ദോഹ: കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് (KMEB) നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ഖത്തറിലെ അൽ മദ്റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. ജി സി സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അര ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ ഖത്തറിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾ സ്റ്റേറ്റ് ടോപ്പേഴ്സ് ലിസ്റ്റിൽ ഇടം നേടി.
അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിലെ ഐഹാൻ മുഹമ്മദ് (ക്ലാസ് 2), അബീദ് റഹ്മാൻ ഖാസിം (ക്ലാസ് 9) അൽ മദ്റസ അൽ ഇസ്ലാമിയ – ശാന്തിനികേതൻ വക്റയിലെ ആമിന മർയം (ക്ലാസ് 8), അൽഖോർ മദ്റസയിലെ അർഹം ആദിൽ (ക്ലാസ് 4), എന്നിവരാണ് ടോപ്പേഴ്സ് ലിസ്റ്റിൽ ഇടം നേടിയത്. അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിലെ പതിനേഴ് കുട്ടികൾ എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ വക്റ ശാന്തി നികേതൻ മദ്റസയിലെ ഇരുപത്തിരണ്ട് പേരും അൽ മദ്റസ അൽ ഇസ്ലാമിയ അൽഖോറിലെ നാല് വിദ്യാർത്ഥികളും അൽ മദ്റസ അൽ ഇസ്ലാമിയ മദീന ഖലീഫയിലെ ഏഴ് വിദ്യാർത്ഥികളും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി.
ഖുർആൻ, ഹദീസ്, ചരിത്രം, കല, സാഹിത്യം, പൊതു വിജ്ഞാനം, കായികം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ സിലബസ് പ്രകാരമാണ് പരീക്ഷ നടന്നത്.
വിജയികളെ സി ഐ സി പ്രസിഡന്റ് ആർ. എസ് അബ്ദുൽ ജലീൽ, സി ഐ സി മദ്റസ എഡ്യൂക്കേഷൻ ബോർഡ് ഭാരവാഹികൾ, പി ടി എ ഭാരവാഹികൾ പ്രധാനാധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
