തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച് അറസ്റ്റു ചെയ്യപ്പെട്ട രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രൊസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു. രാഹുൽ ഈശ്വർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം കേള്‍ക്കവേയാണ് പ്രൊസിക്യൂഷന് കോടതിയില്‍ ഈ വിവരം ധരിപ്പിച്ചത്. ഇരു വിഭാഗത്തിന്റെയും വാദം പൂർത്തിയാക്കാത്തതിനാൽ തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി ഇന്ന് വാദം കേൾക്കും.
ജാമ്യാപേക്ഷയിലെ എഫ്ഐആർ മാത്രമാണ് രാഹുൽ പങ്കുവെച്ചതെന്നും പരാതിക്കാരെ അപമാനിക്കുന്നതായി അതിൽ ഒന്നുമില്ലെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം, രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ശാരീരിക അസ്വസ്ഥതകൾ കാരണം രാഹുലിനെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലും, ബലാത്സംഗ കേസിൽ തുടർച്ചയായ പത്താം ദിവസവും ഒളിവിൽ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചിൽ മുപ്പത്തിരണ്ടാമത്തെ ഐറ്റമായി കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വൈവാഹിക ബലാത്സംഗ ആരോപണം അടിസ്ഥാനരഹിതമാണെന്നും, രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും, ഗർഭഛിദ്രത്തിന് താൻ നിർബന്ധിച്ചിട്ടില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രധാന വാദങ്ങൾ . തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
