‘ഒരു പുതിയ നമ്പര്‍’ (ലേഖനം): രാജു മൈലപ്ര

എനിക്ക് ഈയിടെ ഒരു പണി കിട്ടി…. അതും ഒരു എട്ടിന്‍റെ പണി.

ഞാനൊരു സംഭവമാണെന്നും, എന്നെ ആര്‍ക്കും പറ്റിക്കുവാന്‍ കഴിയില്ല എന്നുമാണ് എന്‍റെ ഒരു ധാരണ. എന്നാല്‍, എത്രയോ തവണ ഞാനറിയാതെ തന്നെ പലരും എന്നെ പലതവണ പറ്റിച്ചിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. പറ്റിക്കപ്പെടുവാന്‍ വേണ്ടി മാത്രം, പിന്നെയും ഈയുള്ളവന്‍റെ ജീവിതം ബാക്കി.

“എന്തു തിന്നും എന്തു കുടിക്കും, എന്തു ധരിക്കും” എന്ന് ഞാന്‍ അമിതമായി ചിന്തിക്കാറില്ല. അതൊക്കെ എന്‍റെ ഭാര്യയുടെ നിയന്ത്രണത്തിലാണ്.

ആവശ്യങ്ങള്‍ നടന്നുപോകണം എന്നതിനപ്പുറം വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നും എനിക്കില്ല. ആഡംബരങ്ങള്‍ക്കായി അദ്ധ്വാനിക്കുവാന്‍ എനിക്കു താല്പര്യവുമില്ല. അത് എന്‍റെ കുറ്റമല്ല. ജന്മനാ ഞാനൊരു മടിയനാണ്.

എന്‍റെ കൈയിലിരിക്കുന്ന ഫോണ്‍, എന്നെപ്പോലെ ഒരു പഴഞ്ചനാണെന്ന് ഭാര്യയ്ക്കൊരു തോന്നല്‍. പുതിയൊരു ഫോണ്‍ എനിക്കു വേണമെന്ന് അവള്‍ക്കൊരു വാശി.

“സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും” എന്നു തിരുവചനം പറയുന്നു.

കുറച്ചുകൂടി സാമര്‍ത്ഥ്യം കുറഞ്ഞ ഒന്നിനെ മതിയായിരുന്നു എനിക്ക് എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. എന്നെയും വലിച്ചിഴച്ചുകൊണ്ട് അവള്‍ “Spectrum’ ഷോറൂമിലേക്ക് പോയി.

കടയിലേക്കു കാലെടുത്തു വെച്ചതും “May I help you? എന്നൊരു മധുര മൊഴിയുമായി ഒരു യുവ സുന്ദരി ഞങ്ങളെ അകത്തേക്ക് ആനയിച്ചു.

“Thank you. We are just looking around” ̨

ഞാന്‍ അവളില്‍ നിന്നുമൊരു സാമൂഹിക അകലം പാലിക്കുവാന്‍ ശ്രമിച്ചു.

“ചുമ്മാതെ കയറി ഇറങ്ങുവാന്‍ ഇതു തന്‍റെ തന്തയുടെ വകയാണോ?” എന്നൊരു മുഖഭാവം അവളുടെ മുഖത്ത്.

ചൂണ്ടയില്‍ ഞാന്‍ കൊത്തിയില്ല എന്നു മനസ്സിലാക്കിയപ്പോള്‍, അവള്‍ വല മാറ്റി വീശി.

എന്‍റെ ഭാര്യയുമായി ആ തരുണീമണി ഒരു സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.

“Are you from India?”

“Yeah”

“I like your Indian curry”

അവള്‍ വളഞ്ഞവഴിയിലൂടെ, ചൂണ്ടയുടെ ചരട് വലിക്കുകയാണ്.

“Oh, really, I can make good fish curry for you”

ഭാര്യ അവളുടെ പാചക നൈപുണ്യത്തെപ്പറ്റി വാചാലയായി.

