വിവാദ പരാമർശങ്ങളിലൂടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വീണ്ടും വാർത്തകളിൽ ഇടം നേടി. കുടിയേറ്റക്കാര്‍ അമേരിക്കന്‍ സ്വപ്നം മോഷ്ടിക്കുന്നു’ എന്ന് രൂക്ഷമായ പരാമർശങ്ങൾ നടത്തിയതിനാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനം.
വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വീണ്ടും തന്റെ കടുത്ത കുടിയേറ്റ നയങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു അഭിപ്രായമാന് വിമർശനത്തിന് ഇടയാക്കിയത്. കൂട്ട കുടിയേറ്റത്തെ “അമേരിക്കൻ സ്വപ്നത്തിന്റെ മോഷണം” എന്നാണ് വാൻസ് വിശേഷിപ്പിച്ചത്, ഇത് അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസ്താവന വ്യാപകമായ പരിഹാസത്തിനും കാപട്യ ആരോപണങ്ങൾക്കും കാരണമായി. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ ഭാര്യ ഉഷ വാൻസിന്റെ ഇന്ത്യൻ വേരുകളെ ലക്ഷ്യം വച്ചുള്ള ട്രോളുകൾ. ഉഷയെയും കുട്ടികളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണമെന്ന് പോലും പല ഉപയോക്താക്കളും ആവശ്യപ്പെട്ടു.
2025 ഡിസംബർ 7-നാണ് വാൻസ് വിവാദപരമായ പോസ്റ്റ് എക്സിൽ പങ്കുവെച്ചത്. “ബഹുജന കുടിയേറ്റം അമേരിക്കൻ സ്വപ്നത്തിന്റെ മോഷണമാണ്. അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നു. അതിനെതിരെ സംസാരിക്കുന്ന ഏതൊരു പഠനങ്ങളോ റിപ്പോർട്ടുകളോ പഴയ വ്യവസ്ഥിതിയിൽ നിന്ന് ലാഭം നേടുന്നവരാണ് വാങ്ങുന്നത്,” ലൂസിയാനയിലെ ഒരു നിർമ്മാണ ബിസിനസുകാരന്റെ വീഡിയോയ്ക്കുള്ള മറുപടിയായിരുന്നു ഈ പോസ്റ്റ്.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐസിഇ) നടപടികൾ തൊഴിൽ വിപണിയിൽ മാറ്റങ്ങൾക്ക് കാരണമായെന്നും, കുടിയേറ്റ തൊഴിലാളികൾ ജോലിക്ക് വരാൻ മടിക്കുന്നുണ്ടെന്നും ബിസിനസുകാരൻ അവകാശപ്പെട്ടു. ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ നയങ്ങൾ ആവർത്തിക്കുന്നതായി വാൻസിന്റെ പ്രസ്താവന തോന്നി.
വാൻസിന്റെ പ്രസ്താവന ഉടൻ തന്നെ നെറ്റിസൺമാരിൽ നിന്ന് വിമർശനം ഏറ്റുവാങ്ങി. എഴുത്തുകാരൻ വജാഹത്ത് അലി എഴുതി, “ഇതിനർത്ഥം നിങ്ങൾ ഉഷയെയും അവരുടെ ഇന്ത്യൻ കുടുംബത്തെയും അവരുടെ മിശ്രവംശജരായ കുട്ടികളെയും ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഞങ്ങളെ അറിയിക്കണം, ആദ്യം നിങ്ങള്‍ തന്നെ മാതൃകയാകണം.”
“നിങ്ങളുടെ ഭാര്യ ഒരു ഇന്ത്യൻ കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളയാളല്ലേ?” എന്നാണ് മറ്റൊരു ഉപയോക്താവ് ചോദിച്ചത്. പലരും വാൻസിനെ കാപട്യക്കാരനാണെന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഉഷ ഇന്ത്യൻ വംശജയാണെന്നും കുടിയേറ്റ മാതാപിതാക്കൾക്ക് അമേരിക്കയിൽ ജനിച്ചതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്: ആൺമക്കളായ ഇവാൻ, വിവേക്, മകൾ മിറാബെൽ. വാട്സ് പറയുന്നതു പ്രകാരം അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അമേരിക്കൻ സ്വപ്നം മോഷ്ടിക്കുകയാണെന്നുപോലും പലരും അഭിപ്രായപ്പെട്ടു. വിവാദം ഇൻസ്റ്റാഗ്രാമിൽ പെട്ടെന്ന് പടരുകയും, #SendUshaBack എന്ന ഹാഷ്ടാഗില് ട്രെൻഡു ചെയ്യാനും തുടങ്ങി.
കുടിയേറ്റത്തെക്കുറിച്ചുള്ള വാന്‍സിന്റെ പ്രസ്താവന പുതിയതല്ല. അടുത്തിടെ പുറത്തിറങ്ങിയ ഒരു ന്യൂയോര്‍ക്ക് പോസ്റ്റ് പോഡ്കാസ്റ്റില്‍, അമേരിക്കക്കാര്‍ തങ്ങളെപ്പോലെ കാണപ്പെടുന്നവരോ ഒരേ ഭാഷയും സംസ്കാരവും പങ്കിടുന്നവരോ ആയ അയല്‍ക്കാരെ ഇഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. ബൈഡന് ഭരണകൂടം ഭിന്നിപ്പിക്കുന്ന കുടിയേറ്റ നയങ്ങളാണ് പിന്തുടര്‍ന്നതെന്നും അദ്ദേഹം ആരോപിച്ചു. ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമോ എന്ന് ചോദിച്ചപ്പോള്‍, “കഴിയുന്നത്രയും പേരെ ഞങ്ങള്‍ നാടുകടത്തും” എന്ന് വാന്‍സ് പറഞ്ഞു.
കൂടാതെ, കഴിഞ്ഞ മാസം നടന്ന ഒരു പരിപാടിയിൽ വാൻസ് തന്റെ ഹിന്ദു ഭാര്യ ഉഷയുടെ മതത്തെക്കുറിച്ചും അഭിപ്രായ പ്രകടനം നടത്തിയിരുന്നു. “ഉഷ എന്നെങ്കിലും ക്രിസ്തുമതത്തിലേക്ക് മതം മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കി. എന്നാല്‍, ഉഷയ്ക്ക് മതം മാറാൻ ഉദ്ദേശ്യമില്ലെന്നും അവരുടെ വിശ്വാസത്തെ താൻ ബഹുമാനിക്കുന്നുവെന്നും വാൻസ് പിന്നീട് വ്യക്തമാക്കി.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് ഈ വിവാദം. 2025 ഡിസംബർ 3-ന്, “ഉയർന്ന അപകടസാധ്യതയുള്ള” 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ USCIS താൽക്കാലികമായി നിർത്തി വെച്ചിരുന്നു. വാൻസിന്റെ പ്രസ്താവന റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ചർച്ചയ്ക്ക് തുടക്കമിട്ടു. ചിലർ ഇതിനെ വംശീയമായി കണക്കാക്കുന്നു. അഭിഭാഷകയായ ഉഷ വാൻസ്, അമേരിക്കയിലെ ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ, ഹിന്ദു സെക്കൻഡ് ലേഡിയാണ്.
