തിരുവനന്തപുരം: ഡിസംബർ 10 ന് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ വിധി വരുന്നതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് യാതൊരു നടപടി സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം. 23 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ സമർപ്പിച്ച ഹർജി വഞ്ചിയൂർ സെഷൻസ് കോടതി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം, രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും.
ഹർജിയിൽ വിശദമായ വാദം കേട്ടതിനു ശേഷമാണ് കോടതിയുടെ ഉത്തരവ്. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുലിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. എന്നാൽ, നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
മറ്റൊരു ലൈംഗികാതിക്രമ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതിന് തൊട്ടു പിന്നാലെ, രണ്ടാമത്തെ കേസിൽ രാഹുൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് വന്നയുടനെയാണ് അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അതേസമയം, രാഹുലിനെതിരെ രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരി മൊഴി നൽകി. എസ്പി ജി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. പീഡിപ്പിക്കുന്നത് നിർത്താൻ അപേക്ഷിച്ചിട്ടും നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നാണ് പരാതിക്കാരി പറഞ്ഞത്. പലതവണ ഭീഷണിപ്പെടുത്തിയതായും സംഭവം തനിക്ക് ഉണ്ടാക്കിയ മാനസിക ആഘാതത്തിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടിയതായും പരാതിക്കാരി പറഞ്ഞു.
