നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് നീതി ലഭിച്ചു: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചുവെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു . ഇന്ന് (ചൊവ്വാഴ്ച) രാവിലെ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ അടുത്ത പരിചയക്കാരൻ എന്ന നിലയിൽ താൻ “വ്യക്തിപരമായി സന്തോഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.

കേസിലെ ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ വിധി “തൃപ്തികരമല്ല” എന്ന് പറഞ്ഞ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ നിലപാട്. വിധി “ആശ്വാസം” നൽകുന്നതാണെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന് ഇത് സഹായകമാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു.

“ഞങ്ങൾ എല്ലാവരും അതിജീവിതയോടൊപ്പമാണെന്ന് പറയുമ്പോൾ തന്നെ, എല്ലാവർക്കും നീതി ലഭിക്കണമെന്ന് കൂടി പറയേണ്ടതുണ്ട്. ദിലീപിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് ഇപ്പോൾ നീതി ലഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. എനിക്കും അങ്ങനെ തന്നെ തോന്നി,” അടൂര്‍ പ്രകാശ് പറഞ്ഞു.

വിധിക്കെതിരെ അപ്പീൽ പോകാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. “ഈ സർക്കാരിന് മറ്റ് ജോലികളൊന്നുമില്ലാത്തതിനാൽ തീർച്ചയായും വിധിക്കെതിരെ അപ്പീൽ പോകും. ആളുകളെ കള്ളക്കേസിൽ കുടുക്കുകയുമാണ് അവരുടെ ലക്ഷ്യം,” ദ്ദേഹം പറഞ്ഞു.

ദിലീപിനെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, അത് യുഡിഎഫ് കൺവീനറുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. “തുടക്കം മുതൽ തന്നെ, അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്,” അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജ്ജ്, അടൂര്‍ പ്രകാശിന്റെ വാക്കുകൾ “അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ സംഘടനയുടെയും സ്ത്രീവിരുദ്ധ നിലപാടിനെ പ്രതിഫലിപ്പിക്കുന്നു” എന്നാണ് വിശേഷിപ്പിച്ചത്.

കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ചതിലൂടെ, സർക്കാർ ദിലീപിനെ ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രകാശിന്റെ വാദത്തെ ഖണ്ഡിക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ശ്രമിച്ചു.

കേസിൽ വിചാരണ കോടതി കുറ്റവിമുക്തരാക്കിയ നാല് പേരെയും “കുറ്റവിമുക്തരാക്കാനോ പ്രതിചേർക്കാനോ അല്ല” ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പോകുന്നതെന്ന് ചെറിയാൻ ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

“കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ അതിജീവിയ്ക്ക് നീതി ലഭിച്ചു, കുറ്റകൃത്യത്തിൽ പ്രതികളായ ആറ് പേരെയും ശിക്ഷിച്ചു. എന്നാല്‍, തെളിവുകളുടെ അഭാവത്തിൽ കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയവരെ കോടതി വെറുതെവിട്ടു. സ്വാഭാവികമായും, സംസ്ഥാന പക്ഷം അപ്പീൽ പോകേണ്ടിവരും. വിഷയത്തിൽ ഉന്നത കോടതികൾ തീരുമാനമെടുക്കട്ടെ”, അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർമാർ യുഡിഎഫിനെ ശിക്ഷിക്കും: ബിനോയ് വിശ്വം
“അതിജീവിതയോടൊപ്പം നിൽക്കാത്തതിന് വോട്ടർമാർ യുഡിഎഫിനെ ശിക്ഷിക്കും” എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

“രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലുള്ള ഒരാളോടൊപ്പം നിന്ന യുഡിഎഫ്, ഈ കേസിൽ ആരോപിക്കപ്പെടുന്ന സൂത്രധാരനോടൊപ്പം നിൽക്കും. അടൂര്‍ പ്രകാശിന്റെ അഭിപ്രായം കേട്ട ഒരു സ്ത്രീയും യുഡിഎഫിനോ ബിജെപിയിലെ അവരുടെ കൂട്ടാളികൾക്കോ ​​വോട്ട് ചെയ്യില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എല്ലാ പാർട്ടികളും അതിജീവിതയോടൊപ്പം നിൽക്കുന്നു. കുറ്റകൃത്യത്തിന്റെ സൂത്രധാരൻ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ കേസിലെ വിധി അന്തിമമല്ല,” അദ്ദേഹം പറഞ്ഞു.

സർക്കാർ സ്വീകരിച്ച നിലപാട് ശരിയായിരുന്നു: ശശി തരൂർ
വിചാരണ കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുന്നതിൽ സംസ്ഥാന സർക്കാർ “ശരിയായ നിലപാടാണ്” സ്വീകരിച്ചതെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. യുഡിഎഫ് കൺവീനർമാരെക്കുറിച്ച് ചോദിച്ചപ്പോൾ, “വ്യക്തികൾക്ക് അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകാം, പക്ഷേ അത്തരമൊരു സംഭവം സംഭവിക്കുമ്പോൾ, എല്ലാവരും അതിജീവിതയോടൊപ്പം നിൽക്കണം” എന്ന് തരൂർ പറഞ്ഞു.

“തനിക്കു നീതി ലഭിച്ചുവെന്ന് അതിജീവിതയ്ക്ക് തോന്നണം. ഈ മുഴുവൻ സംഭവവും എങ്ങനെ സംഭവിച്ചുവെന്നും ഇതിനെല്ലാം പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നും ഇപ്പോഴും ചോദ്യങ്ങൾ നിലനിൽക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, വിധിക്കെതിരെ അപ്പീൽ നൽകുന്നതിൽ സർക്കാർ ശരിയായ നടപടി സ്വീകരിച്ചു. ഈ വിധി ശരിയാണോ എന്ന് ഉന്നത കോടതികൾ തീരുമാനിക്കട്ടെ,” അദ്ദേഹം പറഞ്ഞു.

Leave a Comment

More News