തലവടി: പാഴ്സൽ ലോറി തട്ടി കാത്തിരിപ്പ് കേന്ദ്രം തകർന്നു. തലവടി പിഎച്ച്സി ജംഗ്ഷനിലെ ഇരുമ്പ് റൂഫിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് ലോറി തട്ടി തകർന്നത്. ഇന്നലെ വൈകിട്ട് 6.15ന് ആണ് സംഭവം. ചായ കുടിക്കാൻ ഡ്രൈവർ റോഡരുകിലേയ്ക്ക് ലോറി ഒതുക്കുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുകളിലെ റൂഫിൽ ഉടക്കിയാണ് തകർന്ന് വീണത്. കൊല്ലം സ്വദേശികളുടെ പാഴ്സൽ ലോറിയാണ്. നാട്ടുകാർ ഒത്തുകൂടിയതോടെ കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ചു നൽകുമെന്ന് ലോറിയുടമ ഏറ്റതോടെ രംഗം ശാന്തമായി. യാത്രക്കാരുടെ ഏകാശ്രയമാണ് തകർന്നു വീണത്. ലയൺസ് ക്ളബ് ഓഫ് എടത്വ നിർമ്മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രമാണിത്.
2020 ജനുവരി 15ന് നിർമ്മാണം പൂർത്തികരിച്ചതും, 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ അമ്പലപുഴ പൊടിയാടി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ലാത്തത് മൂലം ജനം വലയുകയാണ്. ആയിരക്കണക്കിന് ഭക്തർ എത്തുന്ന നീരേറ്റുപുറം ചക്കുളത്തുകാവ് ക്ഷേത്രം ജംഗ്ഷനിലും ദുരിതം തന്നെ. 70,73,82716 രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ
18-ാം ലോക്സഭ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയും കേരള റോഡ് ഫണ്ട് ബോർഡ് 29.09.2023ൽ നിർമ്മാണ ചുമതലയുള്ള ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഡവലപ്പ്മെന്റ് ഓഫിസർക്ക് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപെട്ടും കെഎസ്ആർടിസി എടത്വ ഡിപ്പോയിൽ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ദീർഘ ദൂര സർവീസുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നില്പ് സമരങ്ങൾ നടത്തിയിരുന്നു.
അമ്പലപ്പുഴ പൊടിയാടി റോഡിന്റെ രണ്ടാം ഘട്ടത്തിൻ്റെ അടങ്കൽ തുക 46.40 കോടി രൂപയായിരുന്നു. ബഗോറ കൺസ്ട്രഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാർ ഏറ്റെടുത്തത്. നിർമ്മാണം 2022 ഡിസംബർ 1ന് അവസാനിച്ചു. പരിപാലന കാലാവധി നാളെ (2025 ഡിസംബർ 1ന് ) അവസാനിക്കും.