പിറവം സ്റ്റൈലിലൊരു മീന്‍ കറി വെച്ചു കൊടുത്താല്‍ മദാമ്മയുടെ അണ്ണാക്കു മുതല്‍ ആസനം വരെ അഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിക്കുമെന്നുള്ള കാര്യമോര്‍ത്തപ്പോള്‍ ഞാനറിയാതെ ചിരിച്ചുപോയി.

“ഞങ്ങള്‍ കഴിഞ്ഞ പത്തു നാല്പതു വര്‍ഷം ന്യൂയോര്‍ക്കിലായിരുന്നുവെന്നും ഫ്ളോറിഡയില്‍ വന്നിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളുവെന്നും, മകന്‍ നേവി ഓഫീസറാണെന്നും മക്കളൊക്കെ നല്ല നിലയിലാണെന്നും” മറ്റുമുള്ള ഒരു കുടുംബചരിത്രം, ആ വെള്ളക്കാരിയുടെ മുന്നില്‍ ഒരു ഈസ്റ്റുമാന്‍ കളറില്‍ അവള്‍ പ്രദര്‍ശിപ്പിച്ചു.

കൂട്ടത്തില്‍ കൊച്ചുമക്കളുടെ ഫോട്ടോയും കാണിച്ചുകൊടുത്തു.

“Oh…They are so adorable”

̨ചൂണ്ടയുടെ ചരടു മുറുകുകയാണ്.

പ്രായം സ്ത്രീകളുടെ ഒരു ബലഹീനതയാണല്ലോ!

“Oh c’mon! You don’t look that old. May be forty, at the most forty-five”

ആ കോംപ്ലിമെന്‍റില്‍ പുഷ്പ കമഴ്ന്നടിച്ചു വീണു.

നിവര്‍ന്നെഴുന്നേറ്റപ്പോള്‍ അവളുടെ കൈയില്‍ ഒരു iPhone 17 Pro Max.

എന്‍റെ കൈയിലിരുന്ന പഴഞ്ചന്‍ ഫോണ്‍ പതിനഞ്ചു ഡോളറിനുtrade-in ചെയ്തു. അതിലെ data മുഴുവന്‍ പുതിയ ഫോണിലേക്ക് transfer ചെയ്തു.

“കണ്ടോ എന്‍റെ കഴിവ്” എന്ന ഭാവത്തില്‍ എന്‍റെ ഭാര്യ അവളുടെ അഞ്ചടി ഉയരം, അഞ്ചര അടിയിലേക്കുയര്‍ത്തി.

വീട്ടില്‍ വന്നു കയറി ഞാന്‍ ഫോണ്‍ ഒന്നു പരിശോധിച്ചു. തരക്കേടില്ല, കൊള്ളാം. പക്ഷേ, പട്ടിയുടെ കൈയില്‍ പൊതിയാ തേങ്ങാ കിട്ടിയ ഒരവസ്ഥ. അതു ശരിയായ രീതിയില്‍ ഉപയോഗിക്കുവാനുള്ള അറിവ് എനിക്കില്ല. അവിടെയും ഇവിടെയുമെല്ലാം നിരവധി ആപ്പും കോപ്പും!

എന്‍റെ അഞ്ചു വയസ്സുകാരി കൊച്ചുമകള്‍ക്ക് ഐഫോണ്‍ എന്നൊക്കെ പറഞ്ഞാല്‍ വെറും അപ്പൂപ്പന്‍ താടിയാണ്.
പെട്ടെന്നൊരു കോള്‍. പുതിയ ഫോണിലേക്ക് ആദ്യമായി വരുന്ന വിളിയാണ്. ഞാന്‍ ഭയത്തോടും വിറയലോടും കൂടി ഫോണ്‍ കൈയിലെടുത്തു.

“Hello. Mr. George?!”
“Speaking”

“My name is Edward. I’m calling from the Apple company. Congratulations on your new purchase. But I am sorry to inform you that there was a mistake from our side. Instead of a new phone, we sent you a refurbished phone.”

ഇടയ്ക്ക് ഞാന്‍ അയാളോട് ‘എന്തോ പിച്ചും പേയും’ പറയുന്നുണ്ട്. എന്‍റെ തലച്ചോറിന്‍റെ ഏറിയ പങ്കും അവന്‍റെ കക്ഷത്തിലായ കാര്യം ഞാനറിഞ്ഞില്ല.

