിത നുകരുന്നതിനായി ബോട്ട് യാത്ര സംഘടിപ്പിക്കുന്നതും അഭിനന്ദനീയമാണ്. അഞ്ഞൂറിൽപരം സമ്മേളകർക്കായി മേല്പറഞ്ഞതെല്ലാം വേണ്ടവിധത്തിൽ ഒരുക്കുന്നതിന് ഭീമമായ ചെലവ് പ്രതീക്ഷിക്കണം. വൈദീക മഹാ സംഗമത്തിനു വേണ്ടിവരുന്ന ഭീമമായ ചെലവ് സുമനസ്സുകളിൽനിന്നും സമാഹരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതത്രെ! അതൊരു തെറ്റായ തീരുമാനമാണെന്ന് പറയാതെ വയ്യ. സുമനസ്സുകൾ മനസ്സോടെയും, മനസില്ലാമനസ്സോടെയും നൽകിയ സംഭാവനകൾ കൊണ്ടാണ് രൂപതാ കേന്ദ്രവും മെത്രാൻ വസതിയും രൂപം കൊണ്ടത്. പള്ളികൾ പണിയുന്നതിനും ഈ സുമനസ്സുകളാണ് മനസ്സ് തുറന്നത്. കാൽ നൂറ്റാണ്ടുകൊണ്ട് ഷിക്കാഗോ രൂപത സാമ്പത്തികഭദ്രമായി വളർന്നിട്ടുണ്ട്. കേരളത്തിലെ സാമ്പത്തിക ഭദ്രമായ രൂപതകൾക്കുപോലും ചിക്കാഗോ രൂപത കാര്യമായ സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്. രൂപതക്കു വേണ്ടി പണിയെടുക്കുന്ന വൈദീകരെല്ലാം തന്നെ വേതനവും, ആരോഗ്യ പരിരക്ഷയും, താമസ സൗകര്യവും, യാത്രാ സൗകര്യവും, ലഭിക്കുന്നവരാണ്. കൂടാതെ മാമ്മോദീസ,വീടു വെഞ്ചരിക്കൽ, ഭവന പ്രാർത്ഥന ശവസംസ്ക്കാരം, അനുസ്മരണക്കുർബാന, ഒപ്പീസ് തുടങ്ങിയവക്കെല്ലാം ഉദാരമായ പാരിതോഷികങ്ങളും ലഭിക്കുന്നു. മിക്കവാറുമെല്ലാ ഇടവക വൈദികരുടെയും ഫ്രിഡ്‌ജുകൾ ഭക്തസ്ത്രീകളുടെ മത്സരം ഹേതുവായി വിശിഷ്ടഭോജ്യങ്ങളുടെ അക്ഷയപാത്രമായിരിക്കും. ചുരുക്കത്തിൽ കാര്യമായ കായികാദ്ധ്വാനമില്ലാതെ, അല്ലലില്ലാതെ സുഖമായി ജീവിക്കുന്നവരാണ് ഭൂരിപക്ഷം വൈദീകരും. മെച്ചമായ വിശ്രമ ജീവിതവും അവരെ കാത്തിരിക്കുന്നു. സാമ്പത്തിക ഭദ്രതയുള്ള രൂപതയും, മെച്ചമായ സാമ്പത്തികവു മുള്ള വൈദീകരും സുമനസ്സുകളുടെ ഔദാര്യം പ്രതീക്ഷിക്കുന്നത് ലജ്ജാവഹമാണ്, അന്യായമാണ്, തികച്ചും അക്രൈസ്തവമാണ്! സുമനസ്സുകളെ ആശ്രയിക്കുക എന്ന ആശയം ആരുടേതായാലും നന്മനിറഞ്ഞ മനസ്സുള്ള ഭൂരിപക്ഷം വൈദീകരും ഈ ആശയത്തോട് താൽപര്യം പുലർത്തുന്നവരല്ലെന്നതിൽ സംശയമില്ല! സഭയുടെ അധികാര ശ്രേണിയുടെ പ്രത്യേകതയായിരിക്കാം അവരെ നിശ്ശബ്ദരാക്കുന്നത്!

പ്രിയപ്പെട്ട സഭാംഗങ്ങളെ നിങ്ങൾ ഇതനുവദിക്കരുത്. സുമനസ്സുകളെ നിങ്ങൾ ഈ ചൂഷണത്തിനു വഴങ്ങരുത്. സുമനസ്സുകളേ! ഒക്ടോബർ ആറാം തീയതിയിലെ മനോരമയിലൂടെ നിങ്ങളുടെ കാരുണ്യത്തിനായി കേഴുന്ന അഞ്ചു ആലംബഹീനർക്കും, അതേമാതിരി പലതരത്തിൽ അവശത അനുഭവിക്കുന്ന നമ്മുടെ സഹോദരർക്കുമായി നിങ്ങളുടെ സുമനസ്സുകളും പോക്കറ്റ് ബുക്കുകളും തുറക്കുക! ഇതൊരു അപേക്ഷയാണ്‌.

ഈ അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ 2025 ഒക്ടോബർ ഒൻപതിനു പുറപ്പെടുവിച്ച പ്രഥമ Apostolic Exhortation Dilexi te-യിലേക്ക് നിങ്ങളുടെ ശ്രദ്ധയെ സാദരം ക്ഷണിക്കട്ടെ! പാർശ്വവൽക്കരിക്കപ്പെട്ടവരെയും പാവപ്പെട്ടവരെയുയും പറ്റിയുള്ള വെമ്പലും കരുതലുമായിരുന്നില്ലേ അതിലെ പ്രധാന പ്രമേയം?

Leave a Comment

More News