കൊച്ചി: വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിനാല്‍ ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഭാര്യ സുൽഫത്തിന്റെ പേര് പട്ടികയിൽ ഉണ്ട്. നടനും കുടുംബവും മുമ്പ് പനമ്പിള്ളി നഗറിലായിരുന്നു താമസിച്ചിരുന്നത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുമ്പ് മമ്മൂട്ടിയും കുടുംബവും എറണാകുളത്തേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പൊന്നുരുന്നി സികെസി എൽപി സ്കൂളിൽ വോട്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. തിരക്കേറിയ ഷെഡ്യൂളുകൾ മാറ്റിവെച്ച് വോട്ട് ചെയ്യുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി.
അതേസമയം, നടൻ ആസിഫ് അലി ഉൾപ്പെടെ നിരവധി പേർ വോട്ട് രേഖപ്പെടുത്തി. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 17-ാം വാർഡിലെ വോട്ടറാണ് അദ്ദേഹം. ഇടുക്കി തൊടുപുഴ കുംഭങ്കല്‍ ബി ടി എം സ്കൂളിലാണ് രാവിലെ തന്നെ ആസിഫ് അലി വോട്ട് ചെയ്യാനെത്തിയത്. സഹോദരന്‍ അസ്കര്‍ അലിയും ആസിഫിനൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു. തൊടുപുഴ നഗരസഭയിലെ പതിനേഴാം വാർഡിലെ വോട്ടറാണ് ആസിഫ് അലി. എന്ത് തിരക്കാണെങ്കിലും വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്ന് ആസിഫ് അലി പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്. തന്‍റെ ചുറ്റും തെരഞ്ഞെടുപ്പും രാഷ്‌ട്രീയവുമുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം താരം പറഞ്ഞു.
വോട്ട് ചെയ്തതിന് ശേഷമുള്ള സന്തോഷം നടിയും അവതാരകയുമായ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മഷി പുരട്ടിയ വിരലിന്റെ ചിത്രം അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും തലസ്ഥാനത്തെ ജവഹർ നഗറിലെ എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം തിലകണിയുമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണം ബി ജെ പിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയാണ് സുരേഷ് ഗോപി പ്രകടിപ്പിച്ചത്. രാവിലെ 6.35 ഓടെ സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്യാന്‍ എത്തിയത് തിരുവന്തപുരം ശാസ്‌തമംഗലത്തെ എന്‍ എസ് എസ് സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേക്ക് വോട്ട് മാറ്റിയ സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തത് തിരുവനന്തപുരത്താണ്. വോട്ട് ചെയ്‌ത ശേഷം പാര്‍ലമെന്‍റില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകും.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 36,630 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 മണിക്ക് അവസാനിക്കും. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