“We apologize for our mistake. So, please send it back; we will send you a new one right away. We will also give you 150 dollars visa card as a compensation for your inconvenience.”

പുതിയ ഫോണിന്‍റെ കൂടെ 150 ഡോളറും കൂടി. ഭാഗ്യം കയറി വരുന്ന ഓരോ വഴികളേ!

അടുത്തുള്ള FedEx സ്റ്റോറിലേക്കു ഒരു Prepaid label അയച്ചിട്ടുണ്ടെന്നും അവിടെ ചെന്നാല്‍ ബാക്കി കാര്യങ്ങള്‍ അവര്‍ ശരിയാക്കിക്കൊള്ളുമെന്നും ഉറപ്പു നല്‍കി. എഡ്വേര്‍ഡുമായി നേരിട്ടു ബന്ധപ്പെടുവാനുള്ള ഒരു ഫോണ്‍ നമ്പരും തന്നു. ഫോണ്‍ അയച്ചു കഴിഞ്ഞിട്ട് എഡ്വേര്‍ഡ് തന്ന നമ്പറിലേക്ക് വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. പാവം, എന്നെ സഹായിച്ച ക്ഷീണത്തില്‍ ഉറങ്ങിക്കാണും.

അടുത്ത ദിവസം രാവിലെ വീണ്ടും വിളിച്ചു. No Answer എവിടെയോ എന്തോ ഒരു പന്തികേട്. Tracking number വെച്ചു ചെക്കു ചെയ്തപ്പോള്‍, എന്‍റെ ഫോണ്‍ ക്യൂബയിലുള്ള ഏതോ ഒരു കാസ്ട്രോയുടെ അഡ്രസ്സിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നു മനസ്സിലായി.

ഉടനെ തന്ന FedEx Delivery കമ്പനിയെ വിളിച്ചു. ഒരു ‘Stop delivery’ റിക്വസ്റ്റിട്ടു. ഫോണ്‍ പോയിട്ടില്ലെന്നും അത് എനിക്കു തന്നെ തിര്യെ കിട്ടുമെന്നും അവര്‍ ഉറപ്പു നല്‍കി. കൂടെ ഒരു കേസ് നമ്പറും. അടുത്ത ദിവസവും വിളിച്ചു. Inquiry മറ്റൊരു ഡിപ്പാര്‍ട്ടുമെന്‍റിലേക്ക് മാറ്റിയിരിക്കുന്നു. വറി ചെയ്യേണ്ടാ, ഫോണ്‍ തിരിച്ചു കിട്ടും… ഈ ഒരു പരിപാടി കുറച്ചു ദിവസം തുടര്‍ന്നു.
ഞാന്‍ വീണ്ടും പറ്റിക്കപ്പെട്ടു എന്നു മനസ്സിലായി. ഫോണ്‍ നഷ്ടപ്പെട്ടു കഴിഞ്ഞപ്പോഴാണ്, എന്‍റെ ജീവിതം ആ ഫോണ്‍ നമ്പറിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നു മനസ്സിലായത്.

സോഷ്യല്‍ സെക്യൂരിറ്റി, പെന്‍ഷന്‍, ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, വൈദ്യസഹായം എല്ലാം ‘Verification code’ ഉം ആ നമ്പറിലേക്കാണ് പോകുന്നത്.

ഞാന്‍ ശരിക്കും വെള്ളം കുടിച്ചു. കുടിച്ചുകൊണ്ടേയിരിക്കുന്നു.

ഏതായാലും ആ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിട്ട് പുതിയൊരു നമ്പര്‍ കരസ്ഥമാക്കി. മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീയായ അവസ്ഥ. ഒരു സുഹൃത്ത് എന്നോട് ചോദിച്ചു:

“താന്‍ എന്തിനാ ഇടയ്ക്കിടെ ഫോണ്‍ നമ്പര്‍ മാറുന്നത്?”

“അതൊക്കെയീ ഗോപാലകൃഷ്ണന്‍റെ ഒരു നമ്പറാ”എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

Leave a Comment

More News